കേരളം

kerala

ETV Bharat / international

മിസിസിപ്പിയെ തകര്‍ത്തെറിഞ്ഞ് ചുഴലിക്കാറ്റ്, 26 മരണം; ആവശ്യമായ നടപടികള്‍ സ്വീകരിക്കുമെന്ന് ജോ ബൈഡന്‍

മിസിസിപ്പിയിലെ സില്‍വര്‍ സിറ്റി, റോളിങ് ഫോര്‍ക്ക് എന്നീ മേഖലകളില്‍ ആണ് ചുഴലിക്കാറ്റ് നാശം വിതച്ചത്. മിസിസിപ്പിയില്‍ മാത്രം 25 പേര്‍ക്ക് ജീവന്‍ നഷ്‌ടപ്പെട്ടതായാണ് വിവരം

President Biden on Mississippi tornado damage Mississippi tornado damage Us President Biden Mississippi Mississippi tornado മിസിസിപ്പി ചുഴലിക്കാറ്റ് മിസിസിപ്പി ചുഴലിക്കാറ്റ് ജോ ബൈഡന്‍
Mississippi

By

Published : Mar 26, 2023, 8:26 AM IST

Updated : Mar 26, 2023, 9:14 AM IST

വാഷിങ്‌ടണ്‍:ചുഴലിക്കാറ്റുകള്‍ തകര്‍ത്തെറിഞ്ഞ മിസിസിപ്പിക്ക് സഹായത്തിന് വേണ്ട എല്ലാ കാര്യങ്ങളും ചെയ്യുമെന്ന് യുഎസ് പ്രസിഡന്‍റ് ജോ ബൈഡന്‍. വെള്ളിയാഴ്‌ച വൈകുന്നേരത്തോടെ ആയിരുന്നു സില്‍വര്‍ സിറ്റി, റോളിങ് ഫോര്‍ക്ക് എന്നീ മേഖലകളിലായി 11 ചുഴലിക്കാറ്റുകള്‍ വീശിയടിച്ചത്. കൊടുങ്കാറ്റില്‍ 26 പേര്‍ക്ക് ജീവന്‍ നഷ്‌ടമായെന്നാണ് ഔദ്യോഗിക വൃത്തങ്ങള്‍ പുറത്തുവിടുന്ന വിവരം.

ചുഴലിക്കാറ്റില്‍ 25 പേര്‍ മിസിസിപ്പിയിലും ഒരാള്‍ അലബാമയിലും മരിച്ചു എന്നാണ് റിപ്പോര്‍ട്ടുകള്‍. മരണ സംഖ്യ ഇനിയും ഉയര്‍ന്നേക്കാം എന്ന ഭീതിയും അധികൃതര്‍ക്കുണ്ട്. ചുഴലിക്കാറ്റിന്‍റെ പശ്ചാത്തലത്തില്‍ ഇരു മേഖലകളിലുമായി നിരവധി വീടുകളും കെട്ടിടങ്ങളും തകര്‍ന്നിരുന്നു.

റോഡ് ഗതാഗതവും വൈദ്യുതി ബന്ധവും താറുമാറായി. മിസിസിപ്പിയില്‍ രക്ഷാപ്രവര്‍ത്തനം പുരോഗമിച്ചുകൊണ്ടിരിക്കുയാണ്. ഈ ഘട്ടത്തിലാണ് പ്രതികരണവുമായി യുഎസ് പ്രസിഡന്‍റ് രംഗത്തെത്തിയത്. ചുഴലിക്കാറ്റില്‍ ജീവന്‍ നഷ്‌ടമായവര്‍ക്ക് അദ്ദേഹം അനുശോചനം അറിയിച്ചിരുന്നു.

കൂടാതെ മറ്റുള്ളവര്‍ക്ക് വേണ്ട പൂര്‍ണ പിന്തുണ നല്‍കാന്‍ സാധ്യമായതെല്ലാം അമേരിക്കന്‍ ഭരണകൂടം ചെയ്യുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അതേസമയം ചുഴലിക്കാറ്റ് എത്രത്തോളം നാശനഷ്‌ടമാണ് വിതച്ചതെന്നതില്‍ ഇതുവരെയും വ്യക്തത വന്നിട്ടില്ല. നാശനഷ്‌ടങ്ങളുടെ വ്യാപ്‌തി എത്രത്തോളമാണെന്ന് കണ്ടെത്താനുള്ള നടപടികള്‍ പുരോഗമിക്കുകയാണെന്നും ജോ ബൈഡന്‍ പറഞ്ഞു.

