എറണാകുളം: നടിയെ ആക്രമിച്ച കേസിലെ പ്രതിപട്ടികയില്‍ നിന്ന് തന്നെ ഒഴിവാക്കണമെന്നാവശ്യപ്പെട്ട് നടൻ ദിലീപ് ഹൈക്കോടതിയിലേക്ക്. വിചാരണ കോടതിയില്‍ സമര്‍പിച്ച വിടുതല്‍ ഹര്‍ജി തള്ളിയതിന് പിന്നാലെയാണ് മേല്‍ക്കോടതിയെ സമീപിക്കാന്‍ ദിലീപ് തീരുമാനിച്ചത്. പ്രതി പട്ടികയിൽ നിന്ന് ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് സമർപ്പിച്ച ഹർജിയിൽ, വിശദമായ വാദം കേട്ടശേഷമാണ് കൊച്ചിയിലെ പ്രത്യേക കോടതി വിധി പറഞ്ഞത്. ദിലീപിനെ വിചാരണ ചെയ്യണമെന്ന പ്രോസിക്യൂഷൻ വാദം കോടതി അംഗീകരിക്കുകയായിരുന്നു.
നടിയെ ആക്രമിച്ച കേസ്; ദീലീപിന്‍റെ വിടുതല്‍ ഹര്‍ജി തള്ളി, ഹൈക്കോടതിയെ സമീപിക്കും
ദിലീപ് ഉൾപ്പടെയുള്ള മുഴുവൻ പ്രതികളും ജനുവരി ആറിന് കൊച്ചിയിലെ പ്രത്യേക കോടതിയിൽ ഹാജരാകണമെന്ന് വിടുതല്‍ ഹര്‍ജി തള്ളിയ വിചാരണ കോടതി നിർദേശിച്ചു. വിടുതൽ ഹർജി തള്ളിയ സാഹചര്യത്തിൽ ഹൈക്കോടതിയെ സമീപിക്കുമെന്ന് ദിലീപിന്‍റെ അഭിഭാഷകൻ അറിയിച്ചു
ദിലീപ് ഉൾപ്പടെയുള്ള മുഴുവൻ പ്രതികളും ജനുവരി ആറാം തിയതി കൊച്ചിയിലെ പ്രത്യേക കോടതിയിൽ ഹാജരാകണമെന്ന് കോടതി നിർദേശിച്ചു. അന്നേ ദിവസം പ്രതികൾക്കെതിരായ കുറ്റപത്രം വായിച്ചു കേൾപ്പിക്കും, തുടർന്ന് പ്രതികൾക്കെതിരെ കോടതി കുറ്റം ചുമത്തും. അതേസമയം വിടുതൽ ഹർജിയുമായി മേൽക്കോടതിയെ സമീപിക്കാൻ പത്തു ദിവസം അനുവദിക്കണമെന്ന ദിലീപിന്‍റെ ആവശ്യം കോടതി അംഗീകരിച്ചില്ല. സുപ്രീംകോടതി നിർദേശിച്ച സമയപരിധിക്കുള്ളിൽ വിചാരണ പൂർത്തിയാക്കേണ്ടതുണ്ടെന്നും കോടതി വ്യക്തമാക്കി.
പ്രോസിക്യൂഷൻ വാദങ്ങൾ അംഗീകരിച്ചാണ് കോടതി ദിലീപിന്‍റെ വിടുതൽ ഹർജി തള്ളിയതെന്ന് സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ എ.സുരേഷൻ പറഞ്ഞു. ആറുമാസത്തിനുള്ളിൽ വിചാരണ പൂർത്തിയാക്കണമെന്ന സുപ്രീംകോടതി നിർദേശം നിലനിൽക്കുന്നതിനാൽ, മേൽക്കോടതിയെ സമീപിച്ച് കേസ് നീട്ടി കൊണ്ടുപോകാൻ പ്രതികൾക്ക് കഴിയുമോയെന്നത് നിയമപ്രശ്നമാണെന്നും അദ്ദേഹം പ്രതികരിച്ചു.