വാഷിങ്ടൺ : ഹമാസ് ആക്രമണത്തിൽ ഇസ്രയേലിനെ സഹായിക്കാനൊരുങ്ങി അമേരിക്ക. ഇസ്രയേലിനെ പിന്തുണക്കുന്നതിനായി യുഎസ് യുദ്ധക്കപ്പൽ അയച്ചു (US Sending Aircraft Carrier Strike Group To Israel). ആണവശേഷിയുള്ള വിമാന വാഹിനിക്കപ്പൽ കിഴക്കൻ മെഡിറ്ററേനിയൻ സമുദ്രത്തിലേക്ക് തിരിക്കാൻ ഫോർഡ് കാരിയർ സ്ട്രൈക്ക് ഗ്രൂപ്പിന് നിർദേശം നൽകിയതായി യുഎസ് പ്രതിരോധ സെക്രട്ടറി ലോയ്ഡ് ഓസ്റ്റിൻ പറഞ്ഞു.
കൊല്ലപ്പെട്ടവരിലും കാണാതായവരിലും അമേരിക്കക്കാരും ഉണ്ടെന്നാണ് റിപ്പോർട്ട്. നാവികസേനയുടെ ഏറ്റവും പുതിയതും അത്യാധുനികവുമായ വിമാനവാഹിനിക്കപ്പലായ യുഎസ്എസ് ജെറാൾഡ് ആർ. ഫോർഡും അതിലെ ഏകദേശം 5,000 നാവികരും യുദ്ധവിമാനങ്ങളും ക്രൂയിസറുകളും ഡിസ്ട്രോയറുകളും അടങ്ങിയ വിമാനവാഹിനിക്കപ്പലാണ് അയച്ചത്. ഈ യുദ്ധക്കപ്പൽ എന്തിനോടും പ്രതികരിക്കാൻ തയാറാണ്. കൂടുതൽ ആയുധങ്ങൾ ഹമാസിൽ എത്തുന്നത് തടയുന്നതിനും നിരീക്ഷണം ശക്തിപ്പെടുത്തുന്നതിനും ഈ യുദ്ധക്കപ്പൽ സഹായിക്കുമെന്നാണ് റിപ്പോർട്ട് (Israel Hamas Attack). വരും ദിവസങ്ങളിൽ കൂടുതൽ സുരക്ഷ സഹായങ്ങൾ നൽകുമെന്ന് ഓസ്റ്റിൻ കൂട്ടിച്ചേർത്തു.
പ്രാഥമിക റിപ്പോർട്ടുകൾ പ്രകാരം, ആക്രമണത്തിൽ കുറഞ്ഞത് നാല് അമേരിക്കൻ പൗരന്മാരെങ്കിലും കൊല്ലപ്പെട്ടതായും ഏഴ് പേരെ കാണാതാകുകയും ചെയ്തതായി ഒരു യുഎസ് ഉദ്യോഗസ്ഥൻ പറഞ്ഞു.
ഒക്ടോബര്‍ 7ന് പ്രാദേശിക സമയം രാവിലെ 6.30ഓടെയാണ് ഹമാസ് ഇസ്രയേലിൽ ആക്രമണം നടത്തിയത്. ഗാസയില്‍ നിന്ന് ഇസ്രയേലിലേക്ക് റോക്കറ്റുകള്‍ അയച്ചുകൊണ്ടായിരുന്നു ആക്രമണം. 20 മിനിട്ടില്‍ ഇസ്രയേലിനെതിരെ 5000ല്‍ അധികം റോക്കറ്റുകള്‍ പ്രയോഗിച്ചുവെന്ന് ഹമാസ് അവകാശപ്പെട്ടു. ടെല്‍ അവീവ്, റെഹോവോട്ട്, ഗെഡേര, അഷ്കെലോണ്‍ എന്നിവ ഉള്‍പ്പടെ നിരവധി നഗരങ്ങളെ ആക്രമണം ബാധിച്ചു.