കേരളം

kerala

ETV Bharat / international

US Government Shutdown: യുഎസ് സര്‍ക്കാര്‍ സ്‌തംഭനത്തിലേക്ക്! ബാധിക്കപ്പെടുന്നത് ആരെയെല്ലാം, രാജ്യം മറികടക്കുമോ ഈ പ്രതിസന്ധി? - സര്‍ക്കാര്‍ ഏജന്‍സികള്‍

Government shutdown in US : ഏകദേശം രണ്ട് ദശലക്ഷം ഫെഡറല്‍ ജീവനക്കാര്‍ക്ക് ജോലി നഷ്‌ടമായേക്കും. അടച്ചുപൂട്ടല്‍ നീണ്ടാല്‍ കടുത്ത പ്രതിസന്ധി നേരിടേണ്ടി വന്നേക്കും

US shutdown  Government shutdown in US  Democrats head to head collision with Republicans  Biden administration in US  Federal crisis in US  donald trump versus biden  US Government Shutdown  യുഎസ് സര്‍ക്കാര്‍ ഏജന്‍സികള്‍ അടച്ചുപൂട്ടുന്നു  Government shutdown  യുഎസ് ഫെഡറല്‍ സര്‍ക്കാര്‍  സര്‍ക്കാര്‍ ഏജന്‍സികള്‍  എന്താണ് സര്‍ക്കാര്‍ സ്‌തംഭനം
US Government Shutdown

By ETV Bharat Kerala Team

Published : Sep 30, 2023, 3:10 PM IST

വാഷിങ്‌ടണ്‍ :സര്‍ക്കാര്‍ സംവിധാനം പെട്ടെന്നൊരു ദിവസം സ്‌തംഭിച്ചാല്‍ എന്താകും സംഭവിക്കുക എന്ന് എപ്പോഴെങ്കിലും ചിന്തിച്ചിട്ടുണ്ടോ?. സര്‍ക്കാര്‍ സംവിധാനത്തിന്‍റെ തലപ്പ് മുതല്‍ വാലറ്റം വരെയുള്ള ഉദ്യോഗസ്ഥരും ജീവനക്കാരും ഒന്നും ചെയ്യാനില്ലാതെ വീട്ടിലിരിക്കേണ്ടി വരുന്ന സാഹചര്യം. രാജ്യം തന്നെ നിശ്ചലമാകുന്ന അവസ്ഥയാകും സംജാതമാകുക. എന്നാല്‍ അത്തരമൊരു സാഹചര്യത്തിലേക്കാണ് അമേരിക്ക നടന്നടുക്കുന്നത്. നിലവിലെ സാഹചര്യം പരിശോധിച്ചാല്‍ ഒക്‌ടോബര്‍ ഒന്നിന് യുഎസ് ഫെഡറല്‍ സര്‍ക്കാര്‍ സ്‌തംഭിക്കാന്‍ സാധ്യതയുണ്ടെന്നാണ് വിലയിരുത്തപ്പെടുന്നത് (US Government Shutdown).

അങ്ങനെ വന്നാല്‍, അമേരിക്കയില്‍ സംഭവിക്കാന്‍ പോകുന്നത് വലിയ പ്രതിസന്ധിയാകും. അടച്ചുപൂട്ടല്‍ പ്രഖ്യാപിച്ചാല്‍ ഫെഡറല്‍ ഗവണ്‍മെന്‍റിന്‍റെ എ ടു ഇസഡ് സേവനങ്ങള്‍ തടസപ്പെടുമെന്ന് മാത്രമല്ല, ഏകദേശം രണ്ട് ദശലക്ഷം ഫെഡറല്‍ ജീവനക്കാര്‍ ജോലിയില്ലാതെ, ശമ്പളമില്ലാതെ അവധിയെടുക്കേണ്ടി കൂടി വന്നേക്കും. ഇവര്‍ക്ക് പുറമെ രണ്ട് ദശലക്ഷം സജീവ സൈനിക ഉദ്യോഗസ്ഥര്‍ക്കും ജീവനക്കാര്‍ക്കും ശമ്പളം നിലയ്‌ക്കും. അത്യാവശ്യമായ സര്‍ക്കാര്‍ സംവിധാനം മാത്രമാണ് പ്രവര്‍ത്തിക്കുക.

