ഇന്‍ഡ്യാനപോളിസ് (യുഎസ്) : ഇസ്രയേല്‍- ഹമാസ് യുദ്ധത്തില്‍ ലോക രാജ്യങ്ങളെല്ലാം ആശങ്കയിലിരിക്കുന്ന സാഹചര്യത്തില്‍ ഇൻഡ്യാനപോളിസിലെ ഇസ്രയേല്‍ സ്‌കൂളിലേക്ക് കാറോടിച്ച് കയറ്റിയ യുവതി അറസ്റ്റില്‍. ഏഴ് മാസമായ പിഞ്ചു കുഞ്ഞുള്‍പ്പെടെ 4 പേരാണ് കെട്ടിടത്തിനുള്ളില്‍ ഉണ്ടായിരുന്നത്. അപകടത്തില്‍ ആര്‍ക്കും പരിക്കേറ്റിട്ടില്ലെന്ന് പൊലീസ് പറഞ്ഞു. വെള്ളിയാഴ്‌ച (നവംബര്‍ 3) വൈകിട്ട് ഇസ്രയേൽ സ്‌കൂൾ ഓഫ് യൂണിവേഴ്‌സൽ ആന്‍ഡ് പ്രാക്‌ടിക്കൽ നോളജിലാണ് കേസിനാസ്‌പദമായ സംഭവം (Israel Hamas Attack).
സംഭവത്തിന് പിന്നാലെ കാറോടിച്ച് അപകടമുണ്ടാക്കിയ 34 കാരിയെ പൊലീസ് പിടികൂടുകയായിരുന്നു. അറസ്റ്റിലായ യുവതിയെ മരിയോൺ കൗണ്ടി ജയിലിൽ പ്രവേശിപ്പിച്ചു. വെള്ളിയാഴ്‌ച നടന്ന സംഭവത്തില്‍ തിങ്കളാഴ്‌ച ഉച്ചവരെ യുവതിക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്‌തിട്ടുണ്ടായിരുന്നില്ലെന്ന് കൗണ്ടി പ്രോസിക്യൂട്ടര്‍ ഓഫിസ് വക്താവ് മൈക്കല്‍ ലെഫ്‌ലര്‍ പറഞ്ഞു (Woman Arrested For Car Drove Into Israel School).
സംഭവത്തില്‍ പൊലീസ് പറയുന്നതിങ്ങനെ: ഇസ്രയേല്‍ പലസ്‌തീന്‍ വാര്‍ത്തകള്‍ ഏറെ വേദനിപ്പിച്ചുവെന്ന് യുവതി പറഞ്ഞതായി പൊലീസ് പുറത്തിറക്കിയ പ്രസ്‌താവനയില്‍ പറയുന്നു. പലസ്‌തീനിലെ തന്‍റെ ആളുകളെ കുറിച്ച് യുവതി ആശങ്ക അറിയിച്ചതായും പൊലീസ് പറയുന്നു. കാര്‍ കയറ്റി അപകടം സൃഷ്‌ടിച്ച സ്‌കൂളിന് മുമ്പിലൂടെ താന്‍ രണ്ട് തവണ സഞ്ചരിച്ചു. ഇസ്രയേല്‍ സ്‌കൂളാണെന്ന് ഉറപ്പ് വരുത്തുകയും ചെയ്‌തു. ഇതിന് പിന്നാലെയാണ് കെട്ടിടത്തിലേക്ക് കാറോടിച്ച് അപകടമുണ്ടാക്കാന്‍ ശ്രമം നടത്തിയതെന്നും യുവതി പറഞ്ഞതായി പൊലീസ് പ്രസ്‌താവനയില്‍ വ്യക്തമാക്കുന്നു.