മുംബൈ: മഹാരാഷ്‌ട്രയിൽ ഓൺലൈൻ മദ്യവിതരണ തട്ടിപ്പുകൾ വ്യാപകമായി തുടരുന്നു. മഹാരാഷ്‌ട്ര ഉൾപ്പെടെ രാജ്യത്തെ വിവിധ സംസ്ഥാനങ്ങൾ ഓൺലൈനായി മദ്യവിതരണം ആരംഭിച്ചു കഴിഞ്ഞു. ഇതോടെ ഓൺലൈൻ മദ്യവിതരണ തട്ടിപ്പുകളും സംസ്ഥാനത്ത് വ്യാപകമായി.
മഹാരാഷ്‌ട്രയിൽ ഓൺലൈൻ മദ്യവിതരണ തട്ടിപ്പുകൾ വ്യാപകം
വൈൻ ഷോപ്പുകളുടെ പേരിൽ വാട്ട്‌സ്ആപ്പ് പോലെയുള്ള വിവിധ ഓൺലൈൻ പ്ലാറ്റ്‌ഫോമുകളിലൂടെയാണ് ഉപഭോക്താക്കളിൽ നിന്നും പണം തട്ടിയെടുക്കുന്നത്. ഇത്തരത്തിൽ ദിനംപ്രതി നൂറോളം പേർ സംസ്ഥാനത്ത് കബളിപ്പിക്കപ്പെടുന്നു
സൈബർ തട്ടിപ്പുകാർ വൈൻ ഷോപ്പുകളുടെ പേരിൽ വാട്ട്‌സ്ആപ്പ് പോലെയുള്ള വിവിധ ഓൺലൈൻ പ്ലാറ്റ്‌ഫോമുകളിലൂടെ മൊബൈൽ നമ്പറുകൾ അപ്‌ലോഡ് ചെയ്യുന്നു. ഇത്തരത്തിൽ ഒരു ഉപഭോക്താവ് ഓർഡർ നൽകി കഴിഞ്ഞാൽ, ഗുഗിൾ പേ, ഫോൺ പേ, പേ ടിഎം മുതലായ അപ്ലിക്കേഷനുകൾ വഴി ഓൺലൈൻ പേയ്‌മെന്‍റ് നടത്തണം. പണമടച്ചു കഴിഞ്ഞാൽ തട്ടിപ്പുകാർ ഉടൻ തന്നെ അവരുടെ ഫോൺ നമ്പർ മാറ്റി അപ്രത്യക്ഷമാകും.
ഇത്തരം സൈബർ തട്ടിപ്പുകാർക്കെതിരെ ഫോർട്ട് മർച്ചന്‍റ് അസോസിയേഷൻ പ്രസിഡന്‍റ് അശോക് പട്ടേൽ സംസ്ഥാന എക്സൈസ് വകുപ്പിനും മുംബൈ പൊലീസിനും പരാതി നൽകി. നിരവധി ഉപഭോക്താക്കളിൽ നിന്ന് ആയിരം രൂപയിലധികം നഷ്‌ടപ്പെട്ടിട്ടുണ്ട്. എന്നാൽ ആരും പരാതി നൽകാൻ തയ്യാറല്ലെന്നും അദ്ദേഹം പറഞ്ഞു. ഓൺലൈനായി മദ്യം വാങ്ങുന്ന നൂറോളം പേർ ദിനംപ്രതി ഇത്തരത്തിൽ കബളിപ്പിക്കപ്പെടുന്നു. മുംബൈയിൽ മാത്രം 1,190 ലൈസൻസുള്ള മദ്യവിൽപന ശാലകളുണ്ട്. അതിൽ 424 മദ്യവില്‍പന ശാലകള്‍ക്ക് മാത്രമാണ് ഹോം ഡെലിവറി നടത്താൻ അനുമതിയുള്ളത്.