വാഷിങ്‌ടൺ : വാഗ്നർ സേനയുടെ തലവൻ യെവ്‌ഗിനി പ്രിഗോഷിന്‍ (Yevgeny Prigozhin) മരിച്ചെന്ന് കരുതപ്പെടുന്ന വിമാനപകടം (Plane Crash) ആസൂത്രിതമെന്ന് യുഎസ് രഹസ്യാന്വേഷണ വിഭാഗത്തിന്‍റെ (US intelligence ) പ്രാഥമിക റിപ്പോർട്ട്. അപകടത്തിന് പിന്നിൽ റഷ്യൻ പ്രസിഡന്‍റ് (Russian President) വ്ളാഡിമിർ പുടിൻ (Vladimir Putin) ആണെന്ന അഭ്യൂഹങ്ങള്‍ നിലനിൽക്കെയാണ് ആസൂത്രിതമായി നടത്തിയ സ്‌ഫോടനത്തിലൂടെയാണ് വിമാനം തകർന്നതെന്ന നിഗമനത്തിൽ അന്വേഷണ ഉദ്യോഗസ്ഥർ എത്തിയത്. തന്‍റെ എതിരാളികളെ ഒന്നൊന്നായി നിശബ്‌ദാരാക്കാൻ ശ്രമിച്ചിട്ടുള്ള പുടിന്‍റെ ചരിത്രം കൂടി പരിശോധിക്കുമ്പോൾ യെവ്‌ഗിനി പ്രിഗോഷിനെ ലക്ഷ്യമിടാനുള്ള സാധ്യത വളരെ കൂടുതലാണെന്ന് പ്രാഥമിക വിലയിരുത്തൽ വിവരിച്ച യുഎസ് ഉദ്യോഗസ്ഥൻ പറഞ്ഞു.
23 വർഷം അധികാരത്തിലിരുന്ന വ്ളാഡിമിർ പുടിന് ജൂണിൽ നടന്ന കലാപം വെല്ലുവിളി നൽകിയിരുന്നതായി പ്രദേശിക വൃത്തങ്ങൾ പറയുന്നു. അതേസമയം, മിസൈൽ വിക്ഷേപിച്ചാണ് വിമാനം തകർത്തതെന്ന വാർത്ത തെറ്റാണെന്ന് പെന്‍റഗൺ (Pentagon) വക്താവ് ജനറൽ പാറ്റ് റൈഡറും അറിയിച്ചു. വിമാനം തകർന്നെന്ന വാർത്ത പുറത്തുവന്നതിന് പിന്നാലെ അപകടത്തിൽപ്പെട്ടെന്ന് കരുതുന്ന മറ്റു യാത്രക്കാർക്ക് പുടിൻ അനുശോചനം രേഖപ്പെടുത്തുകയും ഒപ്പം യെവ്‌ഗിനി പ്രിഗോഷിന്‍ ചെയ്‌തെന്ന് ആരോപിക്കുന്ന ഗുരുതരമായ തെറ്റുകൾ ചൂണ്ടിക്കാട്ടുകയും ചെയ്‌തതാണ് രഹസ്യാന്വേഷണ സേനയെ ഇത്തരമൊരു നിഗമനത്തിലെത്തിച്ചത്.
വാഗ്നർ (Wagner) സേനയിലെ മറ്റ് പടയാളികൾ യുക്രൈൻ യുദ്ധത്തിൽ കാര്യമായ സംഭാവന ചെയ്‌തവരാണെന്നും എന്നാൽ യെവ്‌ഗിനി ജീവിതത്തിൽ നിരവധി തെറ്റുകൾ ചെയ്‌ത വ്യക്തിയാണെന്നും പുടിൻ പരാമർശിച്ചിരുന്നു. വാഗ്നർ സേനയുടെ തലവനും മറ്റ് 10 യാത്രക്കാരും സഞ്ചരിച്ച വിമാനം തലസ്ഥാനമായ മോസ്‌കോയുടെ വടക്കുഭാഗത്ത് തകർന്നുവീണതായി ഓഗസ്‌റ്റ് 23 നാണ് അന്താരാഷ്‌ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്‌തത്. റഷ്യയുടെ സിവിൽ ഏവിയേഷൻ റെഗുലേറ്ററി ബോഡിയായ 'റൊസാവിയാറ്റ്സിയ' വിമാനത്തിലുണ്ടായിരുന്നെന്ന് പറയുന്ന യാത്രക്കാരുടെ പട്ടികയിൽ പ്രിഗോഷിന്‍റെ സാന്നിധ്യം സ്ഥിരീകരിച്ചിരുന്നു.