ലോകം വലിയ പ്രതിസന്ധികളിലൂടെയും പ്രതിഷേധങ്ങളിലൂടെയും കടന്നുപോയ വര്‍ഷമാണ് 2022. രണ്ടാംലോകമഹായുദ്ധത്തിന് ശേഷം യൂറോപ്പില്‍ ഉണ്ടാകുന്ന ഏറ്റവും വലിയ കരയുദ്ധമായ യുക്രൈന്‍ യുദ്ധമാണ് 2022ല്‍ ലോകം അഭിമുഖീകരിച്ച പ്രധാന പ്രതിസന്ധി. യുക്രൈന്‍ യുദ്ധം ലോകത്ത് വലിയ വിലക്കയറ്റത്തിനും പല ആഫ്രിക്കന്‍ രാജ്യങ്ങളിലും പട്ടിണിയും വര്‍ധിപ്പിച്ചു. വിലക്കയറ്റത്തെ നിയന്ത്രിക്കാന്‍ യുഎസ് ഫെഡറല്‍ റിസര്‍വ് അടക്കമുള്ള കേന്ദ്ര ബാങ്കുകള്‍ പലിശ നിരക്ക് വര്‍ധിപ്പിച്ചത് ലോകത്ത് സാമ്പത്തിക മാന്ദ്യം സൃഷ്‌ടിച്ചു.
റഷ്യയെ ഒറ്റപ്പെടുത്താന്‍ അമേരിക്കയുടെ നേതൃത്വത്തിലുള്ള പാശ്ചാത്യ രാജ്യങ്ങള്‍ ശ്രമിച്ചെങ്കിലും ഇന്ത്യ അടക്കമുള്ള വളര്‍ന്ന് വരുന്ന രാജ്യങ്ങള്‍ അതിന്‍റെ ഭാഗമായില്ല. യുഎസ് ഹൗസ് സ്‌പീക്കര്‍ നാന്‍സിപെലോസിയുടെ തായ്‌വാന്‍ സന്ദര്‍ശനത്തെ തുടര്‍ന്ന് യുഎസ്-ചൈന ബന്ധം കൂടുതല്‍ മോശമായി. ചൈനയുടെ ആക്രമണം ഉണ്ടായാല്‍ തങ്ങള്‍ തായ്‌വാന്‍റെ സംരക്ഷണത്തിന് എത്തുമെന്ന യുഎസ് പ്രസിഡന്‍റ് ജോ ബൈഡന്‍റെ പ്രസ്‌താവന ലോകത്തിലെ ഏറ്റവും വലിയ രണ്ട് ശക്തികള്‍ തമ്മിലുള്ള യുദ്ധത്തിന്‍റെ ഭീതിജനകമായ സാധ്യതയിലേക്കാണ് വിരല്‍ ചൂണ്ടുന്നത്.
യൂറോപ്പിലെ പല രാജ്യങ്ങളിലും കുടിയേറ്റവിരുദ്ധ തീവ്രവലതുപക്ഷ പാര്‍ട്ടികള്‍ ശക്തിതെളിയിച്ച വര്‍ഷം കൂടിയാണ് 2022. ഇറ്റലിയില്‍ ഫാസിസ്റ്റ് വേരുകളുള്ള ബ്രദേഴ്‌സ് ഓഫ് ഇറ്റലിയുടെ നേതാവ് ജോര്‍ജിയ മെലോനി പ്രധാനമന്ത്രിയായി തെരഞ്ഞെടുക്കപ്പെട്ടു. തീവ്ര മത ദേശീയ പാര്‍ട്ടികളുടെ പിന്തുണയോടെ ഇസ്രയേലില്‍ വീണ്ടും ബെഞ്ചമിന്‍ നെതന്യാഹു പ്രധാനമന്ത്രിയാകാന്‍ പോകുകയാണ്.
