കാൻബെറ (ഓസ്‌ട്രേലിയ) : ഓസ്‌ട്രേലിയയിൽ (Australia) ബസ് മറിഞ്ഞ് 10 പേർ മരിച്ചു. സിഡ്‌നിക്ക് വടക്ക് ന്യൂ സൗത്ത് വെയിൽസിലെ ഹണ്ടർ വാലി (hunter) മേഖലയിൽ പ്രാദേശിക സമയം ഇന്നലെ രാത്രി 11.30ന് ശേഷമാണ് അപകടം (Accident) സംഭവിച്ചത്. അപകടത്തിൽ പരിക്കേറ്റ 25 പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
വിവാഹച്ചടങ്ങിൽ പങ്കെടുത്ത് മടങ്ങിയവർ സഞ്ചരിച്ച ബസാണ് അപകടത്തിൽപ്പെട്ടത്. ബസിൽ 50ഓളം പേർ ഉണ്ടായിരുന്നതായാണ് വിവരം. മറ്റ് യാത്രക്കാർക്ക് പരിക്കുകളില്ല. വാൻഡിൻ എസ്റ്റേറ്റ് വൈനറിയിൽ നടന്ന വിവാഹച്ചടങ്ങിൽ പങ്കെടുത്ത ശേഷം ഹണ്ടർ വാലി പട്ടണമായ സിംഗിൾടണിലെ താമസസ്ഥലത്തേക്ക് മടങ്ങുകയായിരുന്നു അപകടത്തിൽപ്പെട്ടവരെന്ന് പൊലീസ് ഉദ്യോഗസ്ഥർ അറിയിച്ചു.
ബസ് ഡ്രൈവറായ 58 കാരനെ പൊലീസ് അറസ്റ്റ് ചെയ്‌തു. ഇയാൾക്ക് നിസാര പരിക്കുകളേറ്റിട്ടുണ്ടെന്നും പൊലീസ് അസിസ്റ്റന്‍റ് കമ്മിഷണർ ട്രേസി ചാപ്‌മാൻ പറഞ്ഞു. അപകട കാരണം എന്താണെന്ന് അന്വേഷിച്ച് വരികയാണെന്നും പൊലീസ് വ്യക്തമാക്കി.
വിവാഹാഘോഷ യാത്രക്കിടെ വാഹനാപകടം : ബിഹാറിലെ പൂര്‍ണിയയില്‍ സമാന അപകടം സംഭവിച്ചിരുന്നു. വിവാഹാഘോഷ യാത്രക്കിടെ ഇവർ സഞ്ചരിച്ചിരുന്ന വാഹനം അപകടത്തിൽപ്പെടുകയായിരുന്നു. രണ്ട് കുട്ടികള്‍ അടക്കം അഞ്ച് പേര്‍ അപകടത്തിൽ മരിച്ചു.
ഒന്‍പത് പേര്‍ക്ക് ഗുരുതര പരിക്കേറ്റു. അരാരിയയിൽ നിന്ന് ഖഗാരിയയിലേക്ക് വിവാഹത്തിൽ പങ്കെടുക്കാനായി പോകുകയായിരുന്ന കാര്‍ നിയന്ത്രണം വിട്ട് വഴിയരികില്‍ നിര്‍ത്തിയിട്ട ട്രക്കില്‍ ഇടിച്ചുകയറുകയായിരുന്നു. മരങ്ക ബൈപ്പാസില്‍ വച്ചായിരുന്നു സംഭവം. അമിത വേഗതയാകാം അപകട കാരണമെന്നാണ് പൊലീസിന്‍റെ പ്രാഥമിക നിഗമനം.