ഹൈദരാബാദ് : കൊവിഡ് 19ന്‍റെ ഏറ്റവും പുതിയ വകഭേദമായ ജെഎന്‍1നെ പ്രത്യേക വേരിയന്‍റ് ഓഫ് ഇന്‍ററസ്റ്റായി(VOI) പ്രഖ്യാപിച്ച് ലോകാരോഗ്യ സംഘടന. ജെഎന്‍1 മാതൃ വകഭേദമായ ബിഎ 2.86ല്‍ നിന്ന് ഏറെ വ്യത്യസ്തമാണെന്ന് ചൂണ്ടിക്കാട്ടിയാണ് നടപടി(COVID19 variant JN1).
നേരത്തെ ഇതിനെ ബിഎ.2.86 ഉപവിഭാഗമായി കരുതി വേരിയന്‍റ് ഓഫ് ഇന്‍ററസ്റ്റായി തരംതിരിച്ചിരുന്നു. നിലവില്‍ ലഭ്യമായ വിവരങ്ങള്‍ പ്രകാരം ജെഎന്‍1 വലിയ ആരോഗ്യ പ്രശ്നങ്ങള്‍ സൃഷ്ടിക്കുന്നില്ലെന്നും ലോകാരോഗ്യ സംഘടന ചൂണ്ടിക്കാട്ടുന്നു. അതേസമയം ഉത്തരമേഖലകളില്‍ ശൈത്യകാലം ആരംഭിച്ചിരിക്കുന്നതിനാല്‍ പല രാജ്യങ്ങളിലും ശ്വാസകോശ അണുബാധ അടക്കമുള്ള പ്രശ്നങ്ങള്‍ (respiratory infections) വര്‍ദ്ധിക്കാന്‍ കാരണമായേക്കാമെന്നും ലോകാരോഗ്യ സംഘടന ചൂണ്ടിക്കാട്ടുന്നു.
നിലവിലുള്ള വാക്സിനുകള്‍ ജെഎന്‍1നും ഫലപ്രദമാണെന്ന് ലോകാരോഗ്യ സംഘടന അറിയിച്ചു. സാര്‍സ് കോവ് 2നും ഇവ ഉപയോഗിക്കാവുന്നതാണ്. സ്ഥിതിഗതികള്‍ നിരന്തരം നിരീക്ഷിച്ച് വരികയാണെന്നും നിയന്ത്രണങ്ങള്‍ ആവശ്യമുണ്ടെങ്കില്‍ അറിയിക്കുമെന്നും ലോകാരോഗ്യ സംഘടന വ്യക്തമാക്കി.
41 രാജ്യങ്ങളില്‍ നിന്നായി 7344 ജെഎന്‍1 ശ്രേണികള്‍ ലഭിച്ചിട്ടുണ്ട്. ഇതില്‍ 27ശതമാനവും ദുര്‍ബലമാണ്. ഉത്സവകാലത്തിന് മുന്നോടിയായാണ് ഇന്ത്യയില്‍ ഇപ്പോള്‍ കൊവിഡ് വ്യാപനം ആരംഭിച്ചിട്ടുള്ളത്. ക്രിസ്തുമസ് പുതുവത്സര ആഘോഷങ്ങള്‍ കഴിയുമ്പോഴേക്കും രോഗികളുടെ എണ്ണത്തില്‍ കാര്യമായ വര്‍ദ്ധനയുണ്ടാകും. മാസ്‌ക് ധരിക്കണമെന്ന് ഡോക്ടര്‍മാര്‍ നിര്‍ദ്ദേശിച്ചിട്ടുണ്ട്.