വാഷിങ്ടണ്‍: അഫ്‌ഗാനിസ്ഥാനില്‍ നിന്ന് സൈന്യത്തെ പൂര്‍ണമായും പിന്‍വലിക്കാനൊരുങ്ങി യുഎസ്. ഇത് സംബന്ധിച്ച് യുഎസ് ഭരണക്കൂടം അവലോകന യോഗം നടത്തും. തുടര്‍ന്ന് അന്തിമ തീരുമാനം അടുത്ത മാസം പുറത്ത് വിടുമെന്ന് വൈറ്റ് ഹൗസ് ബുധനാഴ്‌ച അറിയിച്ചു.
2021ല്‍ യുഎസ് അഫ്‌ഗാനിസ്ഥാനില്‍ നിന്ന് സൈന്യത്തെ പിന്‍വലിച്ചിരുന്നെങ്കിലും രാജ്യത്തെ സുരക്ഷ കണക്കിലെടുത്ത് കുറച്ച് പേരെ അവിടെ നിലനിര്‍ത്തിയിരുന്നു. എന്നാല്‍ അഫ്‌ഗാനിസ്ഥാനില്‍ നിലവിലുള്ള സൈന്യത്തെ പൂര്‍ണമായും പിന്‍വലിക്കാനുള്ള തീരുമാനത്തിലാണിപ്പോള്‍ യുഎസ്. സൈന്യത്തെ പിന്‍വലിക്കുന്നത് സംബന്ധിച്ചുള്ള മുഴുവന്‍ വിഷയങ്ങളും ചര്‍ച്ച ചെയ്യുന്നതിനായി യോഗം ചേരാന്‍ പ്രസിഡന്‍റ് ജോ ബൈഡന്‍ നിര്‍ദേശിച്ചു.
തീരുമാനം നേരത്തെ എടുത്തിരുന്നു: അഫ്‌ഗാനിസ്ഥാനില്‍ നിന്ന് യുഎസ് സൈന്യത്തെ പിന്‍വലിക്കുന്ന വിഷയം നേരത്തെ തീരുമാനിച്ചിരുന്നെങ്കിലും വിവിധ കാരണങ്ങള്‍ കൊണ്ട് നടപടികള്‍ വൈകുകയായിരുന്നെന്ന് ദേശീയ സുരക്ഷ കൗണ്‍സില്‍ വക്താവ് ജോണ്‍ കിര്‍ബി പറഞ്ഞു. നിലവില്‍ സൈന്യത്തെ പിന്‍വലിക്കുന്നതിനുള്ള നടപടികള്‍ ഏതാണ്ട് പൂര്‍ത്തിയായിട്ടുണ്ടെന്നും ഇത് സംബന്ധിച്ചുള്ള വിവരങ്ങള്‍ ഏപ്രിലില്‍ പുറത്ത് വിടാന്‍ കഴിയുമെന്ന് പ്രതീക്ഷിക്കുന്നതായും ജോണ്‍ കിര്‍ബി പറഞ്ഞു.
പിന്‍വലിക്കല്‍ ഇതാദ്യമല്ല:ഇത് ആദ്യമായല്ല അഫ്‌ഗാനില്‍ നിന്ന് യുഎസ് സൈന്യത്തെ പിന്‍വലിക്കുന്നത്. അഫ്‌ഗാനില്‍ നിന്നും മുമ്പും സൈന്യത്തെ പിന്‍വലിച്ചിരുന്നു. എന്നാല്‍ പൂര്‍ണമായും പിന്‍വലിക്കുമെന്നാണ് ഇത്തവണ വൈറ്റ് ഹൗസ് അറിയിച്ചിട്ടുള്ളത്. നേരത്തെ സിറിയയില്‍ നിന്നും യുഎസ് സൈന്യത്തെ പിന്‍വലിച്ചിരുന്നു.
ഇതിന് പിന്നാലെ 2021ല്‍ സൈന്യത്തെ പിന്‍വലിക്കാന്‍ പ്രസിഡന്‍റായിരുന്ന ഡോണാള്‍ഡ് ട്രംപ് ഉത്തരവിട്ടിരുന്നു. ഏകദേശം അഫ്‌ഗാനിസ്ഥാനിലുള്ള 7000 യുഎസ് സൈന്യത്തെയാണ് അന്ന് പിന്‍വലിച്ചത്. രാജ്യത്തിന്‍റെ സുരക്ഷയ്‌ക്കായി ചെറിയൊരു സൈന്യത്തെ നിലനിര്‍ത്തുകയും ചെയ്‌തു. 14,000 യുഎസ് സൈനികരാണ് അന്ന് അഫ്‌ഗാനിസ്ഥാനിലുണ്ടായിരുന്നത്.