അതേസമയം ലാറ്റിനമേരിക്ക രാഷ്‌ട്രീയമായി ഇടത്തോട്ട് കൂടുതല്‍ ചാഞ്ഞ വര്‍ഷമാണ് 2022. 2018ല്‍ മെക്‌സിക്കോയില്‍ തുടങ്ങിയ ഇടതു വസന്തം 2022ല്‍ കൊളംബിയയില്‍ ഗുസ്‌താവോ പെട്രോയിലൂടെയും ബ്രസീലില്‍ ലൂല ഡ ഡിസല്‍വയിലൂടെയും തുടര്‍ന്നു.
ഈ വര്‍ഷം ഈജിപ്‌റ്റില്‍ നടന്ന യുഎന്‍ കാലാവസ്‌ഥ ഉച്ചകോടിയില്‍ കാലാവസ്ഥവ്യതിയാനം മൂലമുണ്ടാകുന്ന പ്രകൃതിക്ഷോഭങ്ങള്‍ക്ക് നഷ്‌ടപരിഹാരം നല്‍കാന്‍ വേണ്ടി ഒരു ഫണ്ട് രൂപീകരിക്കാന്‍ തീരുമാനമായി. അതേസമയം ഫോസില്‍ ഇന്ധനങ്ങള്‍ വേണ്ടരീതിയില്‍ കുറയ്‌ക്കാനുള്ള ഒരു രൂപരേഖ അംഗീകരിക്കുന്നതില്‍ കാലാവസ്ഥ ഉച്ചകോടി പരാജയപ്പെട്ടെന്ന് പരിസ്ഥിതി പ്രവര്‍ത്തകര്‍ കുറ്റപ്പെടുത്തുന്നു.
ജീവിതചെലവ് പ്രതിസന്ധികാരണം യൂറോപ്പില്‍ വിവിധ ജനവിഭാഗങ്ങള്‍ പ്രതിഷേധിച്ചു. ഇറാനിലും ചൈനയിലും ജനങ്ങള്‍ നിലവിലെ രാഷ്‌ട്രീയ വ്യവസ്ഥിതിക്കെതിരെ മുദ്രാവാക്യങ്ങള്‍ ഉയര്‍ത്തികൊണ്ട് തെരുവിലിറങ്ങി. കലുഷിതമായ ലോകസാഹചര്യം നിലനില്‍ക്കുന്ന ഈ വര്‍ഷമാണ് ജി20യുടെ അധ്യക്ഷപദം ഇന്ത്യ ഏറ്റെടുക്കുന്നത്. ജി20യുടെ നയങ്ങള്‍ രൂപീകരിക്കുന്നതില്‍ നിര്‍ണായക സ്ഥാനമാണ് ഇന്ത്യയ്‌ക്ക് ഇതിലൂടെ കൈവരുന്നത്.
റഷ്യ-യുക്രൈന്‍ യുദ്ധം:ഭൗമ രാഷ്‌ട്രീയത്തിലും ലോക സമ്പദ്‌വ്യവസ്ഥയിലും നാനാവിധമായ പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കിയ സംഭവമാണ് യുക്രൈന്‍ യുദ്ധം. വര്‍ഷാവസാനത്തിലും യുദ്ധം അവസാനിക്കുന്നതിന്‍റെ യാതൊരു ലക്ഷണങ്ങളും കാണുന്നില്ല. യുഎസിന്‍റെ നേതൃത്വത്തിലുള്ള പാശ്ചാത്യ രാജ്യങ്ങള്‍ വലിയ രീതിയില്‍ ആയുധങ്ങളും പണവും നല്‍കി റഷ്യയ്‌ക്കെതിരായുള്ള ആക്രമണങ്ങള്‍ക്ക് യുക്രൈന്‍ സൈന്യത്തെ സജ്ജമാക്കുകയാണ്. യുദ്ധം തുടങ്ങിയതിന് ശേഷം ഒരു മാസം ശരാശരി 700കോടി ഡോളറാണ് യുഎസ് യുക്രൈന് സൈനിക സഹായമായി നല്‍കുന്നത്.
