മൊബൈല്‍ ഗെയിമായ പബ്ജി കളിച്ചതിനെ തുടര്‍ന്ന് ഗുജറാത്തിലെ രാജ്കോട്ടില്‍ പത്തോളം പേരെ പൊലീസ് അറസ്റ്റ് ചെയ്തു. മാര്‍ച്ച് ആറ് മുതല്‍ രാജേകോട്ടില്‍ പബ്ജി ഗെയിമിന് നിരോധനം ഏര്‍പ്പെടുത്തിയിരുന്നു. ഇത് മറികടന്നതിനെ തുടര്‍ന്നാണ് ഇവരെ അറസ്റ്റ് ചെയ്തതെന്നും പൊലീസ് വ്യക്തമാക്കി.
അറസ്റ്റ് ചെയ്യപ്പെട്ടവരില്‍ ആറ് പേര്‍ ബിരുദ വിദ്യാര്‍ഥികളാണ്. അതേസമയം അറസ്റ്റ് ചെയ്യപ്പെട്ടവര്‍ക്ക് ജാമ്യം ലഭിക്കുമെന്നും ഉത്തരവ് പാലിക്കാത്തതിന് ഇവര്‍ കോടതിയില്‍ വിചാരണ നേരിട്ടാല്‍ മതിയെന്നും പൊലീസ് കമ്മീഷണര്‍ മനോജ് അഗര്‍വാള്‍ പറഞ്ഞു. രാജ്കോട്ടിന് പുറമെ വഡോദരയിലും ആനന്ദിലും പബ്ജിക്ക് നിരോധനം ഏര്‍പ്പെടുത്തിയിട്ടുണ്ട്. സൂറത്തിലാണ് ഗെയിം ആദ്യമായി നിരോധിച്ചത്. പരീക്ഷാക്കാലമായതിനാലാണ് പബ്ജി നിരോധിച്ചിരിക്കുന്നത് എന്നാണ് അധികൃതര്‍ നല്‍കുന്ന വിശദീകരണം. എന്നാല്‍ ഗെയിമിന് രാജ്യത്താകമാനം നിരോധനം ഏര്‍പ്പെടുത്തണമെന്നും ഒരു വിഭാഗം വാദിക്കുന്നുണ്ട്.