വാഷിങ്‌ടൺ : യുക്രൈനിലേക്ക് നിരോധിത ക്ലസ്റ്റർ യുദ്ധോപകരണങ്ങൾ അയക്കുന്നതിനെ 'ബുദ്ധിമുട്ടുള്ള തീരുമാനം' എന്ന് വിശേഷിപ്പിച്ച് അമേരിക്കൻ പ്രസിഡന്‍റ് ജോ ബൈഡൻ. എന്നാൽ, റഷ്യൻ അധിനിവേശത്തിനെതിരായ യുദ്ധത്തിൽ വെടിമരുന്ന് തീർന്നതിനാൽ യുക്രൈനിന് അവ ആവശ്യമാണെന്നും ഈ നീക്കം യുദ്ധത്തിൽ പ്രധാനമാണെന്നും തന്‍റെ തീരുമാനത്തെ ന്യായീകരിച്ചുകൊണ്ട് ജോ ബൈഡൻ വ്യക്തമാക്കി. ക്ലസ്റ്റർ ബോംബുകൾ ശ്രദ്ധാപൂർവം ഉപയോഗിക്കുമെന്ന യുക്രൈനിന്‍റെ വാഗ്‌ദാനം തന്‍റെ തീരുമാനത്തെ ബലപ്പെടുത്തിയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ആയുധങ്ങൾ പ്രയോഗിക്കുന്നതില്‍ പരാജയപ്പെടുകയും റഷ്യ നടത്തുന്ന ആക്രമണങ്ങൾ സാധാരണക്കാർക്ക് ഗുരുതരമായ അപകടമുണ്ടാക്കുകയും ചെയ്യുന്ന സാഹചര്യത്തിൽ പ്രത്യാക്രമണത്തെ പിന്തുണയ്‌ക്കുന്നതിനുള്ള ഒരു പുതിയ നീക്കത്തിന് യുക്രൈനിലേക്ക് ക്ലസ്റ്റർ ബോംബുകൾ അയയ്‌ക്കുമെന്ന് യുഎസ് അറിയിച്ചിരുന്നു. ക്ലസ്റ്റർ ബോംബുകൾ സൃഷ്‌ടിക്കുന്ന അപകടസാധ്യത കണക്കിലെടുത്താണ് ഈ നീക്കത്തെ 'ബുദ്ധിമുട്ടുള്ള തീരുമാനം' എന്ന് പ്രസിഡന്‍റ് ജോ ബൈഡൻ വിശേഷിപ്പിച്ചത്. എന്നാൽ, റഷ്യ മാസങ്ങളായി യുക്രൈനിൽ യുദ്ധോപകരണങ്ങൾ വർഷിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
ആള്‍ത്താമസമുള്ള പ്രദേശങ്ങളിൽ ബോംബുകൾ ഉപയോഗിക്കില്ലെന്ന് യുക്രൈൻ അറിയിച്ചിട്ടുണ്ടെന്നും യുഎസ് ഉദ്യോഗസ്ഥർ പറഞ്ഞു. ക്ലസ്റ്റർ ബോംബുകൾ എന്നാൽ നൂറുകണക്കിന് സ്‌ഫോടക വസ്‌തുക്കൾ ഉപയോഗിച്ച് ഒരു വലിയ പ്രദേശം മുഴുവൻ തകർക്കാൻ കഴിയുന്ന നിരവധി സ്‌ഫോടക വസ്‌തുക്കൾ അടങ്ങിയ ആയുധമാണ്. നിലവിലുള്ള യുഎസ് സ്റ്റോക്കുകളിൽ നിന്ന് 800 മില്യൺ ഡോളർ പാക്കേജിന്‍റെ ഭാഗമാണ് യുദ്ധോപകരണങ്ങൾ. പ്രതിരോധ വകുപ്പിന്‍റെ ആസ്ഥാന മന്ദിരമായ പെന്‍റഗൺ ഇന്നലെയാണ് ഇതുസംബന്ധിച്ച വിശദാംശങ്ങൾ പുറത്തുവിട്ടത്.