കിഴക്കന്‍ യുക്രൈനിലെ സ്വയം പ്രഖ്യാപിത റിപ്പബ്ലിക്കുകളായ ഡൊണസ്‌ക്, ലുഹാന്‍സ്‌ക് എന്നിവയെ അംഗീകരിച്ചുകൊണ്ട് റഷ്യന്‍ പ്രസിഡന്‍റ് വ്ളാദിമിര്‍ പുടിന്‍ 2022 ഫെബ്രുവരി 21ന് പ്രസ്‌താവന നടത്തിയതോടെയാണ് യുദ്ധത്തിന് കളമൊരുങ്ങുന്നത്. റഷ്യന്‍ സേന യുക്രൈനില്‍ പ്രവേശിക്കുന്നത് ഫെബ്രുവരി 24നാണ്. പ്രത്യേക സൈനിക നടപടി എന്നാണ് ഇതിനെ റഷ്യ വിശേഷിപ്പിക്കുന്നത്. യുക്രൈനില്‍ അപനാസീകരണവും(denazification), ഡീമിലിട്ടറൈസേഷനുമാണ് പ്രത്യേക സൈനിക നടപടിയുടെ ലക്ഷ്യങ്ങള്‍ എന്നാണ് റഷ്യ പ്രഖ്യാപിച്ചത്.
ആദ്യഘട്ടത്തില്‍ യുക്രൈന്‍ തലസ്ഥാനമായ കീവടക്കം പിടിച്ചെടുക്കാന്‍ റഷ്യന്‍ സേന ശ്രമിച്ചെങ്കിലും യുക്രൈന്‍ സൈന്യത്തിന്‍റെ ശക്തമായ ചെറുത്തുനില്‍പ്പില്‍ പദ്ധതി പരാജയപ്പെടുകയായിരുന്നു. പിന്നീട് കിഴക്കന്‍ യുക്രൈനില്‍ റഷ്യ സൈനിക നടപടി കേന്ദ്രീകരിക്കുന്നു. അമേരിക്കയടക്കമുള്ള പാശ്ചാത്യ രാജ്യങ്ങളില്‍ നിന്ന് ഹൈപ്രസിഷന്‍ റോക്കറ്റ് സംവിധാനങ്ങള്‍ അടക്കമുള്ള ആയുധങ്ങള്‍ ഉപയോഗിച്ച് കൊണ്ട് റഷ്യ പിടിച്ചടക്കിയ പല പ്രദേശങ്ങളും യുക്രൈന്‍ തിരിച്ച് പിടിക്കുന്നു.
കിഴക്കന്‍ യുക്രൈനിലെ യുക്രൈന്‍ സൈന്യത്തിന്‍റെ ഒരോ മുന്നേറ്റത്തോടും റഷ്യ പ്രതികരിക്കുന്നത് കീവടക്കമുള്ള നഗരങ്ങളില്‍ ഡ്രോണ്‍ ആക്രമണം നടത്തിയാണ്. വൈദ്യുതി അടക്കമുള്ള അടിസ്ഥാന സൗകര്യങ്ങളെയാണ് ആക്രമണം ലക്ഷ്യം വയ്‌ക്കുന്നത്. ഇത് കാരണം കടുത്ത ശൈത്യത്തില്‍ ഉഴലുകയാണ് ജനം.
നാറ്റോയുടെ കിഴക്കോട്ടുള്ള വ്യാപനമാണ് യുക്രൈന്‍ യുദ്ധത്തിലേക്ക് വഴിവെച്ചത് എന്ന് റഷ്യയെ അനുകൂലിക്കുന്നവര്‍ വിലയിരുത്തുന്നു. അതേസമയം പഴയ റഷ്യന്‍ സാമ്രാജ്യം പുനസ്ഥാപിക്കുക എന്ന വ്‌ളാദിമിര്‍ പുടിന്‍റെ ലക്ഷ്യമാണ് യുക്രൈനില്‍ റഷ്യന്‍ സേന ആക്രമണം നടത്താന്‍ കാരണമായതെന്ന് റഷ്യന്‍ ഭരണകൂടത്തെ എതിര്‍ക്കുന്നവര്‍ പറയുന്നു.
