കൊച്ചി: ബ്രോഡ് വേ മാർക്കറ്റിലെ വ്യാപാരിയെ കുത്തി കൊലപ്പെടുത്തിയ കേസിലെ പ്രതി കാരപ്പായി ഷാജിക്ക് ജീവപര്യന്തം. എറണാകുളം അഡീഷണൽ സെഷൻസ് കോടതിയാണ് ജീവപര്യന്തം തടവും രണ്ട് ലക്ഷം രൂപ പിഴയും വിധിച്ചത്. പിഴയടച്ചില്ലെങ്കിൽ ആറു മാസം കൂടുതൽ തടവ് അനുഭവിക്കണം. 2013ലാണ് കൊച്ചി ബ്രോഡ് വേ മാർക്കറ്റിലെ കിങ്ങ് ഷു മാർട്ട് ഉടമയും പൊതു പ്രവർത്തകനുമായ ഷംസുദീനെ, നെട്ടൂർ മാർക്കറ്റ് റോഡിൽ വെച്ച് പ്രതി ഷാജി കുത്തി കൊലപ്പെടുത്തിയത്.
ബ്രോഡ് വേ മാർക്കറ്റിലെ വ്യാപാരിയുടെ കൊലപാതകം; പ്രതിക്ക് ജീവപര്യന്തം ശിക്ഷ
പിഴയടച്ചില്ലെങ്കിൽ ആറു മാസം കൂടുതൽ തടവ് അനുഭവിക്കണം. 2013ലാണ് കൊച്ചി ബ്രോഡ് വേ മാർക്കറ്റിലെ കിങ്ങ് ഷു മാർട്ട് ഉടമയും പൊതു പ്രവർത്തകനുമായ ഷംസുദീനെ, നെട്ടൂർ മാർക്കറ്റ് റോഡിൽ വച്ച് പ്രതി ഷാജി കുത്തി കൊലപ്പെടുത്തിയത്
വസ്തു കച്ചവടം നടത്തിയതിന്‍റെ പേരിലുള്ള കമ്മീഷനുമായി ബന്ധപ്പെട്ട തർക്കത്തെ തുടർന്നായിരുന്നു കൊലപാതകം. ദൃക്‌സാക്ഷികളില്ലാത്ത കേസിൽ സാഹചര്യ തെളിവുകളുടെയും ശാസ്ത്രീയ തെളിവുകളുടെയും അടിസ്ഥാനത്തിലാണ് കുറ്റപത്രം സമർപ്പിച്ചത്. ഇപ്പോൾ ആലുവ ഡി.വൈ.എസ്.പിയായ ജി.വേണുവായിരുന്നു അന്വേഷണ ഉദ്യോഗസ്ഥൻ. 28 സാക്ഷികളെയാണ് കേസിൽ വിസ്തരിച്ചത്.
സാക്ഷികൾ ഭൂരിഭാഗം പേരും കൂറുമാറിയിരുന്നു. ഈ കേസിൽ സ്‌പെഷ്യല്‍ പബ്ലിക്ക് പ്രോസിക്യൂട്ടർമാരായി അഡ്വ എ.മമ്മദും, അഡ്വ ടി.ആർ. എസ്. കുമാറുമാണ് ഹാജരായത്. 2013 ജൂൺ ഏഴിന് കൊച്ചിയെ നടുക്കിയ കൊല നടത്തിയ പ്രതിക്ക് 2020ൽ അതേ മാസത്തിൽ തന്നെയാണ് ജീവപര്യന്തം ശിക്ഷ ലഭിച്ചത്. എറണാകുളം അഡീഷണൽ സെഷൻസ് ജഡ്‌ജി കെ.ബിജു മേനോനാണ് ശിക്ഷ വിധിച്ചത്.