വാഷിങ്ങ്‌ടൺ: വിമാനം മാറിക്കയറി അമേരിക്കൻ സ്വദേശിയായ യാത്രിക എത്തിയത് 900 മൈൽ അകലെ. ന്യൂജേഴ്‌സിയിൽ നിന്നുള്ള ബെവർലി എല്ലിസ് ഹെബാർഡ് ആണ് അമേരിക്കയിൽ നിന്നും വിമാനം മാറി കയറിയത്. പാസ്‌പോർട്ട് പോലും ഇല്ലാതെയായിരുന്നു ഇവരുടെ യാത്രയെന്നാണ് റിപ്പോർട്ടുകൾ. ജാക്‌സൺവില്ലിലേക്ക് പോകാനാണ് യാത്രക്കാരി തീരുമാനിച്ചിരുന്നത്.
എന്നാൽ ശുചിമുറിയിൽ പോയി തിരിച്ച് വന്ന സമയത്ത് ഗേറ്റ് മാറിയ കാര്യം ശ്രദ്ധിക്കാതെ തെറ്റായ വിമാനത്തിൽ കയറുകയായിരുന്നെന്നും യാത്രക്കാരി പറഞ്ഞു. ഫിലാഡൽഫിയയിൽ നിന്ന് ജാക്‌സൺവില്ലിലേയ്‌ക്ക് താൻ സ്ഥിരമായി പോകാറുണ്ടെന്നും എന്നാൽ ഇത്തരം ഒരു അനുഭവം ആദ്യമായാണെന്നും ബെവർലി പറഞ്ഞു. നവംബർ ആറിനാണ് സംഭവം നടന്നത്.
ഗേറ്റിൽ പിഎച്ച്എൽ (PHL) മുതൽ ജെഎഎക്‌സ് (JAX) വരെയുള്ള ബോർഡ് കണ്ടപ്പോൾ ഫ്രോണ്ടിയർ എയർലൈൻസിൽ കയറുകയാണെന്നാണ് ബെവർലി കരുതിയത്. എന്നാൽ വിമാനത്തിൽ കയറുന്നതിന് മുൻപ് ശുചിമുറിയിൽ പോയി വന്നപ്പോൾ നേരം വൈകിയതിനാൽ വിമാനത്തിന്‍റെ വാതിൽ അടക്കാറായിരുന്നു. തിരക്കിട്ടാണ് വിമാനത്തിലേക്ക് കയറിയത്. ലഗേജ് ക്യാബിനറ്റിൽ വയ്‌ക്കുന്നതിനിടയിൽ യാത്രക്കാരിയുടെ കൈയ്‌ക്ക് പരിക്കേൽക്കുകയും ചെയ്‌തു.
ഗേറ്റ് ഏജന്‍റ് അവരുടെ പേര് വിളിച്ച് അവരുടെ ബോർഡിംഗ് പാസ് ചോദിച്ചെങ്കിലും ബോർഡിംഗ് പാസ് നേരത്തെ കൈമാറിയെന്ന് പറഞ്ഞതിനാൽ യുവതിയെ വിമാനത്തിനകത്തേക്ക് കയറ്റിവിടുകയായിരുന്നു. ആഭ്യന്തര വിമാനത്തിൽ യാത്ര ചെയ്യാനിരുന്നതിനാലാണ് പാസ്‌പോർട്ട് കയ്യിൽ കരുതാതിരുന്നത്. വിമാനമിറങ്ങിയ ശേഷം ഫിലാഡൽഫിയയിലേക്കുള്ള അടുത്ത വിമാനം വരുന്നത് വരെ യാത്രക്കാരിയ്‌ക്ക് ജെറ്റ്‌വേയിൽ തുടരാൻ അനുവാദം നൽകുകയും ക്രൂ അംഗങ്ങൾ അവർക്കൊപ്പം കാത്തുനിൽക്കുകയും ചെയ്‌തു.
ഫ്രോണ്ടിയർ എയർലൈൻസിന്‍റെ വക്താവ് സംഭവത്തിൽ തെറ്റിന് ക്ഷമാപണം നടത്തി. കൂടാതെ യാത്രക്കാരിയുടെ യഥാർഥ ടിക്കറ്റ് തിരികെ നൽകുകയും നഷ്‌ടപരിഹാരമായി 600 ഡോളറിന്‍റെ വൗച്ചർ നൽകുകയും ചെയ്‌തു.