സ്വീഡനും ഫിന്‍ലന്‍റും നാറ്റോയില്‍ ചേരുന്നു:നാറ്റോയുടെ കിഴക്കോട്ടുള്ള വ്യാപനമാണ് യുക്രൈന്‍ യുദ്ധത്തിനുള്ള കാരണങ്ങളില്‍ ഒന്നായി റഷ്യ പറയുന്നത്. എന്നാല്‍ യുക്രൈന്‍ യുദ്ധം ആരംഭിച്ചതിന് ശേഷം സ്വീഡനും ഫിന്‍ലാന്‍റും നാറ്റോയില്‍ ചേരാന്‍ തീരുമാനിച്ചു. ഫിന്‍ലാന്‍റ് റഷ്യയുമായി കര അതിര്‍ത്തി പങ്കിടുന്ന രാജ്യമാണ്. സ്വീഡന്‍ റഷ്യയുമായി സമുദ്രാതിര്‍ത്തി പങ്കിടുന്നുണ്ട്. ഒരു സൈനിക ചേരിയുടെയും ഭാഗമാകാത്തതിന്‍റെ ചരിത്രമാണ് ഇതിലൂടെ ഇരു രാജ്യങ്ങളിലും മാറ്റിയിരിക്കുന്നത്.
ആഗോള സാമ്പത്തിക പ്രതിസന്ധി: കൊവിഡ് സൃഷ്‌ടിച്ച ആഘാതം പൂര്‍ണമായും മാറുന്നതിന് മുമ്പ് യുക്രൈന്‍ യുദ്ധം പൊട്ടിപുറപ്പെട്ടതാണ് ലോകത്ത് വലിയ സാമ്പത്തിക പ്രതിസന്ധി ഉടലെടുക്കാന്‍ കാരണമായത്. വിതരണ ശൃംഖലയിലെ തടസങ്ങളാണ് നിലവിലെ സാമ്പത്തിക പ്രതിസന്ധിയുടെ കാരണം. അതുകൊണ്ട് തന്നെ 2008ലെ ആഗോളസാമ്പത്തിക മാന്ദ്യത്തില്‍ നിന്നും വ്യത്യസ്‌തമാണ് ഇത്.
ധനകാര്യ സ്ഥാപനങ്ങളിന്‍മേല്‍ വേണ്ടത്ര നിയന്ത്രണങ്ങളില്‍ ഇല്ലാത്തത് കാരണം അവയില്‍ ഉടലെടുത്ത പ്രതിസന്ധിയാണ് 2008ലെ സാമ്പത്തിക പ്രതിസന്ധിക്ക് കാരണം. സാമ്പത്തിക മാന്ദ്യത്തില്‍ നിന്ന് കരകയറാന്‍ അന്ന് യുഎസ് അടക്കമുള്ള രാജ്യങ്ങളിലെ ബാങ്കുകള്‍ പലിശ നിരക്ക് കുറയ്‌ക്കുകയും കൂടുതല്‍ പണം വിപണിയില്‍ ലഭ്യമാക്കുകയും ചെയ്‌തു. എന്നാല്‍ നിലവിലെ സാമ്പത്തിക പ്രതിസന്ധിയോടുള്ള കേന്ദ്ര ബാങ്കുകളുടെ പ്രതികരണം പലിശ നിരക്കുകള്‍ വര്‍ധിപ്പിക്കുക എന്നതാണ്.
