ലോസ് ഏഞ്ചലസ്: ഓസ്‌കര്‍ പുരസ്‌കാര ദാന ചടങ്ങിനിടെ അവതാരകന്‍ ക്രിസ് റോക്കിനെ മുഖത്തടിച്ചതിന് അക്കാദമി പത്ത് വര്‍ഷത്തെ വിലക്കേര്‍പ്പെടുത്തിയതില്‍ പ്രതികരണവുമായി വില്‍ സ്‌മിത്ത്. അക്കാദമിയുടെ തീരുമാനം അംഗീകരിക്കുന്നുവെന്നും ബഹുമാനിക്കുന്നുവെന്നും വില്‍ സ്‌മിത്ത് പ്രസ്‌താവനയില്‍ അറിയിച്ചു. അക്കാദമിയുടെ ബോര്‍ഡ് ഓഫ് ഗവർണേഴ്‌സിന്‍റെ യോഗത്തിന് ശേഷമാണ് വില്‍ സ്‌മിത്തിനെ വിലക്കിയതായി അക്കാദമി അറിയിച്ചത്.
ഓസ്‌കര്‍ ചടങ്ങില്‍ പങ്കെടുക്കുന്നതിനാണ് പത്ത് വര്‍ഷത്തെ വിലക്കേർപ്പെടുത്തിയിരിക്കുന്നത്. അതേസമയം ഓസ്‌കര്‍ നോമിനേഷന്‍ ലഭിക്കുന്നതിനോ പുരസ്‌കാരം നേടുന്നതിനോ വിലക്കുണ്ടാകില്ല. എന്നാല്‍ പുരസ്‌കാരം ലഭിക്കുകയാണെങ്കില്‍ സ്വീകരിക്കാനാകില്ല.
Also read: വില്‍ സ്‌മിത്തിന് 10 വര്‍ഷത്തെ വിലക്ക്
ഇതോടെ അടുത്ത വര്‍ഷത്തെ മികച്ച നടിക്കുള്ള പുരസ്‌കാരം സമ്മാനിക്കാനും വില്‍ സ്‌മിത്തിനാകില്ല. പോയ വര്‍ഷത്തെ മികച്ച നടനുള്ള പുരസ്‌കാര ജേതാവാണ് അതത് വര്‍ഷം മികച്ച നടിക്കുള്ള പുരസ്‌കാരം സമ്മാനിക്കുന്നത്. നേരത്തെ അക്കാദമി ഓഫ് മോഷന്‍ പിക്‌ചേർസ് ആര്‍ട്ട്സ് ആന്‍ഡ് സയന്‍സസില്‍ നിന്ന് വില്‍ സ്‌മിത്ത് രാജിവച്ചിരുന്നു.
മാർച്ച് 28ന് നടന്ന ഓസ്‌കര്‍ പുരസ്‌കാര ദാന ചടങ്ങിനിടെ വില്‍ സ്‌മിത്തിന്‍റെ ഭാര്യയും അഭിനേത്രിയുമായ ജേഡ പിങ്കറ്റ് സ്‌മിത്തിന്‍റെ രോഗാവസ്ഥയെ കളിയാക്കിയ അവതാരകന്‍ ക്രിസ് റോക്കിനെ വില്‍ സ്‌മിത്ത് മുഖത്തടിക്കുകയായിരുന്നു. സംഭവത്തിന് പിന്നാലെ വില്‍ സ്‌മിത്ത് സമൂഹ മാധ്യമത്തിലൂടെ ക്ഷമാപണം നടത്തിയെങ്കിലും നടനെതിരെയുള്ള നടപടിയുമായി അക്കാദമി മുന്നോട്ടുപോകുകയായിരുന്നു.