കേരളം

kerala

ETV Bharat / international

പലിശ നിരക്കില്‍ വര്‍ധനവ് വരുത്തി ഫെഡറല്‍ റിസര്‍വ് ; അമേരിക്ക സാമ്പത്തിക മാന്ദ്യത്തിലേക്കെന്ന് ആശങ്ക - യുഎസ് ഫെഡറല്‍ റിസര്‍വ് പലിശ നിരക്ക് ഉയര്‍ത്തുന്നത് ഇന്ത്യയെ എങ്ങനെ ബാധിക്കും

ഇന്ത്യയില്‍ നിന്ന് വിദേശ നിക്ഷേപം ഒഴുകാന്‍ കാരണമാകും

us federal reserve interest rate hike  us economy  how us fed interest rate hike impact Indian economy  inflation in us economy  യുഎസ് ഫെഡറല്‍ റിസര്‍വ് പലിശ നിരക്ക് വര്‍ധിപ്പിച്ചു  യുഎസ് ഫെഡറല്‍ റിസര്‍വ് പലിശ നിരക്ക് ഉയര്‍ത്തുന്നത് ഇന്ത്യയെ എങ്ങനെ ബാധിക്കും  യുഎസിലെ പണപ്പെരുപ്പം
പലിശ നിരക്കില്‍ വലിയ വര്‍ധനവ് വരുത്തി ഫെഡറല്‍ റിസര്‍വ്; അമേരിക്ക സാമ്പത്തിക മാന്ദ്യത്തിലേക്കെന്ന് ആശങ്ക

By

Published : Jun 16, 2022, 1:32 PM IST

വാഷിങ്‌ടണ്‍ :യുഎസ് കേന്ദ്ര ബാങ്കായ ഫെഡറല്‍ റിസര്‍വ് പലിശ നിരക്ക് 75 ബേസിസ് പോയിന്‍റ്(0.75 ശതമാനം) ഉയര്‍ത്തി. യുഎസിലെ ഉയര്‍ന്ന പണപ്പെരുപ്പമാണ് പലിശ നിരക്ക് ഉയര്‍ത്തേണ്ട സാഹചര്യമുണ്ടാക്കിയത്. 1994ന്ശേഷം ഇതാദ്യമായാണ് ഫെഡറല്‍ റിസര്‍വ് പലിശ നിരക്കില്‍ 75 ബേസിസ് പോയിന്‍റിന്‍റെ വര്‍ധനവ് വരുത്തുന്നത്.

ജൂലായില്‍ വീണ്ടും 75 ബേസിസ് പോയിന്‍റിന്‍റെ വര്‍ധനവ് ഉണ്ടാകുമെന്നുള്ള സൂചന ഫെഡറല്‍ റിസര്‍വ് ചെയര്‍മാന്‍ ജെറോം പവല്‍ നല്‍കി. 75 ബേസിസ് പോയിന്‍റിന്‍റെ വര്‍ധനവ് വരുത്തേണ്ട അസാധാരണമായ സാഹചര്യമാണ് നിലനില്‍ക്കുന്നതെന്ന് അദ്ദേഹം വ്യക്തമാക്കി. ജൂലായില്‍ ഫെഡറല്‍ റിസര്‍വിന്‍റെ പലിശ നിരക്ക് നിശ്ചയിക്കുന്ന സമിതി യോഗം ചേരുമ്പോള്‍ 50 ബേസിസ് പോയിന്‍റ് വര്‍ധിപ്പിക്കണോ അതോ 75 ബേസിസ് പോയിന്‍റ് വര്‍ധിപ്പിക്കണോ എന്ന് മാത്രമായിരിക്കും ചര്‍ച്ചയെന്ന് ജെറോം പവല്‍ മാധ്യമങ്ങളോട് പറഞ്ഞു.

