ലിസ്ബൺ (പോർച്ചുഗൽ): ലോകത്തിലെ ഏറ്റവും പ്രായം കൂടിയ നായ എന്ന ഖ്യാതി നേടിയ 31 വയസ്സുള്ള ബോബി ചത്തതായി ഉടമ തിങ്കളാഴ്‌ച അറിയിച്ചു. ബോബിയെ പല തവണ പരിശോധിച്ചിട്ടുള്ള മൃഗഡോക്ടറാണ് മരണ വാർത്ത സോഷ്യൽ മീഡിയയിലൂടെ പുറത്ത് വിട്ടത് (Worlds Oldest Dog Ever Dies In Portugal).
പോർച്ചുഗലിലെ കോൺക്വീറോസ് ഗ്രാമത്തിലെ കോസ്‌റ്റ കുടുംബത്തിലാണ് ബോബി ജനിച്ചത്. ഫാമിൽ കോസ്‌റ്റയ്ക്കും നാല് പൂച്ചകൾക്കുമൊപ്പമായിരുന്നു ബോബി താമസിച്ചിരുന്നത്. ഉടമയായ ലിയോണലിന് വെറും 8 വയസ്സുള്ളപ്പോളാണ് 1992 മെയ് 11 ബോബി ജനിച്ചത്.
ബോബിയുടെ നീണ്ട ജീവിതത്തിന്‍റെ രഹസ്യം നല്ല ഭക്ഷണവും ശുദ്ധ വായുവും ധാരാളം സ്നേഹവുമായിരുന്നു. നമ്മൾ കഴിക്കുന്നത് ബോബി കഴിക്കുന്നു എന്ന് ഈ വർഷമാദ്യം ഒരു അഭിമുഖത്തിൽ ഉടമയായ കോസ്‌റ്റ അസോസിയേറ്റഡ് പ്രസ്സിനോട് പറഞ്ഞിരുന്നു.
1939-ൽ 29-ആം വയസ്സിൽ മരിച്ച ബ്ലൂയി എന്ന ഓസ്‌ട്രേലിയൻ കേറ്റിൽ നായയിൽ നിന്ന് ബോബി ഗിന്നസ് വേൾഡ് റെക്കോർഡ് സ്വന്തമാക്കിയിരുന്നു. കഴിഞ്ഞ ഫെബ്രുവരിയിലാണ് ലോകത്തിലെ ഏറ്റവും പ്രായം കൂടിയ നായ എന്ന റെക്കോർഡ് അവൻ സ്വന്തമാക്കിയത്.
ലോകത്തിലെ ഏറ്റവും പ്രായം കൂടിയ നായയായ ബോബിയുടെ മരണവാർത്ത അറിഞ്ഞതിൽ ദു:ഖമുണ്ടെന്ന് ഗിന്നസ് വേൾഡ് റെക്കോർഡ്‌സ് അധികൃതർ തിങ്കളാഴ്‌ച പറഞ്ഞു. ബോബി 31 വർഷവും 165 ദിവസവും ജീവിച്ചിരുന്നുവെന്നും ശനിയാഴ്‌ച മരിച്ചുവെന്നും അവരുടെ വെബ്‌സൈറ്റിൽ നൽകിയ പ്രസ്‌താവനയിൽ പറഞ്ഞു.