ന്യൂഡല്‍ഹി: 25 കാരിയെ ദുരഭിമാനത്തിന്‍റെ പേരില്‍ കൊലപ്പെടുത്തിയ കേസില്‍ പെണ്‍കുട്ടിയുടെ മാതാപിതാക്കളടക്കം ആറ് ബന്ധുക്കളെ പൊലീസ് അറസ്‌റ്റ് ചെയ്‌തു. ഡല്‍ഹി ന്യൂ അശോക് നഗറിലെ താമസക്കാരിയായിരുന്ന ശീതള്‍ ചൗധരിയാണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ പെണ്‍കുട്ടിയുടെ അമ്മ സുമന്‍, അച്ഛന്‍ രവീന്ദ്ര അമ്മാവന്‍മാരായ സഞ്ജയ്, ഓം പ്രകാശ്, അമ്മാവന്‍റെ മക്കളായ പര്‍വേസ്, അംഗിത് എന്നിവരെയാണ് പൊലീസ് അറസ്‌റ്റ് ചെയ്‌തിരിക്കുന്നത്. ജനുവരി പതിനെട്ടിനാണ് കൊലപാതകം നടന്നത്.
25കാരിയുടെ മരണം ദുരഭിമാനക്കൊല; മാതാപിതാക്കളടക്കം ആറ് ബന്ധുക്കള്‍ അറസ്‌റ്റില്‍
ഡല്‍ഹി ന്യൂ അശോക് നഗറിലെ താമസക്കാരിയായിരുന്ന ശീതള്‍ ചൗധരിയാണ് കൊല്ലപ്പെട്ടത്. അയല്‍വാസിയായ യുവാവിനെ പ്രണയിച്ചതിന് കഴുത്ത് ഞെരിച്ചാണ് മാതാപിതാക്കള്‍ ശീതളിനെ കൊലപ്പെടുത്തിയത്. ശേഷം മൃതദേഹം ഒരു കാറില്‍ ഇട്ട ശേഷം അലിഗഡിലെ ഒരു കനാനില്‍ തള്ളുകയായിരുന്നു.
സംഭവത്തെക്കുറിച്ച് പൊലീസ് പറയുന്നതിങ്ങനെ - ശീതള്‍ അയല്‍വാസിയായ അംഗിത് ഭാട്ടി എന്ന യുവാവുമായി മൂന്ന് വര്‍ഷത്തോളം പ്രണയത്തിലായിരുന്നു. എന്നാല്‍ ശീതളിന്‍റെ ബന്ധുക്കള്‍ക്ക് ഇവരുടെ ബന്ധത്തില്‍ താല്‍പര്യമില്ലായിരുന്നു. വീട്ടുകാരുടെ എതിര്‍പ്പ് മനസിലാക്കി ഇരുവരും സമീപത്തെ അമ്പലത്തില്‍ പോയി കഴിഞ്ഞ വര്‍ഷം ഒക്‌ടോബറില്‍ വിവാഹം കഴിച്ചിരുന്നു. ബന്ധത്തില്‍ നിന്ന് പിന്മാറാന്‍ വീട്ടുകാര്‍ നിര്‍ബന്ധിച്ചിട്ടും ശീതള്‍ വഴങ്ങിയില്ല. പിന്നാലെയാണ് കൊലപാതകം നടന്നത്. അമ്മയും അച്ഛനും ചേർന്ന് കഴുത്ത് ഞെരിച്ചാണ് ശീതളിനെ കൊലപ്പെടുത്തിയത്. ശേഷം മൃതദേഹം ഒരു കാറില്‍ ഇട്ട ശേഷം അലിഗഡിലെ ഒരു കനാനില്‍ തള്ളുകയായിരുന്നു.
ശീതളിന്‍റെ ബന്ധു ശീതളിന്‍റെ ഫോണിലേക്ക് വിളിച്ചതാണ് സംഭവത്തിന്‍റെ ചുരുളഴിച്ചത്. പല തവണ വിളിച്ചിട്ടും ഫോണ്‍ സ്വിച്ച് ഓഫ് ആയിരുന്നതിനാല്‍ പെണ്‍കുട്ടിയെ കാണാനില്ലെന്ന് ബന്ധു ന്യൂ അശോക് നഗര്‍ പൊലീസില്‍ പരാതി നല്‍കി. തുടര്‍ന്ന് വീട്ടില്‍ അന്വേഷിച്ചെത്തിയ പൊലീസിനോട് ശീതല്‍ അങ്കിളിന്‍റെ വീട്ടില്‍ പോയിരിക്കുകയാണെന്ന് മാതാപിതാക്കള്‍ കള്ളം പറഞ്ഞു. എന്നാല്‍ സംശയം തോന്നിയ പൊലീസ് കുടുംബത്തിലെ ഓരോ അംഗങ്ങളെയും തനിച്ച് ചോദ്യം ചെയ്‌തപ്പോഴാണ് കൊലപാതക വിവരം പുറത്തറിഞ്ഞത്.