വാഷിങ്‌ടണ്‍: വാഗ്‌നര്‍ ഗ്രൂപ്പുമായി ബന്ധമുള്ള നാല് സ്ഥാപനങ്ങള്‍ക്കും ഒരു വ്യക്തിക്കും എതിരെ ഉപരോധം ഏര്‍പ്പെടുത്തി യുഎസ്. വാഗ്‌നര്‍ ഗ്രൂപ്പുമായും തലവന്‍ യെവ്‌ഗ്‌നി പ്രിഗോഷിനുമായും ബന്ധമുള്ള സെൻട്രൽ ആഫ്രിക്കൻ റിപ്പബ്ലിക്, യുഎഇ, റഷ്യ എന്നിവിടങ്ങളിലെ സ്ഥാപനങ്ങള്‍ക്കാണ് യുഎസ് ചൊവ്വാഴ്‌ച (ജൂണ്‍ 27) ഉപരോധം ഏര്‍പ്പെടുത്തിയത്. കഴിഞ്ഞ ആഴ്‌ച റഷ്യയ്‌ക്കെതിരെ വാഗ്‌നര്‍ ഗ്രൂപ്പ് സായുധ കലാപത്തിന് ആഹ്വാനം ചെയ്‌തിരുന്നു. എന്നാല്‍ യുഎസ് ഉപരോധത്തിന് സംഭവവുമായി ബന്ധമില്ലെന്നാണ് ലഭിക്കുന്ന വിവരം.
2016 ലെ യുഎസ് തെരഞ്ഞെടുപ്പിൽ ഇടപെടാൻ ശ്രമിച്ചു എന്നാരോപിച്ച് പ്രിഗോഷിനും വാഗ്‌നർ ഗ്രൂപ്പിനുമെതിരെ യുഎസ് മുമ്പ് പലതവണ ഉപരോധം ഏർപ്പെടുത്തിയിട്ടുണ്ട്. സെൻട്രൽ ആഫ്രിക്കൻ റിപ്പബ്ലിക് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന രണ്ട് ഖനന സ്ഥാപനങ്ങളായ Diamville SAU, Midas Ressources SARLU എന്നിവയ്‌ക്കും സ്വർണ വിൽപ്പന നടത്തുന്ന റഷ്യ ആസ്ഥാനമായുള്ള ലിമിറ്റഡ് ലയബിലിറ്റി കമ്പനി ഡിഎം, ദുബായ് ആസ്ഥാനമായുള്ള ഇൻഡസ്ട്രിയൽ റിസോഴ്‌സസ് ജനറൽ ട്രേഡിങ് എന്നിവയ്‌ക്കുമാണ് ഉപരോധം.
കൂടാതെ വാഗ്‌നർ ഗ്രൂപ്പിലെ റഷ്യൻ എക്‌സിക്യൂട്ടീവായ ആന്ദ്രേ ഇവാനോവിനും ഉപരോധം ഏര്‍പ്പെടുത്തിയിട്ടുണ്ട്. ആയുധ ഇടപാടുകള്‍, ഖനന പദ്ധതികള്‍, വാഗ്‌നര്‍ ഗ്രൂപ്പ് പ്രവര്‍ത്തനങ്ങള്‍ തുടങ്ങിയ വിഷയങ്ങളില്‍ ഇവാനോവ് മാലി സര്‍ക്കാര്‍ ഉദ്യോഗസ്ഥരുമായി ചേര്‍ന്ന് പ്രവര്‍ത്തിച്ചതായാണ് കണ്ടെത്തല്‍. ഉപരോധിക്കപ്പെട്ട സ്ഥാപനങ്ങള്‍, യുക്രൈനിലും ആഫ്രിക്കയിലും സായുധ സേനയെ നിലനിർത്താനും വിപുലീകരിക്കാനും വാഗ്‌നർ ഗ്രൂപ്പിന് ധനസഹായം നൽകുന്നതിനായി അനധികൃത സ്വർണ ഇടപാടുകളിൽ ഏർപ്പെട്ടിട്ടുണ്ടെന്നും ഫോറിൻ അസറ്റ് കൺട്രോൾ ഓഫിസ് കണ്ടെത്തി.