സാൻ ഫ്രാൻസിസ്കോ: വിൻഡോസ് 11 ഓപ്പറേറ്റിങ് സിസ്റ്റത്തിനായി പുതിയ പ്രിവ്യൂ ബിൽഡ് പരീക്ഷിച്ച് മൈക്രോസോഫ്റ്റ്. മൊബൈൽ ഹോട്ട്‌സ്‌പോട്ട് വഴി കമ്പ്യൂട്ടറിൽ നിന്നോ ലാപ്ടോപിൽ നിന്നോ ആൻഡ്രോയ്‌ഡ് ഫോണിലേക്ക് നേരിട്ട് കണക്‌ട് ചെയ്യാൻ ഉപയോക്താക്കളെ സഹായിക്കുന്നതാണ് പുതിയ അപ്‌ഡേറ്റ്. 'ഫോൺ ലിങ്ക്' അപ്‌ഡേറ്റും പുതിയ ഫീച്ചറിലുണ്ട്. എന്നാൽ ഫോൺ ലിങ്ക് ഫീച്ചർ ചില ആൻഡ്രോയ്‌ഡ് ഉപകരണങ്ങളിൽ മാത്രമേ പ്രവർത്തിക്കൂ.
പുതിയ ഫീച്ചറിൽ വിൻഡോസ് 11ൽ പ്രവർത്തിക്കുന്ന കമ്പ്യൂട്ടറുകൾക്കും ലാപ്‌ടോപുകൾക്കും കണക്‌ട് ചെയ്‌ത സ്‌മാർട്ട് ഫോണുകൾ കണ്ടെത്താനും എവിടെയിരുന്നാലും ഇന്‍റർനെറ്റ് കണക്‌ടിവിറ്റിക്കായി ഹോട്ട്സ്‌പോട്ട് ഓൺ ചെയ്യാനും കഴിയും. നിലവിൽ വിൻഡോസ് ഇൻസൈഡേഴ്‌സ് അംഗങ്ങളിൽ പരീക്ഷിക്കുന്ന പുതിയ അപ്‌ഡേഷൻ വരുംമാസങ്ങളിൽ പൊതുജനങ്ങളിലേക്ക് എത്തുമെന്ന് പ്രതീക്ഷിക്കുന്നു. മൈക്രോസോഫ്റ്റിന്‍റെ ഫോൺ ലിങ്ക് ആപ്പും പുതിയ ബിൽഡിൽ അപ്ഡേറ്റ് ചെയ്യപ്പെടുമെന്നാണ് പ്രതീക്ഷിക്കുന്നത്.