ന്യൂകാസില്‍ (ഇംഗ്ലണ്ട്):ന്യൂസിലന്‍ഡിന്‍റെ പ്രധാനമന്ത്രിക്കസേരയില്‍ നിന്ന് ഏവരെയും ഞെട്ടിച്ചുകൊണ്ട് ഇറങ്ങിനടന്ന ജസിന്ത ആര്‍ഡേന്‍റെ അപ്രതീക്ഷിതമായി രാജിപ്രഖ്യാപനം ശരിയായ സമയത്തായിരുന്നോ എന്നുള്ള ചര്‍ച്ചകള്‍ക്ക് ചൂടേറുന്നു. തന്നോട് തന്നെ നീതി കാണിച്ചുകൊണ്ടാണ് ജസിന്ത അധികാരമൊഴിഞ്ഞതെന്നും മറ്റ് ലോകനേതാക്കളില്‍ നിന്നും എപ്പോഴത്തെയും പോലെ ഇത്തവണയും അവര്‍ വേറിട്ടുനിന്നുവെന്നുമെല്ലാമുള്ള പ്രശംസകളാണ് ഇവയില്‍ ഏറെയും. അതേസമയം സ്ഥാനമൊഴിഞ്ഞ പ്രധാനമന്ത്രിക്ക് പിന്‍ഗാമിയായും ന്യൂസിലൻഡിന്‍റെ 41ാമത് പ്രധാന മന്ത്രിയായും ക്രിസ് ഹിപ്‌കിന്‍സ് (44) ഇന്നലെ ചുമതലേയേറ്റു.
നേട്ടങ്ങളെല്ലാം കോട്ടങ്ങളായോ?:ന്യൂസിലന്‍ഡിന്‍റെ പരമാധികാരക്കസേരയിലെത്തിയ പ്രായം കുറഞ്ഞയാള്‍ എന്ന ഒറ്റ വിശേഷണത്തോടെയാണ് ജസീന്ത ലോകത്തിന് മുന്നില്‍ തന്നെ ഒരു അടയാളചിഹന്മായി മാറിയത്. ജോലിയും വ്യക്തിജീവിതവും എങ്ങനെ സമന്വയിപ്പിച്ചുകൊണ്ടുപോകാം എന്നതിലൂടെ ജസിന്ത ആര്‍ഡേന്‍ ലോകത്തെ ഞെട്ടിച്ചു. ഐക്യരാഷ്‌ട്ര സഭയുടെ ജനറല്‍ അസംബ്ലിയെ കൈയില്‍ കൈക്കുഞ്ഞുമായെത്തി അഭിസംബോധന ചെയ്‌തതുമെല്ലാം ജസിന്തയ്‌ക്ക് പ്രസിദ്ധിനേടിക്കൊടുത്തുവെങ്കില്‍ നിലവിലെ വിടവാങ്ങലിലൂടെ ഇവയെല്ലാം തന്നെ അവരെ പിറകോട്ടടിക്കാനായും ചിലര്‍ ഉപയോഗിക്കുന്നുണ്ട്.
'ബുദ്ധിശൂന്യത'യെന്ന് പരിഹസിക്കാമോ:ജസിന്തയുടെ രാജിപ്രഖ്യാപനത്തെ വിമര്‍ശിക്കുന്നവര്‍ പ്രധാനമായും ഉയര്‍ത്തിക്കാണിക്കുന്നത് അവര്‍ക്ക് തന്‍റെ പരിധിയെക്കുറിച്ച് യഥാര്‍ഥ ബോധ്യമില്ലായിരുന്നു എന്നതാണ്. വിടവാങ്ങലില്‍ പോലും ജനങ്ങളോട് ശക്തരായി നിലകൊള്ളാന്‍ ആവശ്യപ്പെട്ട അവര്‍ക്ക് സ്വയമേവ ഇത് സാധ്യമാകാതെ പോയി എന്നും നീളുന്നു വിമര്‍ശകരുടെ പക്ഷം. അതേസമയം ആരോഗ്യമേഖലയില്‍ പ്രവര്‍ത്തിക്കുന്നവരില്‍ ജോലിപരമായി സാധ്യമായതെല്ലാം ചെയ്‌ത ശേഷമുണ്ടാകുന്ന ഇത്തരം മാനസിക തളര്‍ച്ച അംഗീകാരമായി പരിഗണിക്കാറുണ്ട്. എന്നാല്‍ ജസിന്ത ആര്‍ഡേന്‍റെ വിടവാങ്ങലില്‍ മുഴങ്ങിക്കേട്ടത് മുന്നോട്ടുപോകാനുള്ള ഊര്‍ജം തനിക്ക് നഷ്‌ടമായി എന്നതാണെന്നും ആ ജോലിയില്‍ തുടരുന്നത് അവരെ അസ്വസ്ഥമാക്കുന്നു എന്നുമാണ് പ്രധാനമായി ഉയരുന്ന വാദം.