യുക്രൈന്‍ സൈന്യം റഷ്യയെ അധിനിവേശ പ്രദേശങ്ങളിൽ നിന്ന് പുറത്താക്കാനും രാജ്യത്തിന് വേണ്ടിയുള്ള യുദ്ധത്തിൽ വിജയിക്കാനും സഹായിക്കുമെന്ന പ്രതീക്ഷയിലാണ് ബൈഡൻ ഭരണകൂടം കീവിലേക്ക് വിവാദമായ ക്ലസ്റ്റർ യുദ്ധോപകരണങ്ങൾ അയക്കുന്നത്. എന്നാൽ, 120ലധികം രാജ്യങ്ങളിൽ ഈ ആയുധം നിരോധിച്ചിരിക്കുന്നു എന്നതാണ് ആശങ്ക ഉണ്ടാക്കുന്നത്. കൂടാതെ യുദ്ധത്തിന് മുമ്പ് റഷ്യൻ സൈന്യം ഈ ആയുധം ഉപയോഗിച്ചതും അതിന്‍റെ ക്രൂരതയെക്കുറിച്ചും കോൺഗ്രസും മനുഷ്യാവകാശ ഗ്രൂപ്പുകളും അഭിപ്രായപ്പെടുകയും ചെയ്‌തിരുന്നു. എന്നിട്ടും അവ കീവിലേക്ക് അയയ്ക്കുന്നത് യുഎസ് പരിഗണിക്കുന്നു എന്നതും ശ്രദ്ധേയമാണ്.
മാരക ആയുധങ്ങളുടെ ഉപയോഗവും കൈമാറ്റവും നിരോധിക്കുന്ന 2010ലെ കരാറായ ക്ലസ്റ്റർ യുദ്ധോപകരണങ്ങളുടെ കൺവെൻഷനിൽ 100ലധികം രാജ്യങ്ങള്‍ ഒപ്പുവച്ചിരുന്നു. ഇതില്‍ ഉൾപ്പെടുന്ന നാറ്റോ സഖ്യകക്ഷികള്‍, അമേരിക്കയുടെ ഈ തീരുമാനത്തെ എതിര്‍ത്തേക്കാം. ലിത്വാനിയയിൽ നടക്കുന്ന നാറ്റോ ഉച്ചകോടിയുടെ തലേദിവസമാണ് ഈ തീരുമാനം വരുന്നത്, യുഎസ് എന്തിനാണ് യുക്രൈനിലേക്ക് ആയുധം അയക്കുന്നത് എന്നതിനെക്കുറിച്ച് സഖ്യകക്ഷികളിൽ നിന്ന് ബൈഡൻ ചോദ്യങ്ങൾ നേരിടാൻ സാധ്യതയുണ്ട്. വന്‍ തോതില്‍ നാശനഷ്‌ടങ്ങൾക്ക് കാരണമാകുന്നതിനാൽ സഖ്യകക്ഷികളിൽ മൂന്നിൽ രണ്ടും ഈ ക്ലസ്റ്റർ ആയുധം നിരോധിച്ചിരുന്നു.
ഫ്രാൻസും ജർമ്മനിയും ക്ലസ്റ്റർ ബോംബുകൾ നൽകില്ലെന്ന് നേരത്തേ അറിയിച്ചിരുന്നു. ഓരോ രാജ്യങ്ങളും സ്വയമെടുത്ത തീരുമാനമാണെന്ന് നാറ്റോ സെക്രട്ടറി ജനറൽ ജെൻസ് സ്റ്റോൾട്ടൻബെർഗ് പറഞ്ഞിരുന്നു. ബൈഡന്‍റെ ഈ നീക്കം കോൺഗ്രസിൽ നിന്ന് ഭിന്നമായ പ്രതികരണങ്ങൾക്ക് കാരണമായി. ചില ഡെമോക്രാറ്റുകൾ പദ്ധതിയെ വിമർശിച്ചപ്പോൾ ചില റിപ്പബ്ലിക്കൻമാർ അതിനെ പിന്തുണച്ചു.
എന്നാൽ, വിഷയത്തിൽ ക്ലസ്റ്റർ യുദ്ധോപകരണങ്ങൾ നൽകുന്ന ബൈഡന്‍റെ തീരുമാനത്തിൽ യുക്രൈൻ പ്രസിഡന്‍റ് വ്‌ളാഡിമർ സെലൻസ്‌കി നന്ദി അറിയിച്ചു. 'ശത്രുവിന് മേൽ യുക്രൈനേയും ജനാധിപത്യത്തേയും വിജയത്തിലേക്ക് അടുപ്പിക്കുന്ന സമയോചിതവും വിശാലവുമായ പ്രതിരോധ സഹായ പാക്കേജിന് ബൈഡന് നന്ദി. വ്‌ളാഡിമർ സെലൻസ്‌കി ട്വിറ്ററിൽ കുറിച്ചു.