ചെന്നൈ:ഐ.ഐ.ടിയില്‍ മലയാളി വിദ്യാര്‍ഥി ഫാത്തിമ ലത്തീഫിനെ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ അധ്യാപകനെതിരെ ഫാത്തിമ ലത്തീഫിന്‍റെ കുടുംബം. കേസില്‍ ആരോപണവിധേയനായ ഐഐടി അധ്യാപകന്‍ സുദര്‍ശന്‍ പത്‌മനാഭന്‍ ഫാത്തിമയെ ഉപദ്രവിച്ചിരുന്നുവെന്നും, ഫാത്തിമയ്‌ക്ക് ഈ അധ്യാപകനെ ഭയമായിരുന്നുവെന്നും ഫാത്തിമയുടെ പിതാവ് അബ്‌ദുല്‍ ലത്തീഫ് പറഞ്ഞു.
അധ്യാപകനെതിരെ ആരോപണവുമായി ഫാത്തിമ ലത്തീഫിന്‍റെ കുടുംബം ചെന്നൈയില്‍ തമിഴ്‌നാട് മുഖ്യമന്ത്രി എടപ്പാടി പളനിസ്വാമിയെ കാണാനെത്തിയപ്പോഴായിരുന്നു അബ്‌ദുല്‍ ലത്തീഫിന്‍റെ പ്രതികരണം. കേസില്‍ ശക്‌തമായി അന്വേഷണം നടത്തണമെന്നാവശ്യപ്പെട്ട് ഫാത്തിമയുടെ പിതാവ് മുഖ്യമന്ത്രിക്ക് കത്തു നല്‍കി.
പഠനത്തില്‍ മിടുക്കിയായിരുന്ന മകളെ സുദര്‍ശന്‍ പത്‌മനാഭന്‍ അനാവശ്യമായി ഉപദ്രവിക്കുമായിരുന്നു. അത് വ്യക്‌തമാക്കുന്ന തെളിവുകള്‍ തന്‍റെ പക്കലുണ്ടെന്നും അബ്‌ദുല്‍ ലത്തീഫ് പറഞ്ഞു. എല്ലാ തെളിവുകളും ഡി.ജി.പിക്ക് കൈമാറിയിട്ടുണ്ട്. തമിഴ്‌നാട് സര്‍ക്കാരിലും, പൊലീസിലും തനിക്ക് വിശ്വാസമുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
സംഭവം ആത്‌മഹത്യയല്ലെന്ന വാദത്തില്‍ പിതാവ് ഉറച്ച് നില്‍ക്കുകയാണ്. റൂം പരിശോധിച്ചപ്പോള്‍ മുറിയാകെ അലങ്കോലപ്പെട്ടു കിടക്കുകയായിരുന്നു. ഫാനില്‍ കയറുകളൊന്നും കണ്ടില്ല. പിന്നീട് അവിടുത്തെ സിസിടിവി ദൃശ്യങ്ങള്‍ ആവശ്യപ്പെട്ടപ്പോള്‍ അത് തരാന്‍ അധികൃതര്‍ തയാറായില്ലെന്നും അബ്‌ദുല്‍ ലത്തീഫ് പറഞ്ഞു. ഇതെല്ലാം സംഭവത്തിന്‍റെ ദുരൂഹത വര്‍ദ്ധിപ്പിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.