സന: സായുധ സേനയില്‍ നിന്നും കുട്ടികളെ ഒഴിവാക്കുന്നതിനുള്ള യുഎന്‍ കരാറില്‍ ഹൂതികള്‍ ഒപ്പുവച്ചു. യമനിൽ ഏഴ് വര്‍ഷമായി തുടരുന്ന ആഭ്യന്തരയുദ്ധത്തില്‍ പങ്കെടുത്ത കുട്ടികളായ എല്ലാ സൈനികരെയും വിട്ടയക്കുമെന്ന് ഹൂതി വിമതര്‍ സമ്മതിച്ചതായി യുഎന്‍ അറിയിച്ചു.
ഹൂതികള്‍ നേതൃത്വം നല്‍കുന്ന സായുധ സംഘട്ടനത്തില്‍ കുട്ടികളെ റിക്രൂട്ട് ചെയ്യുകയോ ഉപയോഗിക്കുകയോ, കുട്ടികളെ കൊല്ലുകയോ അംഗവൈകല്യം വരുത്തുകയോ, സ്‌കൂളുകള്‍ക്കും ആശുപത്രികള്‍ക്കും നേരെ ആക്രമണം നടത്തുന്നത് അവസാനിപ്പിക്കുന്നതിനും വേണ്ടി യുഎന്‍ മുന്നോട്ട് വച്ച പ്രവര്‍ത്തന പദ്ധതിയില്‍ ഹൂതികള്‍ ഒപ്പുവെച്ചതായി യുഎന്‍ വക്താവ് അറിയിച്ചു.
ആറ് മാസത്തിനകം സൈന്യത്തിലെ കുട്ടികളെ ഒഴിവാക്കുമെന്ന് വിമതര്‍ പറഞ്ഞു. കുട്ടികളെ സംരക്ഷിക്കാനുള്ള പദ്ധതിയായാണ് കരാറിനെ കാണുന്നതെന്നും ഹൂതി വിമതര്‍ അറിയിച്ചു. ഹൂതികളുടെ ഉന്നത നയതന്ത്രജ്ഞനായ അബ്‌ദുള്‍ എലുഹ് ഹജരാണ് കരാറില്‍ ഒപ്പ് വെച്ചത്. യമനിലെ ആഭ്യന്തരയുദ്ധത്തിലേക്ക് ഇതുവരെ 3,500 കുട്ടികളെ റിക്രൂട്ട് ചെയ്‌തതായാണ് യുഎന്‍ കണക്ക്.
ആരണ് ഹൂതികള്‍:യമനിലെ സൈദി ഷിയാ വിഭാഗമായ സായുധ സംഘമാണ് ഹൂതികൾ. അൻസാറുല്ലാഹ് എന്നും ഇവരെ വിളിക്കുന്നു. ഇവർ അലി അബ്ദുല്ല സാലിഹിനെ തന്നെ പ്രസിഡന്‍റാക്കാണമെന്നാവശ്യപ്പെട്ട് പ്രക്ഷോഭം തുടങ്ങി. തലസ്ഥാനമായ സൻആയുടെ ഭരണം ഹൂതികൾ പിടിച്ചെടുത്തു. ഇതോടെ 2015ൽ ഹാദി സൗദിയിൽ അഭയം തേടി. ഇന്നും അദ്ദേഹം സൗദിയിൽ തുടരുന്നുണ്ട്. ഇറാൻ പിന്തുണയുള്ള ഹൂതികളെ പ്രതിരോധിച്ച് ഹാദിയെ തന്നെ പ്രസിഡണ്ടാക്കാൻ വേണ്ടി സൗദി നടത്തിയ ഇടപെടലിൽ ജിസിസി രാജ്യങ്ങളടക്കം പങ്കാളികളായി.
യമനിലെ ഷിയ സൈദി വിഭാഗത്തിൽ പെട്ട ഹുസൈൻ അൽ ഹൂതി എന്ന നേതാവിന്‍റെ പേരിൽ നിന്നാണ് ഹൂതികൾ ആ പേര് സ്വീകരിക്കുന്നത്. ഇദ്ദേഹം സ്ഥാപിച്ച സംഘമാണ് പിന്നീട് 1990ന്‍റെ പകുതിയിൽ ഹൂതികളായി രൂപാന്തരം പ്രാപിച്ചത്. യമനിൽ ഹൂതികൾ ന്യൂനപക്ഷമായിരുന്നു. 2004 മുതൽ ഇവർ സര്‍ക്കാരുമായി ഏറ്റുമുട്ടലിലാണ്. സർക്കാർ ഭരണത്തിൽ ന്യൂനപക്ഷമെന്ന നിലക്കുള്ള പ്രാതിനിധ്യം, വടക്കൻ യമനിലെ ഹൂതി മേഖലയെ പ്രതികൂലമായി ബാധിക്കുന്ന ഇന്ധന വിലയിളവ് വെട്ടിക്കുറച്ച നടപടി റദ്ദാക്കുക, കരട് രൂപപ്പെട്ട യമൻ ഭരണഘടനയിൽ ഹൂതികളുടെ അവകാശങ്ങൾ സംരക്ഷിക്കുന്ന ഭാഗം ചേർക്കുക എന്നിവയായിരുന്നു ആദ്യ ആവശ്യങ്ങൾ.
Also Read: യമൻ പ്രസിഡന്‍റ് മൻസൂര്‍ ഹാദി സ്ഥാനഭ്രഷ്ടനായി: വീട്ടുതടങ്കലിലെന്ന് റിപ്പോര്‍ട്ട്