ഭോപ്പാല്‍: പുതുവത്സര ദിനത്തില്‍ അറസ്റ്റിലായ സ്റ്റാൻഡ് അപ്പ് കൊമേഡിയല്‍ മുനവർ ഫാറൂഖിയെയും സുഹൃത്തുക്കളെയും ജനുവരി 13 വരെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു. ഇൻഡോറിൽ നടന്ന ന്യൂ ഇയർ പരിപാടിക്കിടെ ഹിന്ദു മതവിശ്വാസങ്ങളെ അപമാനിച്ചുവെന്ന് ആരോപിച്ചാണ് ഫാറൂഖിയെയും മറ്റ് നാല് ഇവന്‍റ് സംഘാടകരെയും അറസ്റ്റ് ചെയ്‌തത്. കോടതി നടപടികള്‍ക്ക് ശേഷം ഫറൂഖിനെയും മറ്റ് നാല് പേരെയും ജയിലിലേക്ക് മാറ്റി. പ്രാകാർ വ്യാസ്, പ്രിയം വ്യാസ്, നളിൻ യാദവ്, ഇവന്റ് കോർഡിനേറ്റർ എഡ്വിൻ ആന്‍റണി എന്നിവരാണ് അറസ്റ്റിലായ മറ്റുള്ളവര്‍.
സ്റ്റാന്‍ഡ് അപ്പ് കൊമേഡിയന്‍ മുനവര്‍ ഫറൂഖിയെയും സുഹൃത്തുക്കളെയും ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു - സ്റ്റാന്‍ഡ് അപ്പ് കൊമേഡിയന്‍ മുനവര്‍ ഫറൂഖ്
ന്യൂ ഇയർ പരിപാടിക്കിടെ ഹിന്ദു മതവിശ്വാസങ്ങളെ അപമാനിച്ചുവെന്ന് ആരോപിച്ചാണ് ഫാറൂഖിയെയും മറ്റ് നാല് ഇവന്‍റ് സംഘാടകരെയും അറസ്റ്റ് ചെയ്‌തത്

ഹിന്ദ് രക്ഷക് സംഘത്തിന്‍റെ കൺവീനറും ബിജെപി എംഎൽഎ മാലിനി ഗൗറിന്‍റെ മകനുമായ ഏകലവ്യ ഗൗര്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് കേസ്. അഭിഭാഷകൻ ദിനേശ് പാണ്ഡെയാണ് ഏകലവ്യ ഗൗറിന് വേണ്ടി കോടതിയില്‍ ഹാജരായത്. മുനവറും സംഘവും ഹിന്ദു ആചാരങ്ങളെയും ദൈവങ്ങളെയും അപമാനിക്കുന്നുവെന്ന വിവരം ലഭിച്ചതിന്‍റെ അടിസ്ഥാനത്തില്‍ ഷോയില്‍ തങ്ങള്‍ ചെന്ന് സംഭവം നേരിട്ട് കണ്ടുവെന്നും ദൃശ്യങ്ങള്‍ റെക്കോര്‍ഡ് ചെയ്‌തുവെന്നും അഭിഭാഷകൻ ദിനേശ് പാണ്ഡെ കോടതിയില്‍ പറഞ്ഞു. സമൂഹിക അകലം പാലിക്കണമെന്ന കൊവിഡ് മാനദണ്ഡം പാലിക്കാതെയാണ് സംഘം പരിപാടി നടത്തിയതെന്നും വാദിഭാഗം കോടതിയില്‍ വ്യക്തമാക്കി.
കൊവിഡ് 19 സുരക്ഷാ മാനദണ്ഡങ്ങൾ ലംഘിച്ചതിനും മതവികാരം വ്രണപ്പെടുത്തിയതിനും ഇന്ത്യന്‍ പീനല്‍ കോഡ് പ്രകാരം 188, 269, 34, 295 എ വകുപ്പുകൾ പ്രകാരമാണ് പ്രതികള്‍ക്കെതിരെ കേസ് എടുത്തത്.