പ്രോവോ: അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡനെ കൊലപ്പെടുത്തുമെന്ന് ഓൺലൈൻ മാധ്യമങ്ങളിലൂടെ ഭീഷണി മുഴക്കിയ മധ്യവയസ്‌കനായ ട്രംപ് അനുകൂലിയെ പൊലീസ് വെടിവച്ചു കൊന്നു. അമേരിക്കയുടെ പടിഞ്ഞാറൻ മേഖലയിൽ സന്ദർശനം നടത്തുന്നതിനിടെയിൽ യുട്ടയിലെ പ്രോവോ പ്രസിഡന്‍റ് സന്ദർശിക്കുമെന്ന് അറിഞ്ഞതിനെ തുടർന്ന്, സാൾട്ട് ലേക്ക് സിറ്റി സ്വദേശിയായ റോബർട്ട്‌സൺ തന്‍റെ ഓൺലൈൻ മാധ്യമത്തിലൂടെ ഭീഷണി പോസ്റ്റിടുകയായിരുന്നു.
ഇതിനു മുൻപ് 2022 സെപ്റ്റംബറിലും റോബർട്ട്‌സൺ ഫേസ്‌ബുക്കിലൂടെ ഭീഷണി മുഴക്കിക്കൊണ്ട് പോസ്റ്റ് പങ്കുവച്ചിരുന്നു. അന്നത്തെ പോസ്റ്റിൽ പ്രസിഡന്‍റ് ജോ ബൈഡനെയും വൈസ് പ്രസിഡന്‍റ് കമല ഹാരിസിനെയും വധിക്കുമെന്നായിരുന്നു ഭീഷണി. 'രണ്ടു പ്രസിഡന്‍റുമാരെയും കൊലപ്പെടുത്താൻ തനിക്ക് നേരമായിരിക്കുന്നു' -എന്നായിരുന്നു അന്നത്തെ പോസ്റ്റിന്‍റെ ഉള്ളടക്കം.
റോബർട്ട്‌സണിന്‍റെ സാൾട്ട് ലേക്ക് സിറ്റിയിലുള്ള ക്രെയ്‌ഗ് ഡെലീവിലെ വീട്ടിലേക്ക് വാറന്‍റുമായി ചെന്ന പൊലീസ് രാവിലെ 6.15ഓടെ ഇയാള്‍ക്ക് നേരെ വെടി ഉതിര്‍ക്കുകയായിരുന്നു. പൊലീസ് സംഘം എത്തുമ്പോൾ റോബർട്ട്‌സൺ ആയുധധാരിയായിരുന്നു എന്നാണ് എഫ്‌ബിഐയുടെ വിശദീകരണം.
ബുധാനാഴ്‌ച പ്രസിഡന്‍റ് യൂട്ടയിലേക്ക് സന്ദർശനത്തിന് എത്തുമെന്ന് അറിഞ്ഞ റോബർട്ട്‌സൺ, തിങ്കളാഴ്‌ച 'പ്രസിഡന്‍റിനെ കൊല്ലാൻ താൻ തന്‍റെ സ്‌നൈപ്പർ റൈഫിളുകൾ തുടച്ചു വയ്‌ക്കുകയാണെന്ന്' -എന്ന് പോസ്റ്റിട്ടിരുന്നു. മറ്റൊരു പോസ്റ്റിൽ താൻ ട്രംപ് അനുകൂലിയാണെന്നും ട്രംപിനു മത്രമേ അമേരിക്കയെ ഉന്നതിയിൽ എത്തിക്കാൻ സാധിക്കുകയുള്ളു എന്നും കുറിച്ചിരുന്നു. സ്‌നൈപ്പർ റൈഫിളുകളും ഗില്ലി സ്യൂട്ട് എന്നറിയപ്പെടുന്ന കാമഫ്ലേജ് ഗിയർ ആയുധങ്ങളും കൂടാതെ മറ്റ് നിരവധി ആയുധങ്ങളും ഇയാളുടെ പക്കൽ ഉണ്ടായിരുന്നതായി പൊലീസ് പറഞ്ഞു.