റഷ്യയ്‌ക്കെതിരായ ഉപരോധം ക്രൂഡ് ഓയില്‍ അടക്കമുള്ള അസംസ്‌കൃത വസ്‌തുക്കളുടെ വില വര്‍ധിപ്പിച്ചു. യുദ്ധം കാരണം യുക്രൈനില്‍ നിന്ന് ഗോതമ്പ് അടക്കമുള്ള കാര്‍ഷികോല്‍പ്പന്നങ്ങളുടെ ലോകവിപണിയിലേക്കുള്ള വരവ് കുറഞ്ഞു. ഇതിന്‍റെ പരിണിതഫലം ലോകത്താകമാനമുള്ള വിലക്കയറ്റമാണ്. യൂറോപ്പിലും അമേരിക്കയിലും വിലക്കയറ്റം 40 വര്‍ഷത്തെ ഏറ്റവും ഉയര്‍ന്ന നിലയില്‍ എത്തി. ഈ വിലക്കയറ്റം പിടിച്ച് നിര്‍ത്താന്‍ കേന്ദ്ര ബാങ്കുകളുടെ ആവനാഴിയിലുള്ള ഏക ആയുധം പലിശ നിരക്ക് വര്‍ധിപ്പിക്കുക എന്നുള്ളതാണ്. എന്നാല്‍ ഇതിന്‍റെ പരിണിത ഫലം സാമ്പത്തിക വളര്‍ച്ച നിരക്ക് കുറയലാണ്.
ശ്രീലങ്കന്‍ പ്രതിസന്ധി:കൊവിഡ് പ്രതിസന്ധിയും യുക്രൈന്‍ യുദ്ധവും സൃഷ്‌ടിച്ച ആഘാതവും അതോടൊപ്പം പ്രസിഡന്‍റ് ഗോതാബായ രാജപക്‌സയുടെ സാമ്പത്തിക രംഗത്തെ കെടുകാര്യസ്ഥതയുമാണ് പ്രതിസന്ധിയിലേക്ക് നയിച്ചത്. കൊവിഡ് ശ്രീലങ്കയുടെ ടൂറിസം വ്യവസായത്തെ തകര്‍ത്തു. ഇത് കാരണം രാജ്യത്തിന്‍റെ പ്രധാന വിദേശ നാണ്യ വരുമാനം സ്രോതസ് ഇല്ലാതാക്കി.
കാര്‍ഷിക മേഖലയില്‍ രാസവളം ഇല്ലാതാക്കി ജൈവകൃഷിക്ക് ഊന്നല്‍ കൊടുത്തത് നെല്ല് , തേയില ഉത്‌പാദനത്തില്‍ വലിയ കുറവ് വരുത്തി. തേയില ശ്രീലങ്കയുടെ പ്രധാന കയറ്റുമതി ഉത്‌പന്നങ്ങളില്‍ ഒന്നാണ്. ഇങ്ങനെ വിദേശ നാണ്യം നേടിത്തരുന്ന സ്രോതസുകളില്‍ നിന്നുള്ള വരുമാനം നന്നേ കുറയുകയും അതേസമയം തന്നെ യുക്രൈന്‍ യുദ്ധം കാരണം ഇന്ധനങ്ങളുടെ വില വലിയ രീതിയില്‍ വര്‍ധിക്കുകയും ചെയ്‌തു.
ഫെബ്രുവരി 2022ല്‍ ശ്രീലങ്കയുടെ വിദേശ നാണ്യ ശേഖരത്തില്‍ 2.31 ബില്യണ്‍ ഡോളര്‍ മാത്രമെ ഉണ്ടായിരുന്നുള്ളൂ. എന്നാല്‍ 2022ലെ വിദേശ കടം തിരിച്ചടവ് നാല് ബില്യണ്‍ ഡോളറും. ആവശ്യത്തിന് ഇന്ധനം ഇറക്കുമതി ചെയ്യാന്‍ വിദേശ നാണ്യമില്ലാത്തത് കാരണം കടുത്ത ഇന്ധനക്ഷാമം രാജ്യത്ത് അനുഭവപ്പെട്ടു.
2022 മാര്‍ച്ചിലാണ് ശ്രീലങ്കന്‍ സര്‍ക്കാറിനെതിരെ വലിയ രീതിയിലുള്ള പ്രതിഷേധം ഉടലെടുത്തത്. പ്രസിഡന്‍റ് ഗോതാബായ രാജപക്‌സയും രാജപക്‌സ കുടുംബത്തില്‍ നിന്നുള്ള കാബിനറ്റിലെ അംഗങ്ങള്‍ രാജിവയ്‌ക്കണമെന്നാവശ്യം പ്രക്ഷോഭകര്‍ ഉന്നയിച്ചു. 'ഗോദ വീട്ടില്‍ പോകൂ' എന്നതായിരുന്നു പ്രക്ഷോഭകരുടെ പ്രധാന മുദ്രാവാക്യം.
