ബെയ്റൂട്ട് : ദശകങ്ങളായി തുടരുന്ന ഇസ്രയേല്‍ പാലസ്‌തീന്‍ സംഘര്‍ഷത്തിന്‍റെ (Israeli–Palestinian Conflict) പ്രഭവ കേന്ദ്രം 23 ലക്ഷത്തോളം ആളുകള്‍ തിങ്ങിപ്പാര്‍ക്കുന്ന ഗാസ മുനമ്പാണ് (Gaza Strip). 1967ലാണ് ഇസ്രയേല്‍ പോരാട്ടത്തിലൂടെ ഈജിപ്‌തില്‍ നിന്ന് ഗാസ മുനമ്പ് പിടിച്ചെടുത്തത്. അന്ന് മുതല്‍ പുകഞ്ഞുകൊണ്ടിരുന്ന അസ്വസ്ഥതകള്‍ക്ക് വിരാമമിട്ട് 2005ലാണ് തന്ത്രപ്രധാനമായ ഈ നഗരത്തില്‍ നിന്ന് ഇസ്രയേല്‍ പിന്മാറുന്നത്. ഗാസയുടെ നിയന്ത്രണം പാലസ്‌തീന് വിട്ടുകൊടുത്തുകൊണ്ടായിരുന്നു പിന്മാറ്റം. എന്നാൽ 2007 ൽ പാലസ്‌തീനിയന്‍ ഫത്താ സൈന്യത്തെ തുരത്തി ഹമാസ് ഗാസയുടെ നിയന്ത്രണം കൈക്കലാക്കി.
2007 ൽ ഹമാസ് ഗാസയുടെ നിയന്ത്രണം ഏറ്റെടുത്തതിന് പിന്നാലെയാണ് ഇസ്രയേലുമായുള്ള നിരന്തര സംഘർഷങ്ങൾക്ക് തുടക്കമാകുന്നത്. ഒക്‌ടോബര്‍ 7 ന് ഹമാസ് ഇസ്രയേലിൽ കടന്നുകയറി കനത്ത ആക്രമണം അഴിച്ചുവിട്ടതോടെ സംഘർഷം പുതിയ തലത്തിലേക്കെത്തി. ഹമാസിന്‍റെ ആക്രമണം രൂക്ഷമായതോടെ ഇസ്രയേല്‍ പ്രത്യാക്രമണത്തിന് തുടക്കം കുറിച്ചു. ഹമാസിന് നേരെ ഇസ്രയേല്‍ ഔദ്യോഗിക യുദ്ധം പ്രഖ്യാപിക്കുന്ന സ്ഥിതിയിലേക്ക് കാര്യങ്ങളെത്തി. കരുത്തരായ ഇസ്രയേലിനെതിരെ അത്യധികം ശക്തമായ ആക്രമണം അഴിച്ചുവിട്ടതോടെ ഹമാസിൻ്റെ ആയുധ ശേഖരത്തെപ്പറ്റിയും ആക്രമണ തന്ത്രങ്ങളെപ്പറ്റിയും ചോദ്യങ്ങൾ ഉയരുകയാണ്. എങ്ങനെയാണ് ഹമാസ് ഇസ്രയേലിനെ കടന്നാക്രമിക്കാനുള്ള കരുത്താർജ്ജിച്ചത് എന്നതാണ് പല കോണിൽനിന്നും ഉയരുന്ന ചോദ്യം.