എന്താണ് സര്‍ക്കാര്‍ സ്‌തംഭനം അഥവ ഗവണ്‍മെന്‍റ് ഷട്ട്‌ഡൗണ്‍:പ്രസിഡന്‍റ് ഒപ്പുവച്ചിട്ടുള്ള, സാമ്പത്തികവുമായി ബന്ധപ്പെട്ട നിയമനിര്‍മാണം പാസാക്കുന്നതില്‍ സഭ പരാജയപ്പെടുന്ന ഘട്ടങ്ങളിലാണ് സര്‍ക്കാര്‍ അടച്ചുപൂട്ടലിന് നിര്‍ബന്ധിക്കപ്പെടുന്നത്. യുഎസിന്‍റെ കാര്യത്തില്‍, രാജ്യത്തെ സര്‍ക്കാര്‍ ഏജന്‍സികള്‍ക്ക് ധനസഹായം നല്‍കുന്നതിന് നിയമനിര്‍മാതാക്കള്‍ 12 വ്യത്യസ്‌ത ബില്ലുകള്‍ പാസാക്കേണ്ടതുണ്ട്. വളരെയധികം സമയം എടുത്തേക്കാവുന്ന പ്രക്രിയ ആണിത്. ബില്‍ പാസാകുന്ന കാലയളവില്‍ സര്‍ക്കാര്‍ പ്രവര്‍ത്തനങ്ങള്‍ തടസമില്ലാതെ തുടരാനായി സഭ പലപ്പോഴും ഒരു താത്‌കാലിക വ്യവസ്ഥ പാസാക്കുന്നു. ഇതിനെ കൗണ്ടിങ് റെസല്യൂഷന്‍ അല്ലെങ്കില്‍ സിആര്‍ എന്നാണ് പറയുന്നത്.

ബില്‍ പാസാകുന്നത് വീണ്ടും നീളുകയാണെങ്കില്‍, ഫെഡറല്‍ ഏജന്‍സികള്‍ തങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ അവസാനിപ്പിക്കും. കൂടാതെ സര്‍ക്കാര്‍ സ്‌തംഭനം നിലനില്‍ക്കുന്നിടത്തോളം കാലം ജീവനക്കാര്‍ക്ക് ശമ്പളവും നല്‍കില്ല. എന്നാല്‍ എയര്‍ ട്രാഫിക് കണ്‍ട്രോളര്‍മാര്‍, ലോ എന്‍ഫോഴ്‌സ്‌മെന്‍റ് ഓഫിസര്‍മാര്‍ തുടങ്ങിയ പൊതു സുരക്ഷയ്‌ക്ക് അത്യാവശ്യമായ ചില ജീവനക്കാര്‍ മാത്രമാണ് ജോലിയില്‍ തുടരുക. 2019ലെ ഒരു നിയമപ്രകാരം സാമ്പത്തിക പ്രതിസന്ധി പരിഹരിച്ച് കഴിഞ്ഞാല്‍ മാത്രമാണ് ഇവര്‍ക്കുള്ള ശമ്പളം ലഭിക്കുക.

അമേരിക്കയില്‍ സര്‍ക്കാര്‍ അടച്ചുപൂട്ടല്‍ എപ്പോള്‍? എത്രനാള്‍ ഇങ്ങനെ? :നിലവിലെ സാമ്പത്തിക ബില്‍ ഒക്‌ടോബര്‍ ഒന്നിന് അവസാനിക്കും. അമേരിക്കയില്‍ ഫെഡറല്‍ ബജറ്റ് വര്‍ഷം ആരംഭിക്കുന്നത് ഒക്‌ടോബര്‍ ഒന്നിനാണ്. പ്രസിഡന്‍റ് ഒപ്പുവയ്‌ക്കുന്ന സാമ്പത്തിക സഹായ ബില്‍ പാസാക്കാന്‍ സഭയ്‌ക്ക് സാധിച്ചില്ലെങ്കില്‍ നാളെ (ഒക്‌ടോബര്‍ 1) ഉച്ചയ്‌ക്ക് 12:01 ന് യുഎസില്‍ അടച്ചുപൂട്ടല്‍ സംഭവിക്കും. ഈ സാഹചര്യം എത്രനാള്‍ നീളുമെന്നതില്‍ യാതൊരു വ്യക്തതയുമില്ല.

അതേസമയം, ഡെമോക്രാറ്റിക് നിയന്ത്രണത്തിലുള്ള സെനറ്റും റിപ്പബ്ലിക്കന്‍ നിയന്ത്രണത്തിലുള്ള സഭയും ഈ പ്രതിസന്ധിയില്‍ നിന്ന് ഒഴിയാന്‍ വ്യത്യസ്‌തമായ പദ്ധതികള്‍ ആവിഷ്‌കരിച്ച് പ്രവര്‍ത്തിക്കും. സര്‍ക്കാര്‍ ഏജന്‍സികള്‍ തുറന്ന് പ്രവര്‍ത്തിക്കുന്നതിനായി വലതുപക്ഷ യാഥാസ്ഥിതികരില്‍ നിന്ന് ഏതെങ്കിലും തരത്തിലുള്ള പിന്തുണ നേടാന്‍ സ്‌പീക്കര്‍ കെവിന്‍ മക്കാര്‍ത്തി കഠിന ശ്രമങ്ങളും നടത്തുന്നുണ്ട്.

