മോസ്കോ: സൈനികശേഷി വികസിപ്പിക്കുന്നത് തുടരുമെന്നും ആണവായുധ ശേഖരത്തിന്‍റെ പോരാട്ട സന്നദ്ധത വർധിപ്പിക്കുമെന്നും റഷ്യൻ പ്രസിഡന്‍റ് വ്ളാദ്മിര്‍ പുടിൻ. ജനുവരി മുതൽ റഷ്യൻ നാവികസേനയുടെ പക്കൽ സിർക്കോൺ ഹൈപ്പർസോണിക്ക് ക്രൂയിസ് മിസൈൽ ഉണ്ടാകുമെന്നും പുടിൻ പറഞ്ഞു. പാശ്ചാത്യ പിന്തുണയോടെ യുക്രൈൻ നടത്തുന്ന ചെറുത്തുനില്‍പ്പ് ശ്രമങ്ങളുടെ പശ്ചാത്തലത്തിലാണ് പുടിന്‍റെ പ്രസ്‌താവന.
നമ്മുടെ സായുധ സേനയും പോരാട്ട ശേഷിയും അനുദിനം വർധിച്ചുകൊണ്ടിരിക്കുകയാണ്. ഈ പ്രക്രിയ തീർച്ചയായും ഞങ്ങൾ ശക്തിപ്പെടുത്തുമെന്ന് റഷ്യയിലെ ഉന്നത ഉദ്യോഗസ്ഥരുമായുള്ള ടെലിവിഷൻ പരിപാടിയില്‍ പുടിൻ പറഞ്ഞു.
ക്രൂയിസ് മിസൈലുമായി റഷ്യ: ലോകത്തിൽ തുല്യതയില്ലാത്ത ക്രൂയിസ് മിസൈലായ സിർക്കോൺ ഹൈപ്പർസോണിക്ക് ക്രൂയിസ് മിസൈൽ ജനുവരിയോടെ റഷ്യയുടെ നാവികസേന കപ്പലായ അഡ്‌മിറൽ ഗോർഷേവിൽ സ്ഥാപിക്കുമെന്ന് പുടിൻ പറഞ്ഞു. റഷ്യയുടെ തന്ത്രപ്രധാനമായ ആണവ സേനയിലെ ആധുനിക ആയുധങ്ങളുടെ നിലവാരം 91 ശതമാനം കവിഞ്ഞിരിക്കുന്നുവെന്നും അത്യാധുനിക ആയുധ സംവിധാനങ്ങളാൽ തന്ത്രപരമായ സേനയെ സജ്ജരാക്കുന്നതിനുള്ള ഞങ്ങളുടെ എല്ലാ പദ്ധതികളും നടപ്പിലാക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.