ലണ്ടന്‍: മങ്കിപോക്‌സ് രോഗത്തിന്‍റെ പേര് മാറ്റാന്‍ ഓപ്പണ്‍ ഫോറം സംഘടിപ്പിച്ച് ലോകാരോഗ്യ സംഘടന. രോഗത്തിന്‍റെ പേരില്‍ വംശീയമായ ഘടകങ്ങള്‍ ഉണ്ടെന്ന തരത്തില്‍ വിമര്‍ശനം ഉയര്‍ന്നിരുന്നു. ഇതിന് പിന്നാലെയാണ് ലോകാരോഗ്യ സംഘടനയുടെ നടപടി.
രോഗത്തിന്‍റെ പേര് നിര്‍ദേശിക്കാന്‍ പൊതുജനങ്ങള്‍ക്കും ഇതു വഴി അവസരമുണ്ടാകും. എന്നാൽ പുതിയ പേര് എപ്പോൾ പ്രഖ്യാപിക്കുമെന്ന കാര്യത്തില്‍ തീരുമാനം ആയിട്ടില്ല. അതേസമയം വംശീയമായ ഘടകങ്ങള്‍ രോഗത്തിന്‍റെ പേരില്‍ നിന്ന് ഒഴിവാക്കാന്‍ ഭൂമിശാസ്ത്രപരമായ വാക്കുകള്‍ക്ക് പകരം റോമൻ അക്കങ്ങൾ ഉപയോഗിച്ച് വൈറസിന്‍റെ രണ്ട് വിഭാഗങ്ങളെ (ക്ലേഡ്) പുനർനാമകരണം ചെയ്‌തിട്ടുണ്ടെന്ന് യുഎൻ ആരോഗ്യ ഏജന്‍സി അറിയിച്ചു.
മുമ്പ് കോംഗോ ബേസിൻ എന്നറിയപ്പെട്ടിരുന്ന രോഗത്തിന്‍റെ പതിപ്പ് ഇനിമുതല്‍ ക്ലേഡ് ഒന്ന് (I) എന്നും, വെസ്റ്റ് ആഫ്രിക്ക ക്ലേഡ് ഇനിമുതല്‍ ക്ലേഡ് രണ്ട് (II) എന്നും അറിയപ്പെടും. സാംസ്‌കാരിക, സാമൂഹിക, ദേശീയ, പ്രാദേശിക വിഭാഗങ്ങള്‍ക്ക് ബുദ്ധിമുട്ട് ഉണ്ടാകാത്ത രീതിയിലും വ്യാപാരം, വിനോദ സഞ്ചാരം, മൃഗസംഗക്ഷണം എന്നിവയെ പ്രതികൂലമായി ബാധിക്കാത്ത രീതിയിലും രോഗങ്ങൾക്ക് പേരിടുന്നതിനുള്ള നിലവിലെ മികച്ച രീതികൾക്ക് അനുസൃതമായാണ് പേര് മാറ്റാന്‍ ശാസ്ത്രജ്ഞരുടെ യോഗം തീരുമാനിച്ചത്.
ജാപ്പനീസ് എൻസെഫലൈറ്റിസ്, മാർബർഗ് വൈറസ്, സ്‌പാനിഷ് ഇൻഫ്ലുവൻസ, മിഡിൽ ഈസ്റ്റേൺ റെസ്‌പിറേറ്ററി സിൻഡ്രോം എന്നിവയുൾപ്പെടെ മറ്റ് നിരവധി രോഗങ്ങൾക്ക് അവ ആദ്യം ഉണ്ടായതോ തിരിച്ചറിഞ്ഞതോ ആയ പ്രദേശങ്ങളുടെ പേരു കൂടി ഉള്‍പ്പെടുത്തിയാണ് പേരിട്ടിരിക്കുന്നത്. ആ പേരുകളൊന്നും മാറ്റാൻ ലോകാരോഗ്യ സംഘടന പരസ്യമായി നിർദേശിച്ചിട്ടില്ല. 1958-ൽ ഡെൻമാർക്കിലെ ഗവേഷണ കുരങ്ങുകളിലാണ് വസൂരിക്ക് സമാനമായ രോഗം കണ്ടെത്തിയത്.
അതുകൊണ്ടാണ് ഈ രോഗത്തിന് മങ്കിപോക്‌സ് (കുരങ്ങ് വസൂരി) എന്ന് പേര് നല്‍കിയതും. മെയ് മുതൽ ആഗോളതലത്തിൽ 31,000-ലധികം കുരങ്ങു വസൂരി കേസുകൾ റിപ്പോര്‍ട്ട് ചെയ്‌തിട്ടുണ്ട്. ഭൂരിഭാഗവും ആഫ്രിക്കയ്ക്ക് പുറത്താണ്. പതിറ്റാണ്ടുകളായി മധ്യ, പടിഞ്ഞാറൻ ആഫ്രിക്കയുടെ ചില ഭാഗങ്ങളിൽ പ്രാദേശികമാണ് ഈ രോഗം.
ലോകാരോഗ്യ സംഘടന ജൂലൈയിൽ കുരങ്ങു വസൂരിയുടെ ആഗോള വ്യാപനം അന്താരാഷ്ട്ര അടിയന്തരാവസ്ഥയായി പ്രഖ്യാപിക്കുകയും, യുഎസ് ഈ മാസം ആദ്യം ദേശീയ അടിയന്തരാവസ്ഥയായി പ്രഖ്യാപിക്കുകയും ചെയ്‌തു. ആഫ്രിക്കയ്ക്ക് പുറത്ത്, 98 ശതമാനം കേസുകളും പുരുഷന്മാരുമായി ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന പുരുഷന്മാരിലാണ് റിപ്പോര്‍ട്ട് ചെയ്‌തത്. ആഗോളതലത്തിൽ വാക്‌സിനുകളുടെ ലഭ്യത പരിമിതമായതിനാല്‍ രോഗം തടയാനുള്ള കഠിനമായ ശ്രത്തിലാണ് ആരോഗ്യമേഖല.
Also Read ആരെയാണ് കുരങ്ങുവസൂരി ബാധിക്കുന്നത്, എന്താണ് പ്രതിവിധി, രോഗത്തെ കുറിച്ച് അറിയേണ്ടതെല്ലാം