സമ്മാനത്തുക അടിച്ചതായി വിശ്വസിപ്പിച്ച് വീട്ടമ്മയിൽ നിന്ന് പണംതട്ടിയ ആഫ്രിക്കൻ വംശജനായ വിദ്യാർഥിയെ കോതമംഗലം പൊലീസ് പിടികൂടി. ആഫ്രിക്കയിലെ താൻസാനിയ സ്വദേശിയായ അന്റോണി മ്ലാഷ്നിയാണ് മുംബൈ വിമാനത്താവളത്തിൽ വച്ച് പൊലീസിന്റെ പിടിയിലായത്. സാംസങ് കമ്പനിയിൽ നിന്നും അഞ്ച് ലക്ഷം രൂപ സമ്മാനം ലഭിച്ചതായി തെറ്റിദ്ധരിപ്പിച്ചാണ് കോതമംഗലം ചെറുവട്ടൂർ സ്വദേശി ഗ്രേസിയിൽ നിന്ന് പ്രതി 25000 രൂപ തട്ടിയെടുത്തത്.
വീട്ടമ്മയുടെ പണം തട്ടിയ ആഫ്രിക്കൻ വിദ്യാർഥി പിടിയിൽ - agrican
സാംസങിൽ നിന്നും അഞ്ച് ലക്ഷം രൂപ സമ്മാനം ലഭിച്ചെന്ന് തെറ്റിദ്ധരിപ്പിച്ചാണ് 25000 രൂപ തട്ടിയെടുത്തത്. മുംബൈ വിമാനത്താവളത്തിലെത്തില്‍ നിന്നാണ് അന്റോണിയെ കസ്റ്റഡിയിലെടുത്തത്.
2016 ഒക്ടോബർ 20നാണ് കേസിനാസ്പദമായ സംഭവം. ഗ്രേസിയുടെ മൊബൈൽ ഫോണിലേക്ക് അഞ്ച് ലക്ഷം രൂപ സമ്മാനം കിട്ടിയതായി സന്ദേശവും തുടർന്ന് അന്റോണിയുടെ ഫോണ്‍ വിളിയും വന്നു. സമ്മാനത്തുകയുടെ നികുതിയായ 25000 രൂപ ഇയാളുടെ ഹൈദരാബാദിലുള്ള ബാങ്ക് ഓഫ് ബറോഡ ശാഖയിലെ അക്കൗണ്ടിലേക്ക് നിക്ഷേപിക്കണമെന്ന് അറിയിച്ചു. തുക നിക്ഷേപിച്ച് കഴിഞ്ഞ് മാസങ്ങൾ കഴിഞ്ഞിട്ടും സമ്മാനം കിട്ടാതെ വന്നപ്പോഴാണ് ഗ്രേസി തട്ടിപ്പിന് ഇരയായതാണെന്ന് മനസിലാക്കുന്നത്. തുടർന്ന് 2017 ജൂണിൽ കോതമംഗലം പൊലീസിൽ പരാതി നൽകി. പ്രതിയെ കണ്ടെത്താനാവാതെ വന്നതോടെ പൊലീസ് ലുക്ക്ഔട്ട് നോട്ടീസും പുറപ്പെടുവിച്ചു.
മാര്‍ച്ച് നാലിന് ബ്രിട്ടണിലേക്ക് പോകാനായി മുംബൈ വിമാനത്താവളത്തിലെത്തിയ അന്റോണിയെ വിമാനത്താവളത്തിൽ തടഞ്ഞുവച്ച് മുംബൈ പൊലീസിന് കൈമാറുകയായിരുന്നു. പിന്നീട് കോതമംഗലം പൊലീസെത്തി പ്രതിയെ കസ്റ്റഡിയിലെടുത്തു. പ്രതി ചോദ്യംചെയ്യലിനോട് സഹകരിക്കുന്നില്ലെന്നാണ് അറിയുന്നത്. കൂടുതൽ പേരെ ഇത്തരത്തിൽ തട്ടിപ്പിന് ഇരയാക്കിയിട്ടുണ്ടോ, കൂട്ടുപ്രതികളുണ്ടോ തുടങ്ങിയ വിവരങ്ങളാണ് പൊലീസ് പരിശോധിക്കുന്നത്. ഹൈദരാബാദ് ഉസ്മാനിയ യൂണിവേഴ്സിറ്റിയിൽ പഠിക്കാൻ എത്തിയതാണ് അന്റോണി മ്ലാഷ്നി. അഞ്ച് വർഷം ഇവിടെ പഠിച്ചിരുന്നതായാണ് പൊലീസിന് ലഭിക്കുന്ന വിവരം. പ്രതിയുടെ പാസ്പോർട്ട് ഉൾപ്പടെയുള്ള രേഖകളും പൊലീസിന് ലഭിച്ചിട്ടുണ്ട്. പണം തിരിച്ച് നൽകി കേസ് അവസാനിപ്പിക്കാനും ചില വക്കീലന്മാർ ഇടനിലക്കാരായി നീക്കം നടക്കുന്നതായാണ് വിവരം. പ്രതിയെ ഇന്ന് കോടതിയിൽ ഹാജരാക്കി.