ഹൈദരാബാദ്:അമിതഭാരം പല ആരോഗ്യ പ്രശ്‌നങ്ങള്‍ക്കും കാരണമാകുന്നു. വര്‍ത്തമാന കാലത്ത് ലോകം നേരിടുന്ന ഏറ്റവും വലിയ ആരോഗ്യ പ്രശ്‌നങ്ങളില്‍ ഒന്നാണ് അമിതഭാരം. എല്ലാ വര്‍ഷവും മാര്‍ച്ച് നാലിന് ലോക അമിതഭാര ദിനമായി(World Obesity Day)ആചരിക്കുന്നു.
അമിതഭാരത്തിന്‍റെ ആരോഗ്യ പ്രശ്‌നങ്ങളും അതിനുള്ള കാരണങ്ങളും സംബന്ധിച്ച് ജനങ്ങളില്‍ അവബോധം ഉണ്ടാക്കുകയാണ് ഈ ദിനം ആചരിക്കുന്നതിന്‍റെ പ്രധാന ലക്ഷ്യം. അമിതഭാരം ഡയഗ്‌നോസിസ് ചെയ്യുന്നതിനും തടയുന്നതിനുമുള്ള മികച്ച മാര്‍ഗങ്ങള്‍ കണ്ടെത്തുകയും അവ വ്യാപകമായി ലഭ്യമാക്കുന്നതിന് പ്രോത്സാഹനം നല്‍കലും അമിതഭാര ദിനം ആചരിക്കുന്നതിന്‍റെ ലക്ഷ്യങ്ങളാണ്.
"മാറുന്ന കാഴ്‌ചപ്പാടുകള്‍: നമുക്ക് അമിതഭാരത്തെ കുറിച്ച് സംസാരിക്കാം" എന്ന തീമിന്‍റെ അടിസ്ഥാനത്തിലാണ് ഈ വര്‍ഷത്തെ ലോക അമിത ഭാരം ദിനം ആചരിക്കുന്നത്. കുടുംബങ്ങള്‍, സൗഹൃദ വലയങ്ങള്‍, വിദ്യാലയങ്ങള്‍, ഓഫിസുകള്‍ തുടങ്ങിയ സാമൂഹ്യ ഇടങ്ങളില്‍ അമിതഭാരവും പൊണ്ണത്തടിയുമൊക്കെ നിര്‍ഭാഗ്യവശാല്‍ പരിഹാസത്തിന്‍റേയും തമാശയുടെയും മറ്റും കേന്ദ്ര വിഷയങ്ങളായി പലപ്പോഴും മാറുന്നു. പലപ്പോഴും അമിതഭാരമുള്ളവര്‍, ആളുകള്‍ കളിയാക്കുമോ എന്ന് ഭയന്ന്, തടി കൂടുതലായതിന്‍റെ ഫലമായി ഉണ്ടാകുന്ന മാനസികവും ശാരീരികവുമായ ബുദ്ധിമുട്ടുകള്‍ പുറത്ത് പറയാറില്ല. ഇത് കാരണം അവരുടെ ജീവിത നിലവാരം താഴാനും അവര്‍ വിഷാദ രോഗത്തിലേക്ക് പോകാനും സാധ്യതയുണ്ട്.
പല രോഗങ്ങളുടെയും വില്ലന്‍ പൊണ്ണത്തടി:പ്രമേഹം, ഉയര്‍ന്ന രക്ത സമ്മര്‍ദം, ഹൃദ്രോഗങ്ങള്‍, അര്‍ബുദം, പക്ഷാഘാതം(stroke) മുതലായ രോഗങ്ങള്‍ പിടിപെടുന്നവരുടെ എണ്ണം ക്രമാനുഗതം വര്‍ധിച്ച് കൊണ്ടിരിക്കുകയാണ്. മേല്‍പ്പറഞ്ഞ രോഗങ്ങളുടെ പ്രധാന കാരണക്കാരന്‍ അമിതവണ്ണമാണ്. കൂടാതെ ഈ രോഗങ്ങള്‍ കൂടുതല്‍ സങ്കീര്‍ണമാക്കുന്നതും അമിതവണ്ണമാണ്.
ലോക പൊണ്ണത്തടി ഫെഡറേഷന്‍റെ(World Obesity Federation) കണക്ക് പ്രകാരം ആഗോള തലത്തില്‍ 100 കോടി ആളുകള്‍ അമിതഭാരം കൊണ്ടുള്ള ആരോഗ്യ പ്രശ്‌നങ്ങള്‍ അനുഭവിക്കുന്നുണ്ട്. എന്നാല്‍ പൊണ്ണത്തടിയുള്ളവരുടെ എണ്ണം വലിയ രീതിയില്‍ കൂടുമെന്നാണ് വിലയിരുത്തപ്പെടുന്നത്. 2035 ഓടുകൂടി ലോകത്ത് അമിതഭാരം ഉള്ളവരുടെ എണ്ണം 190 കോടി(1.9 billion) ആകുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. അതായത് ലോകത്തിലെ ഓരോ നാല് പേരിലും ഒരാള്‍ പൊണ്ണത്തടിയുടെ ഇരകളായി മാറും.