എറണാകുളം:വരാപ്പുഴ ശ്രീജിത്ത് കസ്റ്റഡി മരണക്കേസില്‍ ക്രൈംബ്രാഞ്ച് കുറ്റപത്രം സമർപ്പിച്ചു. പറവൂര്‍ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയിലാണ് കുറ്റപത്രം സമര്‍പ്പിച്ചത്. ഡിവൈ.എസ്.പി ജോർജ് ചെറിയാന്‍റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘമാണ് കുറ്റപത്രം തയ്യാറാക്കിയത്. ശ്രീജിത്തിനെ കസ്റ്റഡിയിൽ മർദിച്ചു കൊലപ്പെടുത്തിയ ഒൻപതു പൊലീസുകാരാണ് കേസിലെ പ്രതികൾ.
വരാപ്പുഴ കസ്റ്റഡി മരണക്കേസില്‍ ക്രൈംബ്രാഞ്ച് കുറ്റപത്രം സമർപ്പിച്ചു ആലുവ റൂറൽ എസ്. പിയുടെ കീഴിൽ രൂപികരിച്ച റൂറൽ ടാസ്‌ക് ഫോഴ്‌സിലെ അംഗങ്ങളായ സന്തോഷ് കുമാർ, സുമേഷ്, ജിതിൻ രാജ് എന്നിവരാണ് ആദ്യ മൂന്ന് പ്രതികൾ. വരാപ്പുഴ എസ്. ഐ ആയിരുന്ന ദീപക് നാലാം പ്രതിയും പറവൂർ സി. ഐ ആയിരുന്ന ക്രിസ്‌പിൻ സാം അഞ്ചാം പ്രതിയുമാണ്. എ.എസ്.ഐ ജയാന്ദാണ് ആറാംപ്രതി. ഏഴ്, എട്ട്, ഒമ്പത് പ്രതികൾ വരാപ്പുഴ സ്റ്റേഷനിലെ പൊലീസുകാരാണ്. എസ്. ഐ ദീപക് ഉൾപ്പടെയുള്ള നാല് പ്രതികൾക്കെതിരെയാണ് കൊലക്കുറ്റം ചുമത്തിയത്. സി.ഐ. ക്രിസ്‌പിൻ സാമിനെതിരെ അന്യായമായ തടങ്കൽ ഉൾപ്പടെയുള്ള വകുപ്പുകളാണ് ചുമത്തിയത്. ആയിരത്തോളം പേജുകളുള്ള കുറ്റപത്രത്തിൽ നൂറ്റി എഴുപത്തിരണ്ട് പേരെ സാക്ഷികളാക്കിയിട്ടുണ്ട്. അറുപതിൽപരം വരുന്ന തൊണ്ടിമുതലുകളും കോടതിയിൽ സമർപ്പിച്ചു.
സാധാരണ കസ്റ്റഡി കേസുകളിൽ നിന്ന് വ്യത്യസ്ഥമായി ശാസ്ത്രീയ തെളിവുകൾക്ക് പുറമെ നേരിട്ട് സംഭവം കണ്ട സാക്ഷികൾ ഉണ്ടെന്നത് ഈ കേസിന്‍റെ പ്രത്യേകതയാണെന്ന് പബ്ലിക് പ്രോസിക്യൂട്ടർ അഡ്വ:പി. ജി മനു പറഞ്ഞു. പ്രാദേശികമായ രാഷ്ട്രീയ സംഘർഷത്തെ തുടർന്നാണ് വരാപ്പുഴ സ്വദേശി വാസുദേവന്‍ ആത്മഹത്യ ചെയ്‌തത്. ഈ കേസില്‍ ശ്രീജിത്ത് അടക്കം പത്ത് പേരെയാണ് പൊലീസ് അറസ്റ്റു ചെയ്‌തത്. തുടര്‍ന്ന് പൊലീസ് നടത്തിയ കസ്റ്റഡി മർദ്ദനത്തെ തുടർന്ന് ശ്രീജിത്ത് ഗുരുതരമായ പരിക്കുകളോടെ മരണമടഞ്ഞുവെന്നാണ് മെഡിക്കല്‍ റിപ്പോര്‍ട്ട്. ചെറുകുടലിനേറ്റ മർദനം കാരണം ആന്തരികാവയവങ്ങളിൽ വ്രണം രൂപപ്പെട്ടാണ് മരണം സംഭവിച്ചതെന്നും പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിൽ വ്യക്തമായിരുന്നു. ഇതേ വസ്‌തുതകൾ തന്നെയാണ് കുറ്റപത്രത്തിലും അന്വേഷണ സംഘം ഉൾപ്പെടുത്തിയത്.
ഗൂഢാലോചനയില്‍ എസ് പിയും പങ്കാളിയാണെന്ന ആരോപണവും ഉയര്‍ന്നിരുന്നു. എന്നാൽ എ.വി. ജോർജിനെ 98-ാം സാക്ഷിയാക്കിയാണ് ക്രൈംബ്രാഞ്ച് കുറ്റ പത്രം സമർപ്പിച്ചത്. അന്നത്തെ ആലുവ എസ്.പി. ആയിരുന്ന എവി. ജോർജിനെ ഈ കേസിൽ വിചാരണ ചെയ്യണമെന്നാണ് ശ്രീജിത്തിന്‍റെ അമ്മയും ഭാര്യയുമുൾപ്പെടെയുള്ള കുടുംബം ആവശ്യപ്പെട്ടിരുന്നത്. കുറ്റപത്രത്തിൽ എ.വി.ജോർജിനെ സാക്ഷിയാക്കിയതിൽ ശ്രീജിത്തിന്റെ കുടുംബം അതൃപ്‌തരാണ്.
കഴിഞ്ഞ വർഷം ഏപ്രിൽ 9നാണ് വരാപ്പുഴ സ്വദേശി ശ്രീജിത്ത് പൊലീസ് കസ്റ്റഡിയിൽ കൊലപ്പെട്ടത്. ആളു മാറി കസ്റ്റഡിയിലെടുത്ത ശ്രീജിത്തിനെ പോലീസ് ക്രൂരമായി മർദ്ദിച്ച് കൊലപ്പെടുത്തുകയായിരുന്നു.