ജനീവ : സ്‌ത്രീകളും കുഞ്ഞുങ്ങളുമടക്കം ഗർഭകാലത്തോ പ്രസവസമയത്തോ അല്ലെങ്കിൽ കുഞ്ഞ് ജനിച്ച് ആദ്യ ആഴ്‌ചകളിലോ ആയി പ്രതിവര്‍ഷം 4.5 ദശലക്ഷത്തിലധികം മരണങ്ങള്‍ സംഭവിക്കുന്നതായി പഠനം. അത് ഓരോ ഏഴ് സെക്കന്‍റിലും ഒരു മരണം സംഭവിക്കുന്നതിന് തുല്യമാണ്. ചികിത്സയുള്ളതോ തടയാവുന്നതോ ആയ പ്രശ്‌നങ്ങളാലാണ് കൂടുതൽ മരണങ്ങളും സംഭവിക്കുന്നത് എന്നാണ് യുഎൻ പുറത്തുവിട്ട റിപ്പോർട്ട്.
2015 മുതൽ എട്ട് വർഷമായി ഓരോ വർഷവും ഏകദേശം 290,000 മാതൃമരണങ്ങൾ ഉണ്ടായിട്ടുണ്ട്. 28 ആഴ്‌ചത്തെ പ്രസവകാലത്തിന് ശേഷം 1.9 ദശലക്ഷം കുഞ്ഞുങ്ങളുടെ മരണങ്ങളും 2.3 ദശലക്ഷം നവജാതശിശുക്കളുടെ മരണങ്ങളും സംഭവിക്കുന്നതായി റിപ്പോർട്ടുകൾ പറയുന്നു. അതേസമയം മാതാവിന്‍റെയും നവജാതശിശുക്കളുടെയും ആരോഗ്യത്തിനും അതിജീവനത്തിനും പ്രത്യേക പരിഗണന നൽകുന്നതിലൂടെ ആഗോള തലത്തിൽ മരണ നിരക്കിൽ മാറ്റം കൊണ്ടുവരാൻ സഹായിച്ചിട്ടുള്ളതായും പഠനങ്ങളിലുണ്ട്.
മഹാമാരി വെല്ലുവിളി ഉയർത്തി : കൊവിഡ് സമയത്ത് അമ്മമാർക്കും നവജാത ശിശുക്കൾക്കും വേണ്ടത്ര പരിചരണം നൽകുന്നതിൽ നിരവധി വെല്ലുവിളികൾ ഉണ്ടായിരുന്നു. ഇത് മരണ നിരക്ക് വർധിക്കുന്നതിന് കാരണമായതായി ലോകാരോഗ്യ സംഘടനയിലെ ആരോഗ്യ വിഭാഗം വിദഗ്‌ധൻ ഡോ അൻഷു ബാനർജി പറഞ്ഞു. എവിടെയാണ് പ്രസവമെങ്കിലും ഓരോ സ്‌ത്രീയ്‌ക്കും കുഞ്ഞിനും ലഭിക്കേണ്ട പ്രാഥമിക ആരോഗ്യ പരിരക്ഷയിൽ കൂടുതൽ മെച്ചപ്പെട്ട നിലവാരം കൊണ്ടുവരേണ്ടതുണ്ട്.
ആരോഗ്യ മേഖലയിൽ നിക്ഷേപങ്ങളില്ല :കൊവിഡ് സമയത്ത് ദാരിദ്ര്യം, മാനുഷിക പ്രതിസന്ധികൾ എന്നിവ ആരോഗ്യ സംവിധാനങ്ങളിൽ ചെലുത്തിയ സമ്മർദം വളരെ വലുതാണ്. ആരോഗ്യ വിഷയത്തിൽ 100 രാജ്യങ്ങളെ പരിഗണിച്ച് നടത്തിയ സർവേയിൽ 10 ൽ ഒരു രാജ്യത്തിന് മാത്രമാണ് അവരുടെ പ്രവർത്തനങ്ങൾ പൂർത്തിയാക്കാൻ ആവശ്യമായ നിക്ഷേപം ഉള്ളത്. മാത്രമല്ല, അവശ്യ ആരോഗ്യ സേവനങ്ങളിൽ മഹാമാരിയ്‌ക്ക് ശേഷമുണ്ടായ ആഘാതങ്ങളെ കുറിച്ചുള്ള പഠനത്തിൽ നാലിലൊന്ന് രാജ്യങ്ങളിലും ഇപ്പോഴും ഗർഭധാരണത്തിനും പ്രസവാനന്തര പരിചരണത്തിനും രോഗികളായ കുട്ടികൾക്കുള്ള സേവനങ്ങൾക്കും വേണ്ടത്ര സംവിധാനങ്ങളില്ല.