തൃശൂര്‍: പെരിങ്ങോട്ടുകര താന്ന്യത്ത് ഒരു വയസുള്ള കുഞ്ഞിനെ നാടോടി സ്‌ത്രീ കുറ്റിക്കാട്ടിലേക്ക് വലിച്ചെറിഞ്ഞു. താന്ന്യം ഗവണ്‍മെന്‍റ് സ്‌കൂളിന് സമീപമായിരുന്നു സംഭവം. കൊടുങ്ങല്ലൂർ പൊക്ലായിൽ താമസിക്കുന്ന നാല്‍പ്പതുകാരിയായ സരസ്വതി ആണ് പിടിയിലായത്.
കുഞ്ഞിനെ കുറ്റിക്കാട്ടിലേക്ക് വലിച്ചെറിഞ്ഞു; നാടോടി സ്ത്രീ പിടിയില്‍ - crimr news kerala
കുഞ്ഞിനെ കാലില്‍ പിടിച്ച് റോഡിനപ്പുറത്തേക്കുള്ള കുറ്റിക്കാട്ടിലേക്ക് വലിച്ചെറിയുകയായിരുന്നു. മദ്യലഹരിയിലാണ് സ്ത്രീ കുഞ്ഞിനെ അപായപ്പെടുത്താന്‍ ശ്രമിച്ചത്.

മദ്യലഹരിയിൽ കുഞ്ഞിനെ റോഡിലേക്ക് തള്ളിയിടുന്നത് വിദ്യാര്‍ഥികളാണ് കണ്ടത്. വിദ്യാർഥികളെ കണ്ടയുടനെ ഇവർ കുട്ടിയുടെ കാലിൽപിടിച്ച് റോഡിനപ്പുറത്തേക്കുള്ള കുറ്റിക്കാട്ടിലേക്ക് കുഞ്ഞിനെ വലിച്ചെറിഞ്ഞു. ഇതു ശ്രദ്ധയിൽപ്പെട്ട വിദ്യാർഥികൾ നാട്ടുകാരെ വിളിച്ചുകൂട്ടി. തുടര്‍ന്ന് ഇവരെ തടഞ്ഞുവെച്ച് ചൈൽഡ്‌ലൈൻ പ്രവർത്തകരേയും പഞ്ചായത്ത് അധികൃതരേയും അന്തിക്കാട് പൊലീസിനേയും വിവരമറിയിച്ചു. തമിഴ് കലർന്ന മലയാളം സംസാരിക്കുന്ന സ്‌ത്രീയിൽ നിന്നും വിവരങ്ങൾ തിരക്കിയ പൊലീസ് ഇവർ കൊടുങ്ങല്ലൂർ പൊക്ലായ് പ്രദേശത്താണ് താമസിക്കുന്നതെന്ന് മനസ്സിലാക്കി. നാടോടി സ്‌ത്രീയേയും കുഞ്ഞിനേയും ഇവരുടെ താമസ സ്ഥലത്തെത്തിച്ചു.
നാടോടി കുടുംബങ്ങൾ കൂട്ടമായി ക്യാമ്പ് ചെയ്യുന്ന പൊക്ലായ് ബിവറേജിന് സമീപത്ത് ഇവരുടെ കൂടെയുള്ളവരെ കണ്ടെത്തുകയും സ്‌ത്രീയുടെ സഹോദരന്‍റെ കൈവശം കുട്ടിയെ ഏൽപ്പിക്കുകയും ചെയ്‌തിട്ടുണ്ട്. മുലയൂട്ടുന്ന പ്രായത്തിലുള്ള കുഞ്ഞായതുകൊണ്ട് ചൈൽഡ്‌ലൈൻ പ്രവർത്തകർ കുഞ്ഞിനെ സംരക്ഷിക്കുന്നതിനായുള്ള നടപടി ക്രമങ്ങൾ സ്വീകരിച്ചുവരുന്നതേയുള്ളൂ. നാടോടി ക്യാമ്പിൽ സ്ഥിരം പ്രശ്‌നക്കാരിയായ സരസ്വതിക്ക് അഞ്ച് മക്കളുണ്ട്. പഠിക്കാൻ മിടുക്കുള്ള മൂത്തകുട്ടിയെ പ്രദേശത്തെ ഒരു കുടുംബം സംരക്ഷിച്ച് വിദ്യാഭ്യാസം നൽകുന്നുണ്ട്. മറ്റ് നാല് കുട്ടികളേയും കൊണ്ടാണ് ഇവർ തെരുവിലിറങ്ങുന്നത്. ഭർത്താവ് കിടപ്പുരോഗിയാണ്. അന്തിക്കാട് അഡീഷണൽ എസ്.ഐ മണികണ്ഠന്‍റെ നേതൃത്വത്തിലാണ് കുഞ്ഞിനെ സംരക്ഷിക്കുന്നതിനുള്ള നടപടികൾ സ്വീകരിച്ചത്.