കാസർകോട്: കാസർകോട് ആദൂരിൽ വൻ കുഴൽപ്പണ വേട്ട. കർണാടകയിൽ നിന്നും ബസിൽ കടത്തുകയായിരുന്ന പണമാണ് പിടികൂടിയത്. കോഴിക്കോട് സ്വദേശിക്ക് കൈമാറുന്നതിനാണ് പണം കൊണ്ടുവന്നതെന്ന് പിടിയിലായ മഹാരാഷ്ട്ര സ്വദേശി മയൂർ ഭാരത് ദേശ്മുഖ് മൊഴി നൽകി.
കാസർകോട് വൻ കുഴൽപ്പണ വേട്ട - കുഴൽപ്പണ വേട്ട
മതിയായ രേഖകളില്ലാതെ കടത്താൻ ശ്രമിച്ച 80 ലക്ഷം രൂപയാണ് എക്സൈസ് സംഘം പിടികൂടിയത്.
കേരളത്തിലേക്കുള്ള അന്തർ സംസ്ഥാന ബസുകളിൽ ലഹരി വസ്തുക്കൾ കടത്തുന്നുവെന്ന വിവരത്തെ തുടർന്ന് ആദൂർ ചെക് പോസ്റ്റിൽ നടത്തിയ പരിശോധനയിലാണ് രേഖകളില്ലാത്ത 80 ലക്ഷം രൂപ എക്സൈസ് പിടിച്ചെടുത്തത്. 2000 രൂപയുടെ നോട്ട് കെട്ടുകൾ പ്രത്യേകം തയ്യാറാക്കിയ സഞ്ചിയിൽ നിറച്ച് ജാക്കറ്റ് രൂപത്തിൽ ശരീരത്തിൽ കെട്ടിവെച്ച് കടത്താനായിരുന്നു ശ്രമം. പ്രതിയെ ആദൂർ പൊലീസിന് കൈമാറി. ഒരു മാസത്തിനിടെ ഇത് രണ്ടാം തവണയാണ് ബസിൽ കടത്തുകയായിരുന്ന കുഴൽപ്പണം പിടികൂടുന്നത്.
ഒരു മാസം മുമ്പ് രേഖകളില്ലാതെ കടത്തിയ 45 ലക്ഷം രൂപയുമായി കാസർകോട് സ്വദേശിയെ എക്സൈസ് സംഘം പിടികൂടിയിരുന്നു. വ്യാപകമായി കുഴൽപ്പണവും ലഹരി വസ്തുക്കളും ബസ് മാര്‍ഗ്ഗം കടത്തുന്നുവെന്ന് വ്യക്തമായതോടെ പരിശോധകൾ കൂടുതൽ കർശനമാക്കും.