വാഷിങ്‌ടൺ: ഇന്ത്യൻ പൗരന്മാരിൽ നിന്നുള്ള വിസ അപേക്ഷകളുടെ ബാക്ക്‌ലോഗിൽ ഉടൻ പരിഹാരം കാണുമെന്ന് യുഎസ് സ്റ്റേറ്റ് സെക്രട്ടറി ആന്‍റണി ബ്ലിങ്കെൻ. ബൈഡൻ ഭരണകൂടത്തിന് ഈ വിഷയത്തിൽ കൃത്യമായ ഒരു പദ്ധതി ഉണ്ടെന്നും വരുന്ന മാസങ്ങളിൽ അത് ഇന്ത്യയിൽ നടപ്പാക്കുമെന്നും ബ്ലിങ്കെൻ പ്രസിഡൻസിയിൽ നടന്ന വാർത്താസമ്മേളനത്തിലൂടെ അറിയിച്ചു. കൊവിഡ് പ്രതിസന്ധി സമയത്ത് എംബസിയിൽ ആളുകളുടെ എണ്ണത്തിൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിരുന്നു.
എന്നാൽ ഇന്ത്യയിലേക്ക് വരുന്നതോടെ ഇതിനെല്ലാം പരിഹാരം കാണുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. വാഷിങ്‌ടണിൽ വിദേശകാര്യ മന്ത്രി എസ് ജയശങ്കറുമായി കൂടിക്കാഴ്‌ച നടത്തിയ ശേഷമാണ് ഈ വിവരങ്ങൾ അറിയിച്ചത്. അതേസമയം അമേരിക്കയിൽ ജോലി ചെയ്യുന്നതിനും ജീവിക്കുന്നതിനുമുള്ള വിസ സ്വീകരിക്കുന്നതിൽ ഇന്ത്യക്കാർ നേരിടുന്ന ആശങ്കകൾ ബ്ലിങ്കെന് ചൂണ്ടിക്കാട്ടിയതായി ജയശങ്കർ വ്യക്തമാക്കി. ഇന്ത്യക്കാർക്ക് യുഎസിലേക്കുള്ള സന്ദർശക വിസ ലഭിക്കാനുള്ള കാലാവധി 800 ദിവസമായി ഉയർന്നതായി യുഎസ് സ്റ്റേറ്റ് ഡിപ്പാർട്ട്‌മെന്‍റിന്‍റെ വെബ്‌സൈറ്റ് പറയുന്നു.