തിരുവനന്തപുരം:വാഹനാപകടത്തിൽ പരിക്കേറ്റ രണ്ടുവയസുള്ള കുട്ടിയേയും മാതാവിനെയും കാറിൽ നിന്നിറക്കിയിട്ട സംഭവത്തില്‍ കാർ ഡ്രൈവർ കൊട്ടാരക്കര സ്വദേശി സജിമാത്യു കഴക്കൂട്ടം പൊലീസിൽ കീഴടങ്ങി. ശ്രീകാര്യം ഗാന്ധിപുരത്തിനടുത്ത് ദേശീയപാതയിൽ ഡിസംബർ 28നാണ് അപകടം. ചെമ്പഴന്തി അണിയൂർ തട്ടാംകോണം അരവിന്ദത്തിൽ രേഷ്മയ്ക്കും രണ്ട് വയസുള്ള ആരുഷിനുമാണ് പരിക്കേറ്റത്. ഇവർ സഞ്ചരിച്ചിരുന്ന സ്കൂട്ടറിനെ സജിമാത്യു ഓടിച്ചിരുന്ന മാരുതി സ്വിഫ്റ്റ് ഡിസൈർ കാർ ഇടിച്ചു വീഴ്ത്തുകയായിരുന്നു.
മുഖത്ത് ഗുരുതരമായി പരിക്കേറ്റ് ചോരവാർന്ന ആരുഷിനെയും കാലിന് പരിക്കേറ്റ മാതാവ് രേഷ്മയെയും ആദ്യം കാറിൽ കൊണ്ട് പോകാൻ തയാറാകാതെ വന്നപ്പോൾ അവിടെ കൂടിയ ബൈക്കുയാത്രികരായ രണ്ടുപേർ ഇയാളുടെ കാറിൽ ബലമായി കയറ്റി ആശുത്രിയിലേക്ക് വിടുകായിരുന്നു. വഴിയിൽ വച്ച് കാറിലുണ്ടായിരുന്ന മറ്റൊരു സ്ത്രീ കുഞ്ഞിന്‍റെ രക്തം കാറിൽ വീഴരുതെന്ന് പറഞ്ഞതായും കൂടാതെ കാർ വേഗത്തിൽ പോകണമെന്ന് രേഷ്മ പറഞ്ഞപ്പോൾ പതുക്കെ പോകാനെ പറ്റുവെന്നും കാർ ഉടമ പറഞ്ഞതിനെ തുടർന്ന് വാക്കേറ്റമാകുകയും തുടർന്ന് കുട്ടിയെയും മാതാവിനെയും വഴിയിൽ ഇറക്കിവിട്ടുമെന്നുമാണ് പരാതി. തുടർന്ന് അതുവഴി വന്ന ഓട്ടോറിക്ഷയിലാണ് കുട്ടിയെ ആശുപത്രിയിൽ എത്തിച്ചത്. പരിക്ക് ഗുരുതരമായതിനാൽ കുഞ്ഞിനെ പ്ലാസ്‌റ്റിക് സര്‍ജറിക്ക് വിധേയമാക്കിയിരുന്നു.