കണ്ണൂർ: പെരുമ്പടവിൽ ഇതര സംസ്ഥാന തൊഴിലാളികള്‍ക്ക് നേരെ പൊലീസ് ചമഞ്ഞ് അക്രമവും കൊള്ളയും നടത്തിയ സംഭവത്തില്‍ എട്ടുപേരെ പെരിങ്ങോം പൊലീസ് അറസ്റ്റ് ചെയ്തു. ശനിയാഴ്ച അര്‍ധ രാത്രിയോടെ പെരുമ്പടവ് കരിപ്പാല്‍ റോഡിലെ ക്വാട്ടേഴ്‌സില്‍ താമസിക്കുന്ന അഞ്ച് ഇതര സംസ്ഥാന തൊഴിലാളിക്ക് നേരെയാണ് അക്രമം നടന്നത്. രാത്രിയില്‍ ബഹളം കേട്ട് എത്തിയ നാട്ടുകാരാണ് അക്രമികളെ തടഞ്ഞുവച്ച് പോലീസിനെ വിവരമറിയിച്ചത്. അറസ്റ്റിലായവരെ കോടതി റിമാന്‍ഡ് ചെയ്തു.
പൊലീസ് ചമഞ്ഞ് ഇതര സംസ്ഥാന തൊഴിലാളികളെ ആക്രമിച്ചു; എട്ട് പേര്‍ പിടിയില്‍
തൊഴിലാളികള്‍ താമസിക്കുന്ന ക്വാര്‍ട്ടേഴ്‌സില്‍ നിന്നും 54,000 രൂപയും തിരിച്ചറിയല്‍ കാര്‍ഡും അക്രമികള്‍ കവര്‍ന്നതായി പരാതിയുണ്ട്. നാട്ടുകാരാണ് പ്രതികളെ പിടികൂടി പൊലീസില്‍ എല്‍പ്പിച്ചത്
കരിപ്പാല്‍ ചാത്തമംഗലത്തെ മാണിക്കോത്ത് പട്ടുവക്കര സ്വരാജ് (24), വെള്ളക്കാട്ടെ ചീയഞ്ചേരി വാഴവളപ്പില്‍ അജേഷ് (32), പെരുമ്പടവ് തയ്യില്‍ ഹൗസില്‍ ടി.ജെ ജിജോ (29), അടുക്കം വാറ്റുപാറയില്‍ സജോ (29), വെള്ളോറ ചെക്കന്‍റകത്ത് ഷുഹൈബ് (38), അടുക്കത്തെ വേങ്ങയില്‍ കുപ്പാടകത്ത് ഷിബു (38), പാറത്തോട്ടത്തില്‍ മനോജ് (40), വെള്ളോറയിലെ ദീപക് ലോറന്‍സ് (20) എന്നിവരെയാണ് പെരിങ്ങോം എസ്.ഐ പി.സി സഞ്ജയ് കുമാറിന്‍റെ നേതൃത്വത്തില്‍ അറസ്റ്റ് ചെയ്തത്. അക്രമത്തില്‍ അസം സ്വദേശി രഞ്ജന്‍ അലി (30) ക്ക് പരിക്കേറ്റിരുന്നു. ക്വാര്‍ട്ടേഴ്‌സില്‍ നിന്നും 54,000 രൂപയും തിരിച്ചറിയല്‍ കാര്‍ഡും അക്രമികള്‍ കവര്‍ന്നതായി പരാതിയുണ്ട്. ശനിയാഴ്ച തൊഴിലാളികള്‍ക്ക് കൂലി കിട്ടയതറിഞ്ഞാണ് സംഘം എത്തിയത്.
ഇക്കഴിഞ്ഞ ദേശീയ പണിമുടക്ക് ദിനത്തിലും സമാനമായ സംഭവം നടന്നിരുന്നു. അന്ന് അക്രമികള്‍ 40,000 രൂപയും മൊബൈല്‍ ഫോണും കവര്‍ന്നു. അന്ന് ഭയം കൊണ്ട് തൊഴിലാളികള്‍ പരാതി പറഞ്ഞിരുന്നില്ല. നിരന്തരം ഇതര സംസ്ഥാന തൊഴിലാളികള്‍ക്കെതിരെ ഈ മേഖലയില്‍ ആക്രമണം ഉണ്ടാകാറുണ്ട്. നേരത്തെ അക്രമത്തില്‍ പരിക്കേറ്റ ഒരു തൊഴിലാളിയെ പരിയാരം മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചിരുന്നു. പെരുമ്പടവ് മേഖലയില്‍ വ്യാജ മദ്യവില്‍പ്പനയ്ക്കും സാമൂഹ്യവിരുദ്ധ പ്രവര്‍ത്തനത്തിനും നേതൃത്വം നല്‍കുന്നവരാണ് അക്രമത്തിന് പിന്നിലെന്നാണ് നാട്ടുകാര്‍ പറയുന്നത്.