ആഗോള തലത്തില്‍ ഏറെ പ്രചാരമുള്ള കായിക ഇനങ്ങളുടെ പട്ടിക തയ്യാറാക്കിയാല്‍ ആദ്യ പത്തിനുള്ളില്‍ തന്നെ ഇടം പിടിച്ചേക്കാവുന്ന ഒന്നാണ് ബാസ്‌കറ്റ്ബോള്‍ (Basketball). അമേരിക്കയില്‍ രൂപം കൊണ്ട കായിക വിനോദം. അതിന് ഇന്ന് ലോകമെമ്പാടുമുള്ളത് ദശലക്ഷക്കണക്കിന് ആരാധകര്‍.
മറ്റ് പല കായിക ഇനങ്ങളെയും പോലെ ബാസ്‌കറ്റ്‌ബോളും അതിരുകളെയും സംസ്കാരങ്ങളെയും ഭാഷകളെയും മറികടക്കുന്നു. കൂടാതെ, വ്യത്യസ്ത പശ്ചാത്തലങ്ങളില്‍ നിന്നുമെത്തുന്നവര്‍ക്ക് ഒത്തുചേരാനും ആശയവിനിമയം നടത്തി പുതിയ ബന്ധങ്ങള്‍ സൃഷ്‌ടിക്കാനും ബാസ്‌കറ്റ്ബോള്‍ ഒരു വേദിയാകുന്നുമുണ്ട്. ഇങ്ങനെ, ലോകമെമ്പാടുമുള്ള ദശലക്ഷക്കണക്കിന് ആളുകളെ സന്തോഷത്തിലാക്കുന്ന, പ്രചോദിപ്പിക്കുന്ന ഒരു കായിക വിനോദത്തെ ബഹുമാനിക്കുന്നതിനായാണ് ഡിസംബര്‍ 21 ലോക ബാസ്കറ്റ്ബോള്‍ ദിനമായി (World Basketball Day) ആചരിക്കുന്നത്. ഇത് ആദ്യമായാണ് ആഗോളതലത്തില്‍ ഈ ദിനം ആഘോഷമാക്കുന്നത്.
ലെബ്രോണ്‍ ജെയിംസ് (LeBron James), മാജിക് ജോണ്‍സണ്‍ (Magic Johnson), മൈക്കില്‍ ജോര്‍ഡന്‍ (Michael Jordan), കരീം അബ്‌ദുല്‍ ജബ്ബാര്‍ (Kareem Abdul Jabbar) അങ്ങനെ ഒരുപാട് ഇതിഹാസങ്ങളെ ലോകത്തിന് സമ്മാനിച്ച ഈ കായിക വിനോദത്തെ കുറിച്ച് കൂടുതല്‍ അറിയാം.
ഡിസംബര്‍ 21ന്‍റെ കഥ:കനേഡിയന്‍ ഫിസിക്കല്‍ എജ്യുക്കേഷന്‍ ഇന്‍സ്‌ട്രക്‌ടര്‍ ജെയിംസ് നൈസ്‌മിത്ത് (Dr. James Naismith) രൂപം നല്‍കിയ ഒരു കായിക വിനോദമാണ് ബാസ്‌കറ്റ് ബോള്‍. ശൈത്യകാലത്ത് തന്‍റെ വിദ്യാര്‍ഥികള്‍ മടി പിടിച്ചിരിക്കുന്നത് ഒഴിവാക്കാന്‍ വേണ്ടി വികസിപ്പിച്ചെടുത്ത ഒരു കളി. അതായിരുന്നു ആദ്യം ബാസ്‌കറ്റ്ബോള്‍.
അങ്ങനെ, ജെയിംസ് നൈസ്‌മിത്ത് രൂപം നല്‍കിയ ബാസ്‌ക്കറ്റ് ബോള്‍ ആദ്യമായി കളിക്കുന്നത് 1891 ഡിസംബർ 21ന്. യുഎസ്എയിലെ മസാച്യുസെറ്റ്‌സ് സ്‌പ്രിങ്ഫീല്‍ഡിലുള്ള ഇന്‍റര്‍നാഷണല്‍ വൈ എം സി എ ട്രെയിനിങ് സ്‌കൂള്‍ ആയിരുന്നു ആദ്യ ബാസ്‌കറ്റ്ബോള്‍ മത്സരത്തിന് വേദിയായത്.