നാല്‍പ്പതിലധികം വര്‍ഷങ്ങള്‍ക്ക് ശേഷമുള്ള ഏറ്റവും ഉയര്‍ന്ന പണപ്പെരുപ്പമാണ് യുഎസില്‍ നിലനില്‍ക്കുന്നത്. ഈ ഉയര്‍ന്ന പണപ്പെരുപ്പം കുറയ്‌ക്കുക എന്നതില്‍ ഫെഡറല്‍ റിസര്‍വിന് ഉറച്ച തീരുമാനമാണ് ഉള്ളത്. പണപ്പെരുപ്പം കുറയ്‌ക്കാനുള്ള ഉപാധികള്‍ ഫെഡറല്‍ റിസര്‍വിനുണ്ടെന്നും ജെറോം പവല്‍ മാധ്യമങ്ങളോട് പറഞ്ഞു. കഴിഞ്ഞ മെയില്‍ യുഎസിലെ ഉപഭോക്തൃവില സൂചിക(consumer price index) 8.6 ശതമാനമായാണ് വര്‍ധിച്ചത്. 1981ന് ശേഷമുള്ള ഏറ്റവും ഉയര്‍ന്ന വര്‍ധനവായിരുന്നു ഇത്. പണപ്പെരുപ്പം രണ്ട് ശതമാനത്തില്‍ എത്തിക്കുകയാണ് തങ്ങള്‍ ലക്ഷ്യം വയ്ക്കുന്നതെന്ന് ഫെഡറല്‍ റിസര്‍വ് ചെയര്‍മാന്‍ പറഞ്ഞു.

സാമ്പത്തിക വളര്‍ച്ച കുറയും :ഫെഡറല്‍ റിസര്‍വ് പലിശ നിരക്ക് ഉയര്‍ത്തുമ്പോള്‍ അത് യുഎസ് സമ്പദ്‌വ്യവസ്ഥയുടെ വളര്‍ച്ചാനിരക്ക് കുറയുന്നതിലേക്ക് നയിക്കും. തൊഴിലില്ലായ്‌മ നിരക്കും വര്‍ധിക്കും. 2024ന്‍റെ അവസാനമാകുമ്പോള്‍ യുഎസിലെ തൊഴിലില്ലായ്‌മ നിരക്ക് 4.1 ശതമാനത്തില്‍ എത്തുമെന്നാണ് അധികൃതര്‍ കണക്കാക്കുന്നത്.

ഉത്പന്നങ്ങളുടെ വിതരണത്തില്‍ വന്ന കുറവാണ് വിലക്കയറ്റം ഉണ്ടാക്കുന്നത് എന്നതിനാല്‍ സമ്പദ്‌വ്യവസ്ഥയില്‍ മാന്ദ്യം ഉണ്ടാക്കാതെ വിലക്കയറ്റം പിടിച്ചുനിര്‍ത്തുക വളരെ വിഷമകരമായിരിക്കുകയാണെന്ന് ഫെഡറല്‍ റിസര്‍വ് ചെയര്‍മാന്‍ വ്യക്തമാക്കി. യുക്രൈനിലെ യുദ്ധവും കൊവിഡ് നിയന്ത്രണങ്ങള്‍ കാരണം ചൈനയിലെ പല ഫാക്ടറികളും അടച്ചതുമാണ് അസംസ്‌കൃത എണ്ണയടക്കമുള്ള കമ്മോഡിറ്റികളുടേയും മറ്റ് ഉത്പന്നങ്ങളുടെയും വിതരണത്തില്‍ കുറവ് വരാന്‍ കാരണം.

ഉത്പന്നങ്ങളുടെ കുറവിനനുസരിച്ച് ആവശ്യകത(demand), വലിയ രീതിയില്‍ പലിശ വര്‍ധിപ്പിച്ച് കുറയ്‌ക്കുകയാണെങ്കില്‍, അത് സാമ്പത്തിക മാന്ദ്യത്തിലേക്കായിരിക്കും നയിക്കുക. ആ സാഹചര്യത്തില്‍ കമ്പനികള്‍ അവരുടെ ഉത്പാദനം കുറയ്‌ക്കുകയും തല്‍ഫലമായി തൊഴിലില്ലായ്‌മ വര്‍ധിക്കുകയുമാണ് ചെയ്യുക. 2022 ന്‍റെ അവസാനത്തോടെ ഫെഡറല്‍ റിസര്‍വിന്‍റെ പലിശ നിരക്ക് 3.4 ശതമാനത്തില്‍ എത്തുമെന്നാണ് അധികൃതര്‍ പ്രതീക്ഷിക്കുന്നത്.

