ലണ്ടന്‍ :മങ്കിപോക്‌സ് രോഗത്തെ എംപോക്‌സ് എന്ന് പുനര്‍നാമകരണം ചെയ്‌ത് ലോകാരോഗ്യ സംഘടന. മങ്കിപോക്‌സ് എന്ന പേര് വംശീയമെന്നും, വിവേചനപരം എന്നും വ്യാഖ്യാനിക്കപ്പെടാന്‍ സാധ്യതയുള്ളതുകൊണ്ടാണ് നടപടിയെന്ന് ലോകാരോഗ്യ സംഘടന വ്യക്തമാക്കി.
അടുത്തവര്‍ഷം വരെ മങ്കിപോക്‌സ് എന്നും എംപോക്‌സ് എന്നും ഉപയോഗിക്കും. മങ്കിപോക്‌സ് എന്നതിന്‍റെ ഉപയോഗം കുറച്ച്, പിന്നാലെ പൂര്‍ണമായും ഇല്ലാതാക്കുകയാണ് ലോകാരോഗ്യ സംഘടന ലക്ഷ്യംവയ്ക്കുന്നത്. ഈ വര്‍ഷം നൂറിലധികം രാജ്യങ്ങളില്‍ എംപോക്‌സ് വ്യാപിച്ചിരുന്നു. എന്നാല്‍ വംശീയ ചുവയോടെ ഒരു വിഭാഗത്തെ കളങ്കപ്പെടുത്തുന്നതിനായി മങ്കിപോക്‌സ് എന്ന വാക്ക് ഉപയോഗിക്കപ്പെടാം എന്നതില്‍ ആശങ്കയുണ്ടെന്ന് ലോകാരോഗ്യ സംഘടന പറയുന്നു.
മങ്കിപോക്‌സ് 100ലധികം രാജ്യങ്ങളില്‍ വ്യാപിച്ചതിന് ശേഷം ഉയര്‍ന്നുവന്ന വംശീയവും കളങ്കപ്പെടുത്തുന്നതുമായ പ്രയോഗങ്ങളില്‍ ആശങ്കയുണ്ടെന്ന് ലോകാരോഗ്യ സംഘടന പറഞ്ഞു. പല രാജ്യങ്ങളും വ്യക്തികളും മങ്കിപോക്‌സ് എന്നുള്ള പേര് മാറ്റണമെന്ന് തങ്ങളോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും ലോകാരോഗ്യ സംഘടന വ്യക്തമാക്കി. മങ്കിപോക്‌സിന്‍റെ സാഹചര്യത്തെ ആഗോള അടിയന്തരാവസ്ഥയായി ലോകാരോഗ്യ സംഘടന പ്രഖ്യാപിച്ചത് മുതല്‍ തന്നെ പേര് മാറ്റത്തെ കുറിച്ച് വിദഗ്‌ധരുമായി അവര്‍ ചര്‍ച്ച ചെയ്‌തിരുന്നു.
ഇതിന് മുമ്പ് മങ്കിപോക്‌സ് വ്യാപനം ഉണ്ടാകാത്ത പല രാജ്യങ്ങളിലുമായി 80,000ത്തിലധികം കേസുകള്‍ ഈ വര്‍ഷം റിപ്പോര്‍ട്ട് ചെയ്‌തു. പശ്ചിമ മധ്യ ആഫ്രിക്കയ്ക്ക് പുറത്ത് മങ്കിപോക്‌സ് രോഗം വലിയ രീതിയില്‍ വ്യാപിച്ചിരുന്നില്ല.