എന്താണ് ഹമാസ് ?(What is Hamas?) :1967ലാണ് ഇസ്രയേല്‍ രൂക്ഷമായ പോരാട്ടത്തിലൂടെ ഈജിപ്‌തില്‍ നിന്ന് ഗാസ പിടിച്ചെടുത്തത്. പിന്നീട് വെസ്റ്റ് ബാങ്കിലെയും ഗാസ മുനമ്പിലെയും ഇസ്രയേൽ ഇടപെടലിനെതിരെയുള്ള പാലസ്‌തീൻ പ്രക്ഷോഭമായ ഇൻതിഫാദയുടെ ഭാഗമായാണ് ഹമാസ് പിറവിയെടുക്കുന്നത്. 1987ൽ ഒന്നാം പാലസ്‌തീനിയൻ ഇൻതിഫാദയുടെ തുടക്കത്തിന് ശേഷമാണ് ഷെയ്ഖ് അഹമ്മദ് യാസിൻ ഹമാസ് സ്ഥാപിക്കുന്നത്. പാലസ്‌തീന്‍റെ മോചനം ലക്ഷ്യമിട്ട് 1964ൽ സ്ഥാപിതമായ പാലസ്‌തീൻ ലിബറേഷൻ ഓർഗനൈസേഷന് ബദലായാണ് ഹമാസ് രൂപീകരിച്ചത്. ഹരാകഹ് അൽ - മുഖാവമ അൽ - ഇസ്മാമിയ ( ഇസ്ലാമിക് റെസിസ്റ്റൻസ് മൂവ്‌മെന്‍റ്) എന്നതാണ് ഹമാസിന്‍റെ പൂർണ രൂപം.
ഇസ്രയേലിൽ നിന്ന് പാലസ്‌തീന്‍റെ മണ്ണ് വീണ്ടെടുത്ത് സ്വതന്ത്ര രാജ്യമാക്കുക എന്നതാണ് ഹമാസിന്‍റെ പ്രധാന ലക്ഷ്യം. ഇസ്രയേലിന്‍റെ നാശവും ഹമാസ് ലക്ഷ്യമിടുന്നു. സാമൂഹിക സേവനങ്ങൾ, മതപരിശീലനം, സായുധസേന എന്നിങ്ങനെ ത്രിതല ഘടനയാണ് ഹമാസിന്‍റേത്. ഇസ്രയേലിനെതിരെ സായുധ പോരാട്ടം നടത്തുന്നത് ഇവരുടെ സൈനിക വിഭാഗമായ ഇസ് അദ് ദിൻ അൽ- ഖാസം ബ്രിഗേഡ് ആണ്. സാമൂഹ്യക്ഷേമ പ്രവർത്തനങ്ങൾ നയിക്കുന്ന വിഭാഗം ദഅഹ് എന്നറിയപ്പെടുന്നു. 2005ൽ ഗാസയിൽ നിന്ന് ഇസ്രയേൽ പിൻവാങ്ങിയതിനുപിന്നാലെ നടന്ന പാലസ്‌തീനിയന്‍ ലെജിസ്ലേറ്റീവ് തെരഞ്ഞെടുപ്പില്‍ ഹമാസ് ഭൂരിപക്ഷം നേടി. മതനിരപേക്ഷ നിലപാടുകളുള്ള പാലസ്‌തീൻ ലിബറേഷൻ ഓർഗനൈസേഷന്‍റെ രാഷ്ട്രീയ മുഖമായ ഫത്താഹ് പാർട്ടിയെ അട്ടിമറിച്ചാണ് ഹമാസ് ഭൂരിപക്ഷം നേടിയത്.
പാലസ്‌തീനില്‍ ഭരണമുണ്ടെങ്കിലും ഏറ്റവും വലിയ പാലസ്‌തീനിയൻ തീവ്രവാദ ഇസ്ലാമിസ്റ്റ് സംഘടനയെന്നാണ് ഹമാസ് അറിയപ്പെടുന്നത്. ഇസ്രയേലിനെ ഉന്മൂലനം ചെയ്യുമെന്ന് പ്രതിജ്ഞയെടുത്ത ഹമാസ് ഇസ്രയേൽ പൗരന്മാരുടെയും സൈനികരുടെയും നേരെ നടന്ന നിരവധി ചാവേർ ആക്രമണങ്ങൾക്കടക്കം ഉത്തരവാദികളാണ്. 1997-ൽ യുഎസ് സ്റ്റേറ്റ് ഡിപ്പാർട്ട്മെന്‍റ് ഹമാസിനെ ഭീകര സംഘടനയായി പ്രഖ്യാപിച്ചു. യൂറോപ്യൻ യൂണിയനും യുകെ അടക്കമുള്ള മറ്റ് പാശ്ചാത്യ രാജ്യങ്ങളും ഹമാസിനെ ഒരു ഭീകര സംഘടനയായി തന്നെയാണ് കണക്കാക്കുന്നത്.