നിലവില്‍ റോളിങ് ഫോർക്കിലെ നാഷണൽ ഗാർഡ് ആർമറി ഉൾപ്പെടെയുള്ള മൂന്ന് ഇടങ്ങളില്‍ സജ്ജമാക്കിയിരിക്കുന്ന എമർജൻസി ഷെൽട്ടറുകളിലാണ് ആളുകളെ മാറ്റിപ്പാര്‍പ്പിച്ചിരിക്കുന്നത്. ചുഴലിക്കാറ്റിന്‍റെ പശ്ചാത്തലത്തില്‍ മിസിസിപ്പി ഗവർണർ ടേറ്റ് റീവ്സ് മേഖലയില്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിരുന്നു. ദുരന്ത ബാധിത പ്രദേശമായ സില്‍വര്‍ സിറ്റിയില്‍ ഗവർണർ ടേറ്റ് റീവ്സ് സന്ദര്‍ശനം നടത്തിയതിന് പിന്നാലെയാണ് അടിയന്താരാവസ്ഥ പ്രഖ്യാപിച്ചത്.

നിരവധി ആളുകള്‍ക്ക് പരിക്കേറ്റിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. മിസിസിപ്പി എമർജൻസി മാനേജ്‌മെന്‍റ് ഏജൻസി പുറത്ത് വിട്ട കണക്ക് പ്രകാരം നാല് പേരെ കാണാതായിട്ടുണ്ട്.

ഇവര്‍ക്കായുള്ള തെരച്ചില്‍ ഉള്‍പ്പടെയുള്ള പുരോഗമിക്കുകയാണ്. മിസിസിപ്പിയിലെ ഷാര്‍ക്കി കൗണ്ടിയിലാണ് ചുഴലിക്കാറ്റിനെ തുടര്‍ന്ന് ഏറ്റവും കൂടുതല്‍ പേര്‍ക്ക് ജീവന്‍ നഷ്‌ടപ്പെട്ടത്. ഈ മേഖലയില്‍ മാത്രം 13 പേരാണ് കൊല്ലപ്പെട്ടതെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ട്.

ഭീതി വിതച്ച ഒരു മണിക്കൂര്‍:മിസിസിപ്പിയിലുണ്ടായ ചുഴലിക്കാറ്റ് ഒരു മണിക്കൂറോളം നേരം നിലത്ത് തങ്ങിയിരുന്നുവെന്ന് നാഷണൽ വെതർ സർവീസിലെ കാലാവസ്ഥ നിരീക്ഷകന്‍ നിക്കോളാസ് പ്രൈസ് വ്യക്തമാക്കി. 274 കിലോമീറ്ററോളം ദൂരത്തോളം ചുഴലിക്കാറ്റ് അനുഭവപ്പെട്ടിരുന്നതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. നേരത്തെ ചുഴലിക്കാറ്റ് മുന്നറിയിപ്പ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം പുറപ്പെടുവിച്ചിരുന്നു.

എന്നാല്‍ ഒന്നിലധികം ചുഴലിക്കാറ്റുകള്‍ വീശിയടിച്ചത് മൂലമാണ് പ്രദേശത്ത് സ്ഥിരി വഷളാക്കിയതെന്നാണ് അധികൃതരുടെ നിഗമനം. പലയിടങ്ങളിലും വലിയ ഉയരത്തിലാണ് ചുഴലിക്കാറ്റില്‍ അവശിഷ്‌ടങ്ങള്‍ ഉയര്‍ന്ന് പൊങ്ങിയതെന്ന് ദൃക്‌സാക്ഷികള്‍ വ്യക്തമാക്കി. മിസിസിപ്പി ജാക്‌സണ്‍ എന്ന സ്ഥലത്ത് നിന്നും 96 കിലോമീറ്റര്‍ അകലെ വടക്ക് കിഴക്കന്‍ മേഖലയിലാണ് ചുഴലിക്കാറ്റ് കൂടുതല്‍ നാശം വിതച്ചതെന്നാണ് വിദേശ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.

Also Read:കണ്‍മുന്നില്‍ 'ചുരുളി'; കാസര്‍കോട് ചുഴലിക്കാറ്റായ 'ഡസ്‌റ്റ് ഡെവിള്‍'; വിശദീകരിച്ച് വിദഗ്ധര്‍

Last Updated : Mar 26, 2023, 9:14 AM IST

ABOUT THE AUTHOR

...view details