സന :ധനസഹായ വിതരണ ചടങ്ങിനിടെയുണ്ടായ തിക്കിലും തിരക്കിലും പെട്ട് യെമനില്‍ 85 പേര്‍ മരിച്ചു. സംഭവത്തില്‍ 300ലധികം ആളുകള്‍ക്ക് പരിക്കേറ്റിട്ടുണ്ട്. പരിക്കേറ്റവരില്‍ പലരുടെയും നില ഗുരുതരമാണെന്ന് അന്തര്‍ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്‌തു.
സക്കാത്ത് വിതരണത്തില്‍ പങ്കെടുക്കാന്‍ ആളുകള്‍ കൂട്ടമായെത്തി, യെമനില്‍ തിക്കിലും തിരക്കിലും 85 പേര്‍ കൊല്ലപ്പെട്ടു - യെമന്‍ അപകടം
സനയിലെ ബാബ്-അല്‍ യെമന്‍ ജില്ലയില്‍ ഒരു ചാരിറ്റി സംഘടന റംസാനോട് അനുബന്ധിച്ച് നടത്തിയ സക്കാത്ത് വിതരണത്തിലാണ് അപകടം
ഒരു ചാരിറ്റി സംഘടന റംസാനോടനുബന്ധിച്ച് നടത്തിയ സക്കാത്ത് പരിപാടിയില്‍ പങ്കെടുക്കാനെത്തിയവരാണ് അപകടത്തില്‍പ്പെട്ടത്. സനയിലെ ബാബ്-അല്‍ യെമന്‍ ജില്ലയിലെ ഒരു സ്‌കൂളിലായിരുന്നു സക്കാത്ത് പരിപാടി സംഘടിപ്പിച്ചത്. യുദ്ധ പശ്ചാത്തലത്തില്‍ കടുത്ത ദാരിദ്ര്യം അനുഭവപ്പെടുന്നതിനെ തുടര്‍ന്ന് സഹായവിതരണത്തില്‍ പങ്കെടുക്കാന്‍ ആളുകള്‍ കൂട്ടത്തോടെയെത്തുകയായിരുന്നു.
അപകടത്തിന്‍റെ ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. തിക്കുംതിരക്കുമുണ്ടായപ്പോള്‍ ആളുകള്‍ മറ്റുള്ളവര്‍ക്ക് മുകളിലൂടെ കടന്നുപോകാന്‍ ശ്രമിക്കുന്നത് ദൃശ്യങ്ങളിലുണ്ട്. മതിയായ സൗകര്യങ്ങള്‍ ഒരുക്കാതെ സക്കാത്ത് വിതരണം സംഘടിപ്പിച്ചതിന് സംഘാടകരായ ചിലരെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.