കിബിത്തു (അരുണാചൽ പ്രദേശ്): ചൈനയുടെ വേഗതയേറിയ 5ജി ടെലികോം നെറ്റ്‌വർക്കുകൾ അതിർത്തികൾ കടന്ന് ഇന്ത്യയിലേക്കും വ്യാപിക്കുന്നു. ചൈനയുടെ അതിർത്തിയായ അരുണാചൽ പ്രദേശിലെ അഞ്‌ജൗ ജില്ലയിലെ കിബിത്തുവിലാണ് ചൈനീസ് നെറ്റ്‌വർക്കുകൾ വ്യാപകമായി ഉപയോഗിക്കപ്പെടുന്നതെന്ന് ഇടിവി ഭാരതിന്‍റെ സഞ്ജിബ് കെആർ ബറുവ റിപ്പോർട്ട് ചെയ്‌തു.
കിബിത്തുവിൽ ഇന്ത്യൻ ഫോണുകളോ ഇന്ത്യൻ കമ്പനികളുടെ ഇന്‍റർനെറ്റ് കണക്ഷനോ ലഭ്യമല്ല. എന്നാൽ നാലോളം ചൈനീസ് ടെലികോം നെറ്റ്‌വർക്കുകൾ തങ്ങളുടെ 5ജി സേവനങ്ങൾ ഇവിടെ വാഗ്‌ദാനം ചെയ്യുന്നുണ്ട്. ഇതിൽ 2021 ജനുവരി 11ന് ന്യൂയോർക്ക് സ്റ്റോക്ക് എക്‌സ്ചേഞ്ചിൽ ട്രേഡിങ്ങിൽ നിന്ന് ഒഴിവാക്കിയ ചൈന യൂണികോം എന്ന കമ്പനിയും ഉൾപ്പെടുന്നു.
കിബിത്തുവിന് സമീപമുള്ള രണ്ടിലധികം വ്യവസായികൾ ചൈനീസ് ടെലികോം നെറ്റ്‌വർക്ക് സബ്‌സ്ക്രൈബ് ചെയ്യുകയും പ്രാദേശികർക്ക് ഒരു നിശ്ചിത തുകയ്ക്ക് ഇന്‍റർനെറ്റ് ഉപയോഗം വാഗ്‌ദാനം ചെയ്യുകയും ചെയ്യുന്നുണ്ട്. ഇതിലൂടെയാണ് നിലവിൽ പ്രാദേശികർക്ക് ഇന്‍റർനെറ്റ് കണക്ഷനും പുറം ലോകവുമായുള്ള ബന്ധവും സാധ്യമാകുന്നത്.
ഇനിയും മുന്നേറണം 4ജിക്കായി: ടെലികോം അടിസ്ഥാന സൗകര്യ വികസനത്തിൽ പ്രത്യേകിച്ച് ചൈനയുടെ അതിർത്തിയിൽ ഇന്ത്യ വൻതോതിൽ നിക്ഷേപം നടത്തിയിട്ടും 4ജി കണക്റ്റിവിറ്റി സ്ഥാപിക്കുന്നത് ഒരു ഗെയിം ചേഞ്ചറായിരിക്കുമെന്നാണ് ഉന്നത സൈനിക ഉദ്യോഗസ്ഥർ പറയുന്നത്. ഇതിലൂടെ ഇന്ത്യയ്‌ക്ക് ഇനിയും ഒരുപാട് ദൂരം മുന്നോട്ട് പോകാനുണ്ടെന്നും കൂടുതൽ നിക്ഷേപവും പരിശ്രമവും ഇക്കാര്യത്തിൽ ആവശ്യമാണെന്നതും വ്യക്തമാണ്.
അതേസമയം ടെലികോം വികസനത്തിനായി കേന്ദ്ര സർക്കാർ സമയബന്ധിതമായ പദ്ധതികൾ തയ്യാറാക്കുന്നുണ്ടെങ്കിലും റോഡുകളുടേയും മറ്റ് അടിസ്ഥാന സൗകര്യങ്ങളുടേയും അഭാവം ഇതിന് തടസമാകുന്നുണ്ട്. റോഡുകൾ ശരിയായി പൂർത്തിയാക്കിയാൽ മാത്രമേ ഒപ്‌റ്റിക്കൽ ഫൈബർ കേബിളുകൾ സ്ഥാപിക്കാൻ സാധിക്കുകയൊള്ളൂവെന്നതാണ് ഇതിന് കാരണം. എന്നാൽ മാത്രമേ മികച്ച ടെലിഫോണ്‍ കണക്‌ടിവിറ്റിയും വേഗത്തിലുള്ള ഇന്‍റർനെറ്റും ജനങ്ങൾക്ക് ലഭ്യമാകുകയുള്ളു.