സൂറിച്ച്: ലോകകപ്പിലെ സ്വപ്‌ന കിരീടം സ്വന്തമാക്കിയതിന് പിന്നാലെ ഫിഫ റാങ്കിങ്ങിലും ഒന്നാമതെത്തി അർജന്‍റീന. മുൻ ലോക ചാമ്പ്യന്മാരായ ബ്രസീലിനെ പിന്തള്ളിയാണ് ആറ് വർഷത്തെ ഇടവേളയ്‌ക്ക് ശേഷം അർജന്‍റീന ഒന്നാം സ്ഥാനത്തേക്ക് തിരികെയെത്തിയത്. ഇതോടെ ബ്രസീൽ ഫ്രാൻസിനും താഴെ മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. അര്‍ജന്‍റീനക്ക് 1840.93 റേറ്റിങ് പോയന്‍റും ഫ്രാന്‍സിന് 1838.45 റേറ്റിങ് പോയന്‍റും ബ്രസീലിന് 1834.21 റേറ്റിങ് പോയന്‍റുമാണുള്ളത്.
ബെൽജിയം, ഇംഗ്ലണ്ട് ടീമുകളാണ് നാലും അഞ്ചും സ്ഥാനങ്ങളിൽ. ക്രൊയേഷ്യ, ഇറ്റലി, പോർച്ചുഗൽ, സ്‌പെയിൻ എന്നീ ടീമുകളാണ് ആദ്യ പത്തിൽ ഉൾപ്പെട്ടിട്ടുള്ളത്. ലോക കിരീടം നേടിയെങ്കിലും ഫിഫ റാങ്കിങ്ങിൽ രണ്ടാം സ്ഥാനത്തായിരുന്നു അർജന്‍റീന. എന്നാൽ അടുത്തിടെ കഴിഞ്ഞ അന്താരാഷ്‌ട്ര സൗഹൃദ മത്സരങ്ങളിൽ പനാമയ്‌ക്കും, കുറസോവോയ്‌ക്കുമെതിരെ നേടിയ വിജയങ്ങളാണ് അർജന്‍റീനയ്‌ക്ക് തുണയായത്.
ഇതിനിടെ ബ്രസീൽ അപ്രതീക്ഷിതമായി മൊറോക്കോയോട് തോൽക്കുകയും ചെയ്‌തതോടെ അർജന്‍റീനയ്‌ക്ക് കാര്യങ്ങൾ കൂടുതൽ എളുപ്പമാവുകയായിരുന്നു. ഒന്നിനെതിരെ രണ്ട് ഗോളുകൾക്കാണ് മൊറോക്കോയോട് ബ്രസീൽ തോറ്റത്. തോൽവി വഴങ്ങിയതോടെ ബ്രസീലിന് 6.56 റേറ്റിങ് പോയിന്‍റ് നഷ്‌ടമായിരുന്നു. ലോകകപ്പ് ഫൈനലിലെ പരാജയത്തിന് പിന്നാലെ നെതർലൻഡ്‌സ്, അയർലൻഡ് എന്നീ ടീമുകൾക്കെതിരെ നേടിയ വിജയമാണ് ഫ്രാൻസിനെ റാങ്കിങ്ങിൽ രണ്ടാം സ്ഥാനത്തേക്ക് എത്തിച്ചത്.
ഖത്തർ ലോകകപ്പിൽ സൗദി അറേബ്യയോട് ഉദ്‌ഘാടന മത്സരത്തിൽ അപ്രതീക്ഷിത തോൽവി വഴങ്ങിയതാണ് അന്ന് അർജന്‍റീനയുടെ ഒന്നാം റാങ്ക് മോഹങ്ങൾക്ക് തിരിച്ചടിയായത്. ആ തോൽവിയോടെ 39 റേറ്റിങ് പോയിന്‍റാണ് അർജന്‍റീനക്ക് നഷ്‌ടമായത്. കൂടാതെ ഷൂട്ടൗട്ടിൽ നേടുന്ന വിജയങ്ങൾക്ക് നിശ്ചിത സമയത്ത് നേടുന്ന വിജയങ്ങളേക്കാൾ കുറവ് റാങ്കിങ് പോയിന്‍റേ ലഭിക്കൂ എന്നതും അർജന്‍റീനക്ക് തിരിച്ചടിയാവുകയായിരുന്നു.