ഫെഡറല്‍ റിസര്‍വ് പലിശ ഉയര്‍ത്തുമ്പോള്‍ ഇന്ത്യ പോലുള്ള രാജ്യങ്ങളെ എങ്ങനെ ബാധിക്കും :കൊവിഡ് ഉണ്ടാക്കിയ സാമ്പത്തിക പ്രതിസന്ധി പരിഹരിക്കാന്‍ ഫെഡറല്‍ റിസര്‍വ് പലിശ വലിയ രീതിയില്‍ കുറച്ചിരുന്നു. ഇത് ഇന്ത്യയടക്കമുള്ള രാജ്യങ്ങളിലെ ഡോളര്‍ നിക്ഷേപം വര്‍ധിക്കാന്‍ കാരണമായിരുന്നു. വളരെ കുറഞ്ഞ പലിശ നിരക്കില്‍ ഡോളര്‍ വായ്‌പകള്‍ ലഭ്യമാകുകയും അത് പലിശ നിരക്ക് കൂടിയ ഇന്ത്യയടക്കമുള്ള രാജ്യങ്ങളില്‍ നിക്ഷേപിക്കുകയും ചെയ്യുന്നത് വിദേശ നിക്ഷേപകര്‍ക്ക് ലാഭകരമായിരുന്നു.

അതുകൊണ്ട് തന്നെ 2021ല്‍ ഇന്ത്യന്‍ ഓഹരി വിപണികളിലും കടപ്പത്രങ്ങളിലും വലിയ രീതിയിലുള്ള വിദേശ നിക്ഷേപമാണ് ഉണ്ടായത്. എന്നാല്‍ യുഎസ് ഫെഡറല്‍ റിസര്‍വ് പലിശ കൂട്ടുന്ന സാഹചര്യത്തില്‍ ഇന്ത്യയിലേയും യുഎസിലേയും പലിശ നിരക്കുകള്‍ തമ്മിലുള്ള വ്യത്യാസം കുറഞ്ഞുവരികയാണ്. അതുകൊണ്ട് തന്നെ ഇന്ത്യയിലെ നിക്ഷേപങ്ങളുടെ ആകര്‍ഷകത്വം വിദേശ നിക്ഷേപകരെ സംബന്ധിച്ച് കുറയും.

യുഎസില്‍ പലിശ നിരക്ക് ഉയരുന്ന സാഹചര്യത്തില്‍ ലോകത്തിലെ ഏറ്റവും സുരക്ഷിതമായ യുഎസ് ട്രഷറി ബോണ്ടുകളില്‍ കൂടുതലായി നിക്ഷേപിക്കുകയാണ് വിദേശ ധനകാര്യ സ്ഥാപനങ്ങള്‍ ചെയ്യുക. ഇത് ഇന്ത്യയില്‍ നിന്നടക്കമുള്ള വിദേശ നിക്ഷേപങ്ങളുടെ ഒഴുക്കിന് വഴിവയ്ക്കും. ആ സാഹര്യത്തില്‍ ഡോളറിനെതിരെ ഇന്ത്യന്‍ രൂപയുടെ മൂല്യ തകര്‍ച്ചയാണ് സംഭവിക്കുക.

കഴിഞ്ഞ ജനുവരിയില്‍ ഒരു ഡോളറിന് 74.25 രൂപ എന്നതായിരുന്നു ഇന്ത്യന്‍ രൂപയുടെ മൂല്യമെങ്കില്‍ അത് വീണ്ടും ഇടിഞ്ഞ് നിലവില്‍ ഒരു ഡോളറിന് 78.17 രൂപ എന്ന നിലയില്‍ എത്തിയിരിക്കുകയാണ്. രൂപയുടെ മൂല്യം കുറയുമ്പോള്‍ ഇറക്കുമതി ചെലവ് വര്‍ധിക്കും. ഇന്ത്യയ്‌ക്ക് ആവശ്യമുള്ള അസംസ്‌കൃത എണ്ണയുടെ 85 ശതമാനത്തോളം ഇന്ത്യ ഇറക്കുമതിയാണ് ചെയ്യുന്നത്. ഈ സാഹചര്യത്തില്‍ ഇന്ത്യയിലെ പെട്രോളിയം ഉത്പന്നങ്ങളുടെ വില വര്‍ധിക്കുന്ന സാഹചര്യമാണ് സൃഷ്‌ടിക്കുക. ലോകത്തെ ഏറ്റവും വലിയ സമ്പദ്‌വ്യവസ്ഥയായ യുഎസില്‍ മാന്ദ്യം ഉണ്ടാകുമ്പോള്‍ അത് ഇന്ത്യയടക്കമുള്ള സമ്പദ്‌വ്യവസ്ഥയിലെ കയറ്റുമതിയടക്കമുള്ള മേഖലകളെ ദോഷകരമായി ബാധിക്കും.

For All Latest Updates

ABOUT THE AUTHOR

...view details