ജൂലായില്‍ പ്രസിഡന്‍റിന്‍റെ വസതി പ്രക്ഷോഭകര്‍ കൈയടക്കുന്നു. ഗോദബായ രാജപക്‌സെ രാജ്യം വിടുന്നതിലേക്കാണ് ഇത് നയിച്ചത്. ജൂലൈ 20ന് പാര്‍ലമെന്‍റ് പ്രധാനമന്ത്രിയായിരുന്ന വിക്രമസിംഗയെ പ്രസിഡന്‍റായി തെരഞ്ഞെടുക്കുന്നു. സാമ്പത്തിക സാഹചര്യം അല്‍പ്പം മെച്ചപ്പെട്ടതോടെ നവംബര്‍ ആയപ്പോഴേക്കും പ്രക്ഷോഭത്തിന് ശമനം ഉണ്ടാകുന്നു. സാമ്പത്തിക പ്രതിസന്ധിയില്‍ നിന്ന് ശ്രീലങ്കയ്‌ക്ക് പൂര്‍ണമായി കരകയറുന്നതിന് 2026വരെ സമയമെടുക്കും എന്നാണ് വിലയിരുത്തപ്പെടുന്നത്.
ടെക് കമ്പനികളിലെ കൂട്ട പിരിച്ചുവിടല്‍: 2022 ടെക് കമ്പനികള്‍ക്ക് കഷ്‌ടകാലമായിരുന്നു. വന്‍ ടെക് കമ്പനികളായ മെറ്റ, ആമസോണ്‍, മൈക്രോസോഫ്‌റ്റ്, ട്വിറ്റര്‍, നെറ്റ്ഫ്ലിക്‌സ് അടക്കമുള്ള കമ്പനികള്‍ ജീവനക്കാരെ കൂട്ടമായി പിരിച്ചുവിട്ടു. 2022ല്‍ ടെക്ക് കമ്പനികള്‍ രണ്ട് ലക്ഷം പേരെ പിരിച്ചുവിട്ടു എന്നാണ് കണക്ക്.
2008-09ലെ ആഗോള മാന്ദ്യ സമയത്ത് ടെക് കമ്പനികള്‍ പിരിച്ചുവിട്ടതിനേക്കാളും കൂടുതലാണ് ഈ തവണ പിരിച്ചുവിട്ടിരിക്കുന്നത്. ഫേസ്‌ബുക്കിന്‍റെ മാതൃകമ്പനിയായ മെറ്റയാണ് ഏറ്റവും കൂടുതല്‍ ആളുകളെ പിരിച്ചുവിട്ടിരിക്കുന്നത്. 11,000 ജീവനക്കാരെയാണ് മെറ്റ പിരിച്ചുവിട്ടത്. കമ്പനിയിലെ ജീവനക്കാരിലെ 13 ശതമാനം വരും ഇത്.
ആമസോണ്‍ 10,000 ജീവനക്കാരെയാണ് പിരിച്ചുവിട്ടത്. ട്വിറ്റര്‍ 3,700 പേരെയും പിരിച്ചുവിട്ടു. ഇത് അവരുടെ ജീവനക്കാരുടെ 75 ശതമാനം വരും.
ലോക്‌ഡൗണ്‍ സമയത്ത് ടെക് കമ്പനികള്‍ വലിയ രീതിയില്‍ വളര്‍ച്ച കൈവരിച്ചിരുന്നു. ഇതേ വളര്‍ച്ച നിരക്ക് തുടര്‍ന്നും ലഭിക്കുമെന്ന ചിന്തയില്‍ കൂടുതല്‍ പേരെ കമ്പനികള്‍ ജോലിക്കെടുത്തു. ലോക്‌ഡൗണ്‍ മാറിയതോടെ ആളുകള്‍ ഓണ്‍ലൈനില്‍ ചെലവഴിക്കുന്നതും ഓണ്‍ലൈന്‍ പര്‍ച്ചേസ് നടത്തുന്നതും കുറച്ചു. കൂടാതെ സാമ്പത്തിക മാന്ദ്യം കാരണം കമ്പനികള്‍ പരസ്യങ്ങള്‍ നല്‍കുന്നത് കുറച്ചതും ടെക് കമ്പനികളെ പ്രതിസന്ധിയിലാക്കി.
