ലെവിസ്‌റ്റൺ, മെയ്‌ൻ:അമേരിക്കയിലെ വടക്കുകിഴക്കൻ സംസ്ഥാനമായ മെയ്‌നിലെ ലെവിസ്‌റ്റണിലുണ്ടായ വെടിവയ്‌പ്പിൽ 16 പേർ കൊല്ലപ്പെട്ടു (US Lewiston shooting). നിരവധി പേർക്ക് പരിക്കേറ്റിട്ടുമുണ്ട്. ബുധനാഴ്‌ച രാത്രിയിലാണ് ലെവിസ്‌റ്റണിലെ ബൗളിങ് ആലിയിലും ബാറിലും ആയുധധാരിയായ ഒരാൾ ആളുകൾക്ക് നേരെ വെടിയുതിർത്തത് (At least 16 dead in Maine shooting and dozens injured).
റോബർട്ട് കാർഡ് (Robert Card) എന്നയാളാണ് അക്രമണത്തിന് പിന്നിലെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്. എന്നാൽ ഇയാളെ ഇനിയും പിടികൂടാന്‍ കഴിഞ്ഞിട്ടില്ല. വെടിവപ്പിന് ശേഷം സെമി ഓട്ടോമാറ്റിക് തോക്കുമായി കടന്നു കളഞ്ഞ അക്രമിക്കായി പൊലീസ് അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്. ഏഴുമണിക്ക് മുമ്പാണ് വെടിവെപ്പ് ആരംഭിച്ചതെന്ന് അധികൃതർ പറഞ്ഞു.
അതേസമയം യുഎസ് ആർമി റിസർവ് പരിശീലന കേന്ദ്രത്തിൽ ഫയർആംസ് ഇൻസ്‌ട്രക്‌ടറായി പരിശീലനം നേടിയ ആളാണ് പ്രതിയെന്ന് തിരിച്ചറിഞ്ഞ റോബർട്ട് കാർഡ്. കൂടാതെ 2023 വേനൽക്കാലത്ത് രണ്ടാഴ്‌ച കാലം ഇയാൾ മാനസികാരോഗ്യ കേന്ദ്രത്തില്‍ കഴിഞ്ഞതായും റിപ്പോർട്ടുകൾ പറയുന്നു. റോബർട്ട് കാർഡിന്‍റെ ഫോട്ടോ പൊലീസ് പുറത്തുവിട്ടിട്ടുണ്ട്. ഇയാളെക്കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നവര്‍ ഉടന്‍ തന്നെ പൊലീസിനെ ബന്ധപ്പെടണമെന്നും നിര്‍ദേശമുണ്ട്.
മെയ്‌നിലെ ലെവിസ്‌റ്റൺ പ്രദേശത്ത് അടിയന്തര ജാഗ്രതാ നിർദേശം പുറപ്പെടുവിച്ചിരിക്കുകയാണ്. പ്രദേശവാസികളോട് അവരുടെ വീടുകളിൽ തന്നെ തുടരാൻ അധികൃതർ ആവശ്യപ്പെട്ടു. ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്നും പൊലീസ് വ്യക്തമാക്കി.
ആൻഡ്രോസ്‌കോഗിൻ കൗണ്ടി ഷെരീഫിന്‍റെ ഓഫിസ് അവരുടെ ഫേസ്‌ബുക്ക് പേജിൽ പ്രതിയുടെ രണ്ട് ഫോട്ടോകൾ നേരത്തെ പുറത്തുവിട്ടിരുന്നു. ഷൂട്ടർ തോളിൽ ആയുധവുമായി സ്ഥാപനത്തിലേക്ക് നടക്കുന്നത് ചിത്രങ്ങളിൽ വ്യക്തമാണ്. ഷൂട്ടിങ്ങിന് പിന്നാലെ പ്രതി വൈറ്റ് സുബാരു ഓടിച്ച് പോകുന്നതിന്‍റെ ചിത്രങ്ങളും പൊലീസ് പുറത്തുവിട്ടിട്ടുണ്ട്.
അതേസമയം നേരത്തെ ശബ്‌ദങ്ങൾ കേൾക്കുന്നതുൾപ്പടെയുള്ള മാനസികാരോഗ്യ പ്രശ്‌നങ്ങൾ കാർഡ് കാണിച്ചിരുന്നതായി റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു. കൂടാതെ മൈനിലെ സാക്കോയിലെ സൈനിക പരിശീലന കേന്ദ്രത്തിൽ വെടിവയ്‌പ്പ് നടത്തുമെന്ന് ഇയാൾ ഭീഷണിപ്പെടുത്തുകയും ചെയ്‌തിരുന്നു. തുടർന്നാണ് ഇയാളെ മാനസികാരോഗ്യ കേന്ദ്രത്തിൽ പ്രവേശിപ്പിച്ചതെന്നാണ് വിവരം. പൊതു രേഖകളിൽ കാർഡിന്‍റേതായി ലിസ്റ്റ് ചെയ്‌തിരിക്കുന്ന ടെലിഫോൺ നമ്പർ നിലവിൽ സേവനത്തിലില്ലെന്നും ഉദ്യോഗസ്ഥർ പറയുന്നു.
35 മൈൽ (56 കിലോമീറ്റർ) അകലെയുള്ള പോർട്ട്‌ലാൻഡ് വരെയുള്ള ആശുപത്രികളിലാണ് പരിക്കേറ്റവരെ പ്രവേശിപ്പിച്ചിരിക്കുന്നത്. ഇവിടെ പൊലീസ് സുരക്ഷ ഏർപ്പെടുത്തിയിട്ടുണ്ടെന്ന് സെൻട്രൽ മെയ്ൻ മെഡിക്കൽ സെന്‍റർ അറിയിച്ചു. റൈഫിളുകളുമായി പൊലീസുകാർ പ്രവേശന കവാടത്തിൽ നിലയുറപ്പിച്ചിട്ടുണ്ടെന്ന് അധികൃതർ വ്യക്തമാക്കി.
പ്രസിഡന്‍റ് ജോ ബൈഡൻ സംസ്ഥാനത്തെ സെനറ്റുകളുമായും ഹൗസ് അംഗങ്ങളുമായും ഫോണിൽ സംസാരിച്ചിട്ടുണ്ട്. ഭീകരമായ ആക്രമണത്തിന്‍റെ പശ്ചാത്തലത്തിൽ പൂർണ ഫെഡറൽ പിന്തുണ വാഗ്‌ദാനം ചെയ്യുന്നതായി വൈറ്റ് ഹൗസ് പ്രസ്‌താവനയിൽ പറഞ്ഞു. പ്രാദേശിക സ്‌കൂളുകൾ ഇന്ന് അടച്ചിടും. ആളുകൾ സുരക്ഷിതരായിരിക്കണമെന്ന് സൂപ്രണ്ട് ജേക്ക് ലാംഗ്ലൈസ് പറഞ്ഞു.
READ ALSO:Canada Shooting: കാനഡയിലെ വീടുകളിൽ വെടിവയ്പ്പ്; മൂന്ന് കുട്ടികളടക്കം അഞ്ചുപേർ മരിച്ചു