കൊളംബോ: ശ്രീലങ്കയുടെ 75-ാമത് സ്വാതന്ത്ര്യ ദിനാഘോഷത്തില്‍ പങ്കെടുക്കാനായി കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി മുരളീധരന്‍ കൊളംബോയില്‍ എത്തി. ശ്രീലങ്കന്‍ സര്‍ക്കാരിന്‍റെ ക്ഷണപ്രകാരമാണ് വി മുരളീധരന്‍ കൊളംബോയില്‍ എത്തിയത്. സന്ദര്‍ശന വേളയില്‍ പ്രസിഡന്‍റ് റനില്‍ വിക്രമസിംഗെ, ശ്രീലങ്കന്‍ വിദേശകാര്യ മന്ത്രി എം യു എം അലി സാബ്രി എന്നിവരുമായി കേന്ദ്രമന്ത്രി പ്രത്യേക കൂടിക്കാഴ്‌ച നടത്തും.
'ശ്രീലങ്കയുടെ 75-ാം സ്വാതന്ത്ര്യദിനാഘോഷത്തിൽ പങ്കെടുക്കാൻ കൊളംബോയിൽ എത്തിയതിൽ സന്തോഷമുണ്ട്. ഊഷ്‌മളമായ സ്വാഗതത്തിന് ബഹുമാനപ്പെട്ട വിദേശകാര്യ സഹമന്ത്രിയ്‌ക്ക് നന്ദി. ശ്രീലങ്കയിലെ ഇന്ത്യക്കാരുമായുള്ള ആശയവിനിമയം ഉൾപ്പെടെയുള്ള പരിപാടികള്‍ക്കായി കാത്തിരിക്കുന്നു', മുരളീധരൻ ട്വീറ്റ് ചെയ്‌തു.
ശ്രീലങ്കയുടെ സ്വാതന്ത്ര്യ ദിനത്തില്‍ ആശംസകള്‍ അറിയിച്ച് കേന്ദ്ര വിദേശകാര്യ മന്ത്രി എസ് ജയശങ്കറും ട്വീറ്റ് ചെയ്‌തു. 'അലി സാബ്രിയ്‌ക്കും ശ്രീലങ്കന്‍ സര്‍ക്കാരിനും ജനങ്ങള്‍ക്കും അവരുടെ സ്വാതന്ത്ര്യത്തിന്‍റെ 75-ാം വര്‍ഷത്തില്‍ അഭിനന്ദനങ്ങള്‍. ഇന്ത്യയുടെ നൈബര്‍ഹുഡ് ഫസ്റ്റ് പോളിസിയിലൂടെ ആശ്രയിക്കാവുന്ന ഒരു പങ്കാളിയായും വിശ്വസ്‌ത സുഹൃത്തായും ഇന്ത്യ തുടരും', എസ് ജയശങ്കര്‍ ട്വീറ്റ് ചെയ്‌തു.
ഇന്ത്യയും ശ്രീലങ്കയും തമ്മില്‍ നയതന്ത്ര ബന്ധം സ്ഥാപിച്ചതിന്‍റെ 75-ാം വര്‍ഷം കൂടിയാണിത്. അയല്‍ രാജ്യങ്ങളുമായുള്ള വ്യാപാരം, നയതന്ത്രം, ജനങ്ങള്‍ തമ്മിലുള്ള സമ്പര്‍ക്കം എന്നിവ പ്രോത്സാഹിപ്പിക്കുന്നതില്‍ ശ്രദ്ധ കേന്ദ്രീകരിച്ച് ഭൂമിശാസ്‌ത്രപരമായി അതിര്‍ത്തി പങ്കിടുന്ന രാജ്യങ്ങള്‍ക്ക് പ്രഥമ പരിഗണന നല്‍കുന്ന ഇന്ത്യയുടെ വിദേശ നയമാണ് അയല്‍പക്ക ആദ്യ നയം (നൈബര്‍ഹുഡ് ഫസ്റ്റ് പോളിസി). സമാധാനവും സഹകരണവും കെട്ടിപ്പടുക്കുന്നതിനുള്ള ശ്രമങ്ങളെ അടിസ്ഥാനമാക്കിയുള്ളതാണ് തൊട്ടടുത്ത അയൽരാജ്യത്തോടുള്ള ഇന്ത്യയുടെ നയം. അഫ്‌ഗാനിസ്ഥാൻ, ഭൂട്ടാൻ, ബംഗ്ലാദേശ്, മാലിദ്വീപ്, പാകിസ്ഥാൻ, നേപ്പാൾ, ശ്രീലങ്ക എന്നീ രാജ്യങ്ങളുമായി ഇന്ത്യ ഭൂമിശാസ്‌ത്രപരമായ അതിർത്തി പങ്കിടുന്നു.