ബ്രിട്ടണില്‍ ഋഷി സുനക് ചരിത്രം സൃഷ്‌ടിക്കുന്നു: വെളുത്ത വര്‍ഗക്കാരനല്ലാത്ത ആദ്യ ബ്രിട്ടീഷ് പ്രധാനമന്ത്രിയാണ് ഋഷി സുനക്. ഇന്‍ഫോസിസ് സ്ഥാപകന്‍ നാരായണ മൂര്‍ത്തിയുടെ മകളുടെ ഭര്‍ത്താവ് കൂടിയാണ് സുനക്. 2022ലെ മൂന്നാമത്തെ കണ്‍സര്‍വേറ്റീവ് പാര്‍ട്ടിയില്‍ നിന്നുള്ള പ്രധാനമന്ത്രിയാണ് ഋഷി സുനക്. വലിയ ജീവിതച്ചെലവ് പ്രതിസന്ധികാരണം ഉഴലുന്ന സാമ്പത്തിക രംഗം മെച്ചപ്പെടുത്തുകയും കണ്‍സര്‍വേറ്റീവ് പാര്‍ട്ടിയെ ഒന്നിപ്പിക്കുക എന്നുള്ളതുമാണ് ഋഷി സുനകിന്‍റെ മുന്നിലുള്ള പ്രധാന വെല്ലുവിളികള്‍.
യൂറോപ്പിലെ വലതുപക്ഷ മുന്നേറ്റം:ഇറ്റലിയില്‍ ഫാസിസ്‌റ്റ് മുസോളിനിക്ക് ശേഷം ആദ്യമായി തീവ്രവലതുപക്ഷ നേതാവ് പ്രധാനമന്ത്രിയായി തെരഞ്ഞെടുക്കപ്പെട്ടു. ബ്രദേഴ്‌സ് ഓഫ് ഇറ്റലിയുടെ നേതാവ് ജോര്‍ജിയ മെലോനിയാണ് പ്രധാനമന്ത്രിയായി തെരഞ്ഞെടുക്കപ്പെട്ടത്. സ്വീഡനില്‍ വലതുപക്ഷ പോപ്പുലിസ്‌റ്റ് പാര്‍ട്ടിയായ സ്വീഡന്‍ ഡെമോക്രാറ്റ്സ്(എസ്‌ഡി) 20.5 ശതമാനം വോട്ടുകള്‍ നേടി രണ്ടാമത്തെ ഏറ്റവും വലിയ ഒറ്റകക്ഷിയായി മാറി. വലത് പക്ഷ സഖ്യ സര്‍ക്കാരിനെ പുറത്ത് നിന്ന് പിന്തുണയ്‌ക്കുന്നത് എസ്‌ഡിയാണ്. സര്‍ക്കാറിന്‍റെ നയങ്ങളില്‍ വലിയ സ്വാധീനമാണ് ഈ പാര്‍ട്ടിക്ക് കൈവന്നിരിക്കുന്നത്
2022ല്‍ ഫ്രഞ്ച് പാര്‍ലമെന്‍റിലേക്ക് നടന്ന തെരഞ്ഞെടുപ്പില്‍ മറീന്‍ ലെ പെന്‍ നേതൃത്വം കൊടുക്കുന്ന തീവ്രവലതുപക്ഷ പാര്‍ട്ടിയായ നേഷണല്‍ പാര്‍ട്ടി 577 അംഗ പാര്‍ലമെന്‍റില്‍ 89 സീറ്റുകള്‍ നേടി ഏറ്റവും വലിയ പ്രതിപക്ഷ പാര്‍ട്ടിയായി മാറി.
