വാഷിങ്‌ടണ്‍ :ലൈംഗിക ന്യൂനപക്ഷങ്ങളുടെ അവകാശങ്ങൾ സംബന്ധിച്ച സുപ്രധാന ചുവടുവയ്പ്പുമായി യുഎസ്. സ്വവർഗ വിവാഹങ്ങൾ സംരക്ഷിക്കുന്നതിനുള്ള നിയമനിർമാണത്തിന് അന്തിമ അംഗീകാരം നൽകി യുഎസ് ജനപ്രതിനിധി സഭ. യുഎസ് പ്രസിഡന്‍റ് ജോ ബൈഡൻ ഒപ്പിടുന്നതോട് കൂടി ബിൽ നിയമമാകും.
സ്വവർഗ വംശീയ വിവാഹം ഫെഡറൽ നിയമത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ടെന്ന് ഉറപ്പാക്കുന്ന റെസ്പെക്‌ട് ഫോർ മാരേജ് ആക്‌ട് 258 നെതിരെ 169 എന്ന വോട്ടിങ് നിലയിലാണ് ജനപ്രതിനിധി സഭയിൽ പാസായത്. 258 പേർ ബില്ലിനെ അനുകൂലിച്ചപ്പോൾ 169 പേർ എതിർത്ത് വോട്ട് ചെയ്‌തു. ബില്ലിനെ പിന്തുണക്കുന്നതിനായി 39 റിപ്പബ്ലിക്കൻമാരും ഡെമോക്രാറ്റുകൾക്കൊപ്പം ചേർന്നു.
61നെതിരെ 36 വോട്ടിന് സെനറ്റ് കഴിഞ്ഞയാഴ്‌ച ഇതേ ബിൽ പാസാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് ജനപ്രതിനിധി സഭയിൽ വോട്ട് നടന്നത്. സ്വവർഗ വിവാഹത്തിന് ഫെഡറൽ പരിരക്ഷകൾ ലഭിക്കുകയും ദമ്പതികളുടെ വംശമോ ലിംഗഭേദമോ അടിസ്ഥാനമാക്കിയുള്ള വിവാഹത്തിന്‍റെ സാധുത നിഷേധിക്കുന്നതിനെ ബിൽ വിലക്കുന്നു.
സ്വവർഗ വിവാഹം രാജ്യവ്യാപകമായി നിയമവിധേയമാക്കിയ 2015ലെ വിധി സുപ്രീംകോടതി അസാധുവാക്കുമെന്ന ആശങ്കയെ തുടർന്നാണ് നടപടി. സ്വവർഗവിവാഹത്തിന് നിലവിൽ യുഎസിലെ 50 സംസ്ഥാനങ്ങളുടെയും അനുമതിയുണ്ടെങ്കിലും ഫെഡറൽ സർക്കാരിന്‍റെ കൂടി അംഗീകാരമാണ് ഇപ്പോൾ ഉണ്ടായിരിക്കുന്നത്.
'ഇത് ചരിത്രമാണ്. സ്വവർഗ വിവാഹത്തിന് ലഭിക്കുന്ന മൗലിക അവകാശമാണ് ഇപ്പോൾ നിയമമായി യുഎസ് ഹൗസ് അംഗീകരിച്ചിരിക്കുന്നത്. ഓരോ അമേരിക്കക്കാരന്‍റെയും അന്തസും സമത്വവും സംരക്ഷിക്കാനുള്ള ഡെമോക്രാറ്റുകളുടെ പോരാട്ടത്തിലെ ചരിത്രപരമായ ഒരു ചുവടുവയ്പ്പാണിതെന്നും' യുഎസ് ജനപ്രതിനിധി സഭ സ്‌പീക്കർ നാൻസി പെലോസി പറഞ്ഞു.