സാൻഫ്രാൻസിസ്കോ : പുതിയ ഫീച്ചറുമായി മെറ്റയുടെ ഉടമസ്ഥതയിലുള്ള ജനപ്രിയ മെസേജിങ് പ്ലാറ്റ്‌ഫോമായ വാട്‌സ്‌ആപ്പ്. സ്റ്റാറ്റസുകളില്‍ ചാനലുകള്‍ അടക്കമുള്ളവയുടെ പരസ്യങ്ങള്‍ ലഭ്യമാകുമെന്ന് വാട്‌സ്‌ആപ്പ് കമ്പനി മേധാവി വില്‍ കാത്ത്‌കാര്‍ട്ട് പറഞ്ഞു. എന്നാല്‍ ഇവ ലഭിക്കുക പ്രധാന ഇന്‍ബോക്‌സില്‍ അല്ലെന്നും അദ്ദേഹം അറിയിച്ചു.
ബ്രസീലിയന്‍ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് കാത്ത്‌കാര്‍ട്ട് ഇക്കാര്യം പറഞ്ഞത്. നിങ്ങളുടെ പ്രധാന ചാറ്റില്‍ പരസ്യങ്ങളൊന്നും നല്‍കാന്‍ കമ്പനി പദ്ധതിയിടുന്നില്ലെന്നും എന്നാല്‍ സ്റ്റാറ്റസുകള്‍ക്ക് താഴെ ഇവ ലഭ്യമാക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. ചാനല്‍ വരിക്കാരാകാന്‍ ഉപഭോക്താക്കളില്‍ നിന്നും പണം ഈടാക്കിയേക്കും.
പണം അടയ്‌ക്കുന്ന ഗുണഭോക്താക്കള്‍ക്ക് മാത്രമെ ചാനല്‍ പോലുള്ളവയുടെ പരസ്യങ്ങള്‍ ലഭിക്കുകയുള്ളൂവെന്നും കാത്ത്‌കാര്‍ട്ട് പറഞ്ഞു. പുതിയ ഫീച്ചറുകള്‍ ചാനല്‍ ഉടമകള്‍ക്ക് ഏറെ പ്രയോജനകരമായേക്കും. ഇതിലൂടെ ചാനല്‍ പ്രമോട്ട് ചെയ്യാന്‍ ഉടമകള്‍ താത്‌പര്യം പ്രകടിപ്പിക്കും. എന്നാലും 'ഞങ്ങള്‍ നിങ്ങളുടെ ഇന്‍ബോക്‌സില്‍ പരസ്യങ്ങള്‍ നല്‍കില്ല' യെന്ന് കാത്ത്‌കാര്‍ട്ട് പറഞ്ഞു.