ഇസ്രയേലില്‍ ബെഞ്ചമിന്‍ നെതന്യാഹു വീണ്ടും പ്രധാനമന്ത്രി പദത്തിലേക്ക്: ലിക്യുഡ് പാര്‍ട്ടി നേതാവായ ബെഞ്ചമിന്‍ നെതന്യാഹു തീവ്രദേശീയ മതപാര്‍ട്ടികളുമായി ചേര്‍ന്നാണ് ഭരിക്കാനുള്ള ഭൂരിപക്ഷം നേടുന്നത്. ഒന്നര വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ബെഞ്ചമിന്‍ നെതന്യാഹു അധികാരത്തിലേറാന്‍ പോകുന്നത്. ഇസ്രയേലിന്‍റെ ചരിത്രത്തിലെ തന്നെ ഏറ്റവും തീവ്ര വലതുപക്ഷ സര്‍ക്കാറിനാണ് നെതന്യാഹു നേതൃത്വം കൊടുക്കാന്‍ പോകുന്നത്. 120 അംഗ പാര്‍ലമെന്‍റില്‍ തീവ്രദേശീയ പാര്‍ട്ടികളുടെയും തീവ്ര പരമ്പരാഗത പാര്‍ട്ടികളും അടങ്ങിയ സഖ്യത്തിന് 64 സീറ്റാണ് ലഭിച്ചത്.
നെതന്യാഹുവിന്‍റെ സഖ്യത്തിലെ പ്രധാന നേതാവായ ഇത്തമര്‍ ബെന്‍ ഗവിര്‍(Itamar Ben-Gvir) കടുത്ത അറബ് വിരോധം വച്ച് പുലര്‍ത്തുന്ന ആളാണ്. 2007ല്‍ വംശീയതയ്‌ക്കും ജൂത തീവ്രവാദ സംഘടനയെ പിന്തുണച്ചതിനും ശിക്ഷിക്കപ്പെട്ട വ്യക്തിയാണ് ബെന്‍ ഗവീര്‍. തീവ്ര വലതുപക്ഷ പാര്‍ട്ടികളുടെ നിലപാട് പലസ്‌തീനിലെ ഇസ്രയേല്‍ അധിനിവേശ മേഖലകളിലെ ജൂത കുടിയേറ്റമേഖലകള്‍ വ്യാപിപ്പിക്കണമെന്നാണ്. ഇത് വെസ്‌റ്റ്ബാങ്കില്‍ പലസ്‌തീന്‍ സ്വാതന്ത്ര രാജ്യം എന്നത് തീര്‍ത്തും അസാധ്യമാക്കി തീര്‍ക്കും.
ഇടത്തോട്ട് വീണ്ടും മുന്നേറി ലാറ്റിനമേരിക്ക: 2018ല്‍ മെക്‌സിക്കന്‍ പൊതുതെരഞ്ഞടുപ്പിലൂടെ ആരംഭിച്ച ലാറ്റിനമേരിക്കയിലെ ഇടതുപക്ഷ വസന്തം എത്തി നില്‍ക്കുന്നത് ബ്രസീലില്‍ ട്രംപിന്‍റെ പതിപ്പെന്ന് വിശേഷണമുള്ള തീവ്രവലതുപക്ഷ നേതാവ് ബോള്‍സനാരോയെ പരാജയപ്പെടുത്തി ലൂല ഡ സില്‍വ പ്രസിഡന്‍റ് പദത്തിലേക്ക് തിരിച്ച് വരുന്നതിലാണ്. ആദ്യ റൗണ്ടില്‍ ആര്‍ക്കും 50 ശതമാനത്തില്‍ അധികം വോട്ട് ലഭിക്കാത്തതിനാല്‍ മല്‍സരം രണ്ടാം റൗണ്ടിലേക്ക് പോയി. രണ്ടാം റൗണ്ടില്‍ ലൂലയ്‌ക്ക് 50.90 ശതമാനവും ബോള്‍സനാരോയ്‌ക്ക് 49.10 ശതമാനവുമാണ് വോട്ടുകള്‍ ലഭിച്ചത്.