അടച്ചുപൂട്ടല്‍ ബാധിക്കുന്നത് ആരെ? : സര്‍ക്കാര്‍ സംവിധാനങ്ങള്‍ അടച്ചുപൂട്ടുമ്പോള്‍ ദശലക്ഷകണക്കിന് ഫെഡറല്‍ ജീവനക്കാരാണ് പ്രധാനമായും പ്രതിസന്ധി നേരിടുക. താത്‌കാലികമായി ജോലി നഷ്‌ടമാകുന്നതോടെ ശമ്പളം ലഭിക്കാതെ വരികയും ഇവര്‍ സാമ്പത്തിക പ്രതിസന്ധിയില്‍ ആകുകയും ചെയ്യും. രാജ്യത്തെ ഏകദേശം രണ്ട് ദശലക്ഷം സൈനികര്‍ക്കും അതിലധികം വരുന്ന സിവിലിയന്‍ ജീവനക്കാര്‍ക്കും ഈ പ്രതിസന്ധി അഭിമുഖീകരിക്കേണ്ടി വരും. ഏകദേശം 60 ശതമാനം സര്‍ക്കാര്‍ ജീവനക്കാരും പ്രതിരോധം, വെറ്ററന്‍ അഫേഴ്‌സ്, ഹോംലാന്‍ഡ് സെക്യൂരിറ്റി ഡിപ്പാര്‍ട്ട്‌മെന്‍റ് മേഖലകളിലാണ്.

സൈന്യത്തില്‍ സജീവ സൈനികരും റിസര്‍വിസ്റ്റുകളും ജോലിയില്‍ തുടരുമ്പോള്‍ പ്രതിരോധ വകുപ്പിലെ ജീവനക്കാരുടെ പകുതിയില്‍ അധികം, അതായത് ഏകദേശം 4,40,000 ആളുകള്‍ താത്‌കാലിക അവധിയിലാകും. എയര്‍ ട്രാഫിക് കണ്‍ട്രോളര്‍മാര്‍ക്കുള്ള പുതിയ പരിശീലനം നിര്‍ത്തലാക്കുമെന്നും 10,000 കണ്‍ട്രോളര്‍മാര്‍ക്ക് അവധി നല്‍കുമെന്നും യുഎസ് ഗതാഗത സെക്രട്ടറി പീറ്റ് ബട്ടിഗീഗ് പറഞ്ഞു.

ജീവനക്കാരുടെ പ്രശ്‌നങ്ങള്‍ക്കപ്പുറം അടച്ചുപൂട്ടല്‍ സര്‍ക്കാര്‍ സേവനങ്ങളില്‍ ദൂരവ്യാപകമായ പ്രത്യാഘാതങ്ങളാണ് ഉണ്ടാക്കുക. ക്ലിനിക്കല്‍ മെഡിക്കല്‍ ട്രയലുകള്‍, തോക്ക് കൈവശം വയ്‌ക്കുന്നത് സംബന്ധിച്ച അനുമതി, പാസ്‌പോര്‍ട്ട് തുടങ്ങിയ സര്‍ക്കാര്‍ സേവനങ്ങള്‍ക്ക് അപേക്ഷിച്ചവര്‍ക്ക് കാലതാമസം നേരിടും. ദരിദ്രരായ 10,000 ത്തിലധികം കുട്ടികള്‍ക്ക് സഹായകമാകുന്ന ഹെഡ്‌ സ്റ്റാര്‍ട്ട് പദ്ധതിയും പ്രതിസന്ധിയിലാകും. ദേശീയ പാര്‍ക്കുകള്‍ അടയ്‌ക്കും, ടൂറിസ്റ്റ് സേവനങ്ങള്‍ പ്രതിസന്ധിയിലാകും, സര്‍ക്കാരുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുന്ന വ്യാപാരികള്‍ മാന്ദ്യം നേരിടേണ്ടി വരും തുടങ്ങിയ സാഹചര്യവും ഉടലെടുക്കും. റിപ്പോര്‍ട്ട് അനുസരിച്ച് യാത്രാ മേഖലയ്‌ക്ക് മാത്രം പ്രതിദിനം 140 മില്യണ്‍ ഡോളറിന്‍റെ നഷ്‌ടമാണ് സംഭവിക്കുക. അടച്ചുപൂട്ടല്‍ ഓരോ ആഴ്‌ചയും സാമ്പത്തിക വളര്‍ച്ചയെ 0.2 ശതമാനം കുറയ്‌ക്കുമെന്നും റിപ്പോര്‍ട്ടുണ്ട്.

