കീവ് (യുക്രെയ്‌ന്‍) : ഇസ്രയേലിന് നേരെയുള്ള ഹമാസ് ആക്രമണങ്ങളെ അപലപിച്ച് യുക്രെയ്‌ന്‍ പ്രസിഡന്‍റ് വ്ലാഡിമിര്‍ സെലന്‍സ്‌കി (Volodymyr Zelenskyy On Hamas Israel Conflict). സംഭവം ഭയാനകമാണെന്നും ഭീകരതയ്‌ക്ക് ലോകത്ത് സ്ഥാനമില്ലെന്നും സെലന്‍സി പ്രതികരിച്ചു. സ്വയം പ്രതിരോധിക്കാനുള്ള ഇസ്രയേലിന്‍റെ അവകാശം (Hamas attack in Israel) ചോദ്യം ചെയ്യാനാകാത്തതാണെന്നും ആക്രമണങ്ങള്‍ക്ക് മുന്നില്‍ ഐക്യദാര്‍ഢ്യത്തോടെ നില്‍ക്കണമെന്നും സെലന്‍സ്‌കി എക്‌സില്‍ പങ്കുവച്ച വീഡിയോയില്‍ വ്യക്തമാക്കി.
ഭീകരതയെ ആശ്രയിക്കുകയും അതിനായി പണം നല്‍കുകയും ചെയ്യുന്നവര്‍ ലോകത്തോട് വലിയ തെറ്റുചെയ്യുകയാണെന്നും യുക്രെയ്‌ന്‍ പ്രസിഡന്‍റ് ചൂണ്ടിക്കാട്ടി. 'ഇസ്രയേലില്‍ നിന്നുള്ളത് ഭയാനകമായ വാര്‍ത്തയാണ്. തീവ്രവാദി ആക്രമണത്തില്‍ ബന്ധുക്കളെയും പ്രിയപ്പെട്ടവരെയും നഷ്‌ടമായവര്‍ക്ക് എന്‍റെ അനുശോചനം. ഭീകരരെ പരാജയപ്പെടുത്തി ക്രമസമാധാനം പുനഃസ്ഥാപിക്കപ്പെടുമെന്ന് ഞങ്ങള്‍ക്ക് വിശ്വാസമുണ്ട്' - സെലന്‍സ്‌കി എക്‌സില്‍ പങ്കിട്ട വീഡിയോയില്‍ പറഞ്ഞു.
'ഭീകരതയിലേക്ക് നീങ്ങുന്ന ഏതൊരാളും ലോകത്തിനെതിരെ കുറ്റം ചെയ്യുകയാണ്. ഭീകരതയ്‌ക്കായി പണം നല്‍കുന്നവനും ലോകത്തിനെതിരെ കുറ്റം ചെയ്യുകയാണ്. ഭീകരത എവിടെയും ഏത് നിമിഷവും ജീവിതത്തെ കീഴ്‌പ്പെടുത്താനോ തകര്‍ക്കാനോ ശ്രമിക്കാതിരിക്കാന്‍ ലോകം ഒറ്റക്കെട്ടായി നില്‍ക്കണം. ഇസ്രയേലിന്‍റെ സ്വയം പ്രതിരോധിക്കാനുള്ള അവകാശം ചോദ്യം ചെയ്യാനാകാത്തതാണ്' - അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഹമാസ് ആക്രമണവുമായി ബന്ധപ്പെട്ട മുഴുവന്‍ വിവരങ്ങളും പുറത്തുവരണമെന്നും യുക്രെയ്‌ന്‍ പ്രസിഡന്‍റ് ആവശ്യപ്പെട്ടു. വിവരങ്ങള്‍ പുറത്തുവരുന്നതോടെ ആക്രമണത്തെ പിന്തുണയ്‌ക്കുകയും സഹായിക്കുകയും ചെയ്‌തവരെ കുറിച്ച് ലോകം അറിയുകയുള്ളൂ എന്നും അദ്ദേഹം വ്യക്തമാക്കി.