തൃശ്ശൂർ: ചാലക്കുടി പോട്ടയിൽ വീട് തല്ലി തകർത്ത കേസിൽ മൂന്നു പേർ പിടിയിൽ. വാടാനപ്പിള്ളി കുട്ടൻപാറൻ വീട്ടിൽ അനിൽ (33), വാടാനപ്പിള്ളി വ്യാസനഗർ ചെക്കൻ വീട്ടിൽ രജീഷ് (32), വാടാനപ്പിള്ളി സ്വദേശി പോൾ വീട്ടിൽ വിശാഖ് (30) എന്നിവരാണ് അറസ്റ്റിലായത്. നേരത്തെ ചാലക്കുടി പരിയാരം സ്വദേശി അജിത് എന്നയാൾ പിടിയിലായിരുന്നു. സംഭവത്തിന് ശേഷം വാടാനപ്പിളളി ബീച്ച് പരിസരത്ത് ഒളിവിൽ കഴിയവെയാണ് സംഘം പിടിയിലാകുന്നത്.
വീട് തകർത്ത് ഗൃഹനാഥനെ മർദിച്ച കേസില്‍ മൂന്ന് പേർ പിടിയില്‍
വാടാനപ്പിളളി ബീച്ച് പരിസരത്ത് ഒളിവിൽ കഴിയവെയാണ് സംഘം പിടിയിലാകുന്നത്
കഴിഞ്ഞ ജൂൺ 17 ന് ചാലക്കുടി പോട്ട അലവി സെന്‍റർ പുലരി നഗറിലുള്ള കോമ്പാറക്കാരൻ ഔസേപ്പിന്‍റെ വീട് അടിച്ചു തകർത്ത കേസിലാണ് അറസ്റ്റ്. ഔസേപ്പിന്‍റെ മകൻ ജാക്‌സനെ അന്വേഷിക്കുകയും തുടർന്ന് ഔസേപ്പിനെ ഇരുമ്പു പൈപ്പുകൊണ്ട് മർദിക്കുകയുമായിരുന്നു. വീടിന്‍റെ മുറ്റത്ത് പാർക്ക് ചെയ്‌തിരുന്ന ടാറ്റ എയ്‌സ്, ബുള്ളറ്റ്, കാർ എന്നിവ ഇരുമ്പു പൈപ്പുകൊണ്ട് അടിച്ചു തകർത്തു. സാമ്പത്തിക ഇടപാടുകളെ ചൊല്ലിയുള്ള തർക്കമാണ് അക്രമത്തിന് കാരണമെന്ന് പൊലീസ് പറയുന്നു. തൃശൂർ റൂറൽ എസ്‌പി കെ പി വിജയകുമാറിന്‍റെ നിർദേശ പ്രകാരം ചാലക്കുടി ഡിവൈഎസ്‌പി സി ആർ സന്തോഷ്, സിഐ ജെ മാത്യു എന്നിവരുടെ നേതൃത്വത്തിലാണ് പ്രതികളെ പിടികൂടിയത്.