കോടതി, സഭയിലെ പ്രവര്‍ത്തനങ്ങള്‍, സഭാംഗങ്ങളുടെ ശമ്പളം... ഇവയൊക്കെ? :സഭാധ്യക്ഷനും മറ്റ് അംഗങ്ങളും ജോലിയില്‍ തുടരും. എന്നാല്‍ അവരുടെ സ്റ്റാഫുകളില്‍ പലരും അവധിയില്‍ പ്രവേശിക്കേണ്ടി വരും. പരമോന്നത കോടതിയേയോ കോടതി വ്യവഹാരങ്ങളെയോ അടച്ചുപൂട്ടല്‍ ബാധിക്കില്ല. മറ്റ് നിയമനിര്‍വഹണ സ്ഥാപനങ്ങള്‍ ഒക്‌ടോബര്‍ ആദ്യ രണ്ടാഴ്‌ച സാധാരണ രീതിയില്‍ പ്രവര്‍ത്തിക്കും. ജസ്‌റ്റിസുമാര്‍, ജഡ്‌ജികള്‍ എന്നിവരുടെ ശമ്പളം പ്രതിസന്ധിയില്‍ ആകില്ല. അറ്റോര്‍ണി ജനറല്‍ നിയമിച്ച പ്രത്യേക കൗണ്‍സിലര്‍മാരുടെയും ശമ്പളം ലഭ്യമാക്കും.

അടച്ചുപൂട്ടല്‍ നേരത്തെ? :1980 ന് മുമ്പ് ഇത്തരത്തില്‍ സര്‍ക്കാര്‍ ധനസഹായ ബില്ലുകളിലെ അനിശ്ചിതത്വം കാരണം സര്‍ക്കാര്‍ ഏജന്‍സികളുടെ പ്രവര്‍ത്തനം നിലച്ചിട്ടുണ്ട്. 1976 മുതല്‍ 22 ഫണ്ടിങ് ഗ്യാപ്പുകള്‍ ഉണ്ടായിട്ടുണ്ട്. ഇവയില്‍ 10 എണ്ണം ജീവനക്കാര്‍ക്ക് ജോലി നഷ്‌ടമാകുന്നതിലേക്ക് നയിച്ചു. ബില്‍ ക്ലിന്‍റണ്‍ പ്രസിഡന്‍റ് ആയതിന് ശേഷം അന്നത്തെ സ്‌പീക്കര്‍ ന്യൂട്ട് ഗിങ്‌റിച്ചും അദ്ദേഹത്തിന്‍റെ പക്ഷവും ബജറ്റ് വെട്ടിക്കുറയ്‌ക്കുന്നതിനായി ആവശ്യപ്പെട്ടപ്പോള്‍ കാര്യമായ ചില ഏജന്‍സികള്‍ അടച്ചുപൂട്ടേണ്ടതായി വന്നു.

2018നും 19നും ഇടയിലാണ് ഏറ്റവും ദൈര്‍ഘ്യമേറിയ അടച്ചുപൂട്ടല്‍ ഉണ്ടായത്. അന്നത്തെ പ്രസിഡന്‍റ് ഡൊണാള്‍ഡ് ട്രംപും ഡെമോക്രാറ്റുകളും തമ്മില്‍ അതിര്‍ത്തി മതിലിന് ഫണ്ട് അനുവദിക്കുന്നതുമായി ഉണ്ടായ തര്‍ക്കത്തെ തുടര്‍ന്നായിരുന്നു അത്. 35 ദിവസമാണ് ഇത് നീണ്ടുനിന്നത്.

പ്രതിസന്ധി എങ്ങനെ പരിഹരിക്കാം? :സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്ക് പ്രവര്‍ത്തിക്കാന്‍ സഭ പണം അനുവദിക്കേണ്ടതുണ്ട്. സഭയുടെ ഉത്തരവാദിത്തമാണ് അത്. ബില്ലില്‍ പ്രസിഡന്‍റ് ഒപ്പുവയ്‌ക്കുകയും വേണം. ഇതിനായി സെനറ്റും സഭയും സംയുക്ത തീരുമാനം എടുക്കണം. ഇരുപക്ഷവും ശക്തരായതിനാല്‍ അഭിപ്രായ ഭിന്നത അടച്ചുപൂട്ടലിന്‍റെ കാഠിന്യം വര്‍ധിപ്പിക്കും (Democrats head to head collision with Republicans). ഇനി അടച്ചുപൂട്ടല്‍ നീണ്ടുനിന്നാല്‍ ഇരു പക്ഷവും തമ്മിലുള്ള തര്‍ക്കം അവസാനിപ്പിക്കാന്‍ സമ്മര്‍ദം ഏറും.

ABOUT THE AUTHOR

...view details