വാഷിങ്‌ടൺ : യോജിപ്പുകളില്ലാതെ ആണവായുധങ്ങൾ കൈവശം വച്ചിരിക്കുന്ന ലോകത്തിലെ ഏറ്റവും അപകടകരമായ രാജ്യങ്ങളിലൊന്നാണ് പാകിസ്ഥാൻ എന്ന് യുഎസ് പ്രസിഡന്‍റ് ജോ ബൈഡൻ. ലോസ് ഏഞ്ചൽസിൽ (കാലിഫോർണിയ) നടന്ന ഡെമോക്രാറ്റിക് കോൺഗ്രസ് കാമ്പെയ്ൻ കമ്മിറ്റി റിസപ്‌ഷനിലാണ് ബൈഡന്‍റെ പരാമർശം. പാകിസ്ഥാന് പുറമെ ആണവായുധങ്ങൾ കൈവശം വച്ചിരിക്കുന്ന ചൈനയെയും റഷ്യയെയും അദ്ദേഹം വിമർശിച്ചു.
ചൈനയെയും റഷ്യയെയും സംബന്ധിച്ച യുഎസ് വിദേശനയത്തെക്കുറിച്ച് സംസാരിക്കുന്നതിനിടെയാണ് പാകിസ്ഥാനെ കുറിച്ചും പ്രസിഡന്‍റ് തുറന്നടിച്ചത്. ലോകത്തിലെ ഏറ്റവും അപകടകരമായ രാജ്യമായി താൻ പാകിസ്ഥാനെ കണക്കാക്കുന്നുവെന്നാണ് ബൈഡൻ പറഞ്ഞവസാനിപ്പിച്ചത്. ഡെമോക്രാറ്റിക് പാർട്ടി പരിപാടിക്കിടെ ബൈഡൻ നടത്തിയ ഈ പരാമർശം, യുഎസുമായുള്ള ബന്ധം മെച്ചപ്പെടുത്താനുള്ള ഷെഹ്ബാസ് ഷെരീഫ് സർക്കാരിന്‍റെ ശ്രമത്തിന് വലിയ തിരിച്ചടിയായേക്കും.