ഈ ദിവസം കണക്കിലെടുത്താണ് ഡിസംബര്‍ 21 ലോക ബാസ്കറ്റ്ബോള്‍ ദിനമായി ആചരിക്കാന്‍ ഐക്യരാഷ്‌ട്രസഭ തീരുമാനമെടുത്തത്. ഇത് സംബന്ധിച്ചുള്ള പ്രമേയം 2023 ഓഗസ്റ്റ് 25നായിരുന്നു ജനറല്‍ അസംബ്ലി അംഗീകരിച്ചത്.
ലോകപ്രീതി നേടിയ ബാസ്‌കറ്റ്ബോള്‍ :തന്‍റെ വിദ്യാര്‍ഥികള്‍ക്കായിജെയിംസ് നൈസ്‌മിത്ത് വികസിപ്പിച്ചെടുത്ത ബാസ്‌കറ്റ്‌ബോള്‍ അവര്‍ ആദ്യമായി കളിച്ചതിന്‍റെ തൊട്ടടുത്ത വര്‍ഷം 1892-ല്‍ തന്നെ സ്ത്രീകളും കളിക്കാന്‍ ആരംഭിച്ചിരുന്നു. 1895-ല്‍ പുരുഷന്മാരുടെ ആദ്യ ഇന്‍റര്‍കോളേജിയറ്റ് ബാസ്കറ്റ്ബോൾ മത്സരം നടന്നു (First Intercollegiate Basketball Competition). മിനസോട്ട സ്കൂൾ ഓഫ് അഗ്രികൾച്ചറും ഹാംലൈൻ കോളജുമാണ് ഈ മത്സരത്തില്‍ ഏറ്റുമുട്ടിയത്.
ആദ്യത്തെ പ്രൊഫഷണൽ ലീഗായ നാഷണൽ ബാസ്‌കറ്റ്ബോൾ ലീഗ് (National Basketball League - NBL) സ്ഥാപിതമായത് 1898-ല്‍ ആണ്. 1940-ല്‍ നൈസ്‌മിത്തിന്‍റെ സഹായത്തോടെ നാഷണൽ അസോസിയേഷൻ ഓഫ് ഇന്‍റര്‍കോളേജിയറ്റ് ബാസ്‌കറ്റ്‌ബോൾ (National Association Of Intercollegiate Basketball) എന്ന സംഘടനയും രൂപീകൃതമായി. 1949, ബാസ്‌കറ്റ്ബോള്‍ എന്ന കായിക വിനോദത്തിന്‍റെ ചരിത്രത്തിലെ ഏറ്റവും സുപ്രധാനമായ വര്‍ഷങ്ങളില്‍ ഒന്നാണ്.
ബാസ്‌കറ്റ്ബോൾ അസോസിയേഷൻ ഓഫ് അമേരിക്കയും (BAA) നാഷണൽ ബാസ്‌കറ്റ്ബോൾ ലീഗും (NBL) ചേര്‍ന്ന് നാഷണൽ ബാസ്‌കറ്റ്ബോൾ അസോസിയേഷൻ (NBA) ആയി മാറിയത് 1949 ഓഗസ്റ്റ് 3-നായിരുന്നു. ഇന്ന് ലോകത്ത് തന്നെ ഏറ്റവും കൂടുതല്‍ ആരാധകരുള്ള പ്രൊഫഷണല്‍ ബാസ്‌കറ്റ് ബോള്‍ ലീഗാണ് എന്‍ബിഎ. 1936ലെ ബെര്‍ലിന്‍ ഒളിമ്പിക്‌സിലൂടെ ലോക കായിക മാമാങ്ക വേദിയിലും സ്ഥാനം പിടിക്കാന്‍ ബാസ്‌കറ്റ്ബോളിനായി.
1976-ലെ മോൺട്രിയാൽ ഗെയിംസിൽ വനിത ബാസ്‌കറ്റ്ബോളും ഒളിമ്പിക്‌സിൽ അരങ്ങേറി. അതിന് ശേഷമുള്ള ഓരോ ഒളിമ്പിക്‌സിലും ബാസ്‌കറ്റ്ബോള്‍ ഒരു പ്രധാന കായിക ഇനമായി. ഇന്ന് ലോകമെമ്പാടുമായി 450 ദശലക്ഷത്തിലധികം പേര്‍ ബാസ്‌കറ്റ്ബോള്‍ കളിക്കുന്നുണ്ടെന്നാണ് ഇന്‍റര്‍നാഷണല്‍ ബാസ്‌കറ്റ്‌ബോള്‍ ഫെഡറേഷന്‍റെ കണക്കുകള്‍ വ്യക്തമാക്കുന്നത്.